പൂച്ച ചത്തുകിടന്ന വെള്ളത്തിൽ ഭക്ഷണം തയാറാക്കി; വണ്ടിപ്പെരിയാറിൽ അഞ്ച് കടകൾ അടച്ചിടാൻ നിർദേശം
text_fieldsകുമളി: കിണറ്റിൽ പൂച്ച ചത്തുകിടന്നതറിയാതെ വെള്ളം ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്തെന്ന് കരുതുന്ന വണ്ടിപ്പെരിയാർ ടൗണിലെ അഞ്ച് വ്യാപാര സ്ഥാപനങ്ങൾ അടച്ചിടാൻ പഞ്ചായത്ത്, ആരോഗ്യ വകുപ്പ് അധികൃതർ നിർദ്ദേശം നൽകി.
വണ്ടിപ്പെരിയാർ ടൗണിലെ പഞ്ചായത്ത് വക കിണറ്റിൽ നിന്ന് ജലം എടുത്തവർക്കാണ് അധികൃതരുടെ നിർദേശം. കിണറിനുസമീപം പ്രവർത്തിക്കുന്ന ചെറുകിട ചായക്കടകൾ ഉൾപ്പടെയാണ് അടച്ചിടാൻ നിർദേശം.
ബുധനാഴ്ച രാവിലെ ടൗണിലെ ചുമട്ടുതൊഴിലാളികളാണ് കിണറ്റിൽ പൂച്ച ചത്തുകിടക്കുന്നത് കണ്ടെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പഞ്ചായത്ത്, ആരോഗ്യ വകുപ്പ് അധികൃതർ കിണർ വൃത്തിയാക്കാൻ നടപടി സ്വീകരിച്ചതിനൊപ്പമാണ് മുൻകരുതൽ നടപടിയുടെ ഭാഗമായി കടകൾ അടപ്പിച്ചത്. ഈ വ്യാപാര സ്ഥാപനങ്ങളിൽ നിന്ന് കഴിഞ്ഞ ദിവസങ്ങളിൽ ഭക്ഷണം കഴിച്ച മുഴുവൻ പേരും വണ്ടിപ്പെരിയാർ സർക്കാർ ആശുപത്രിയിലെത്തി പരിശോധനകൾ നടത്തണമെന്നും എലിപ്പനിക്കെതിരായ മരുന്നുകൾ കഴിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
അടച്ചിട്ട കടകൾ ഇരട്ട ക്ലോറിനേഷൻ നടപടികൾ പൂർത്തിയാക്കി ആരോഗ്യ വകുപ്പ് അധികൃതരുടെ നിബന്ധനകൾ പാലിച്ചുമാത്രമേ തുറന്നുപ്രവർത്തിക്കാൻ അനുവദിക്കൂവെന്ന് പരിശോധനകൾക്ക് നേതൃത്വം നൽകിയ പഞ്ചായത്ത് സെക്രട്ടറി അശോക് കുമാർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായ അനിൽകുമാർ, ജാസ്മിൻ, റൊണാൾഡോ എന്നിവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.