പഞ്ചായത്ത് ആറ് മരം വെട്ടി; 100 എണ്ണം വെക്കണമെന്ന് കോടതി
text_fieldsകുമളി: വൈദ്യുതി ലൈന് തടസ്സമാകുന്നെന്ന പേരിൽ മരങ്ങൾ ചുവടെ വെട്ടി നീക്കിയ പഞ്ചായത്ത് അധികൃതർക്ക് കിട്ടിയത് എട്ടിെൻറ പണി. വെട്ടിയ ആറു മരത്തിന് പകരം 30 ദിവസത്തിനകം 100 മരം നട്ടുവളർത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് ലോക് അദാലത്ത് ഉത്തരവിട്ടു.
തേനി ജില്ലയിലെ ശ്രീരംഗാപുരം പഞ്ചായത്ത് അധികൃതർക്കാണ് കോടതി വിധി തിരിച്ചടിയായത്. ചെന്നൈയിൽ ഐ.ടി എൻജിനീയറായ സതീഷ് കുമാറാണ് (29) പഞ്ചായത്തിെൻറ നടപടിക്കെതിരെ ലോക് അദാലത്തിനെ സമീപിച്ചത്.
സാമൂഹ്യ സേവനത്തിെൻറ ഭാഗമായി സതീഷും സുഹൃത്തുക്കളും സ്വന്തം നാടായ ശ്രീരംഗപുരത്ത് നട്ടുവളർത്തിയ വേമ്പ്, വാക, ഞാവൽമരങ്ങളാണ് കഴിഞ്ഞ ജൂലൈയിൽ മുറിച്ചുനീക്കിയത്. പഞ്ചായത്തിെൻറ ഉടമസ്ഥതയിലുള്ള സ്ഥലത്ത് വളർന്ന മരങ്ങളുടെ ശിഖരങ്ങൾ വൈദ്യുതി ലൈനിൽ മുട്ടുന്നതായും മുറിച്ചുനീക്കണമെന്നുമായിരുന്നു വൈദ്യുതി അധികൃതരുടെ ആവശ്യം. മരങ്ങളുടെ ശിഖരങ്ങൾ മുറിച്ചുമാറ്റി പ്രശ്നം പരിഹരിക്കുന്നതിനു പകരം വൈദ്യുതി ലൈനിന് സമീപമുള്ള ആറ് മരങ്ങളും പഞ്ചായത്ത് അധികൃതർ വെട്ടിനീക്കി.
ഇതിനെതിരെ പഞ്ചായത്തിലും തേനി എസ്.പിക്കും പരാതി നൽകിയെങ്കിലും ഫലമില്ലാതായതോടെയാണ് സതീഷ് കുമാർ ലോക് അദാലത്തിനെ സമീപിച്ചത്. പഞ്ചായത്ത്, പൊലീസ്, വൈദ്യുതി, റവന്യൂ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി വിശദീകരണം തേടിയ കോടതി മുറിച്ച മരങ്ങൾക്ക് പകരം 100 മരങ്ങൾ നട്ടുവളർത്തി പരിപാലിക്കാൻ ഉത്തരവിട്ടതിനൊപ്പം കൃത്യമായി കാരണങ്ങളില്ലാതെ മരംമുറിക്കരുതെന്ന് കർശന നിർദേശവും നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.