പ്രതിഷേധം ഫലം കണ്ടില്ല; അതിർത്തിയിലെ കടകൾ പൊളിച്ചുനീക്കി
text_fieldsകുമളി: തമിഴ്നാട് അതിർത്തിയിൽ വർഷങ്ങളായി കച്ചവടം നടത്തുന്നവരുടെ കടുത്ത എതിർപ്പ് വകവെക്കാതെ റോഡ് പുറമ്പോക്കിലെ കടകൾ തമിഴ്നാട് അധികൃതർ പൊളിച്ചുനീക്കി.
ബുധനാഴ്ച രാവിലെ 11ഒാടെയാണ് തമിഴ്നാട് പൊതുമരാമത്ത് വിഭാഗം പൊലീസിനൊപ്പം കടകൾ പൊളിക്കാൻ എത്തിയത്. റോഡ് പുറമ്പോക്കിൽ 26 കടകളാണ് ഉണ്ടായിരുന്നത്. ഗൂഢല്ലൂർ സ്വദേശികളായവർ റോഡ് പുറമ്പോക്ക് കൈയേറി കടകൾ നിർമിച്ച് വാടകക്ക് നൽകിയിരിക്കുകയായിരുന്നു.
ഒാരോ ദിവസവും 300-500 രൂപ വരെയായിരുന്നു വാടക. കടകളിൽനിന്ന് മാസം 10 രൂപ ഗൂഡല്ലൂർ മുനിസിപ്പാലിറ്റിക്കും നൽകിയിരുന്നു. വൈദ്യുതി കണക്ഷനുകളില്ലാതിരുന്ന കടകൾക്ക് ജനറേറ്റർ ഉപയോഗിച്ചാണ് നടത്തിപ്പുകാരിലൊരാൾ വൈദ്യുതി നൽകിയിരുന്നത്. കൊട്ടാരക്കര-ദിണ്ടിക്കൽ ദേശീയപാതയുടെ ഭാഗമായ ഇവിടെ റോഡ് വീതി കൂട്ടി ടാർ ചെയ്യുന്നതിെൻറ ഭാഗമായാണ് ഒഴിപ്പിക്കൽ നടന്നത്.
കട നടത്തിപ്പുകാരോട് ഒഴിഞ്ഞുപോകാൻ അധികൃതർ നിരന്തരം ആവശ്യപ്പെടുകയും നോട്ടീസ് നൽകുകയും ചെയ്തിരുന്നെങ്കിലും ഇത് അംഗീകരിക്കാൻ കൈയേറ്റക്കാർ തയാറായില്ല. രാവിലെ അധികൃതർ എത്തിയതോടെ പ്രതിഷേധവുമായി ഗൂഡല്ലൂർ സ്വദേശികളും എത്തി. എക്സ്കവേറ്ററിന് മുന്നിൽ കിടന്നും പണികൾ തടസ്സപ്പെടുത്തിയും കടയ്ക്കുള്ളിൽ കയറിയിരുന്നും ഇവർ ഏറെ നേരം പൊളിക്കൽ തടസ്സപ്പെടുത്തി.
എന്നാൽ, എതിർപ്പ് വകവെയ്ക്കാതെ മണിക്കൂറുകൾക്കുള്ളിൽ മുഴുവൻ കടകളും അധികൃതർ പൊളിച്ചുനീക്കുകയായിരുന്നു. കേരളത്തിൽ ഹർത്താൽ നടക്കുന്ന സന്ദർഭങ്ങളിൽ കുമളിയിലെ വിനോദസഞ്ചാരികൾ, നാട്ടുകാർ, ഹർത്താൽ അനുകൂലികൾ, പൊലീസുകാർ എന്നിവർക്കെല്ലാം ലഘുഭക്ഷണത്തിനും മറ്റു സാധനങ്ങൾ വാങ്ങാനും ആശ്രയമായിരുന്നു അതിർത്തിക്കപ്പുറത്തെ കടകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.