ദുരിതത്തിലായി നാട്ടുകാരും തീർഥാടകരും കുമളി ടൗണിൽ പരിഹാരമില്ലാതെ വെള്ളക്കെട്ട്
text_fieldsകുമളി സെൻട്രൽ ജങ്ഷനിലെ വെള്ളക്കെട്ട്
കുമളി: മഴ പെയ്താലുടൻ ടൗണിലും പരിസരങ്ങളിലും തുടർച്ചയായി ഉണ്ടാകുന്ന വെള്ളക്കെട്ട് ജനജീവിതം ദുരിതപൂർണമാക്കിയിട്ടും അധികൃതർക്ക് അനക്കമില്ല. കൊട്ടാരക്കര-ദിണ്ടുക്കൽ ദേശീയ പാതയുടെ ഭാഗമായ കുമളി ടൗണിൽ സെൻട്രൽ ജങ്ഷനിലാണ് വെള്ളക്കെട്ട് തുടരുന്നത്.
ഈ ഭാഗത്തെ കലുങ്കുകൾ കൈയേറി വ്യാപാര സ്ഥാപനങ്ങൾ വന്നതും കലുങ്കുകളുടെ അടിഭാഗം വൃത്തിയാക്കാതിരുന്നതുമാണ് ദേശീയപാതയിൽ പതിവായി വെള്ളക്കെട്ടിന് കാരണമാക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി പെയ്യുന്ന മഴയിൽ കുമളി ടൗണിനു പുറമെ തേക്കടി ബൈപാസ് റോഡ്, കുമളി-കട്ടപ്പന റോഡ് എന്നിവിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു.
ശബരിമല തീർഥാടനകാലത്തോടനുബന്ധിച്ച് വാഹനങ്ങളുടെ വലിയ തിരക്കാണ് കുമളി ടൗണിലും പരിസരങ്ങളിലും. തമിഴ്നാടിനു പുറമെ കർണാടക, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽനിന്നുള്ള നൂറുകണക്കിന് തീർഥാടകരും കുമളി വഴിയാണ് പോകുന്നത്.
ദേശീയപാത, പഞ്ചായത്ത് അധികൃതരുടെ അനാസ്ഥയാണ് വെള്ളക്കെട്ട് തുടരാൻ ഇടയാക്കുന്നത്. റോഡിനോട് ചേർന്നുള്ള ഓടകൾ തുറന്ന് വൃത്തിയാക്കാൻ പഞ്ചായത്ത് അധികൃതരും ടൗണിലെ കലുങ്കുകൾ പൊളിച്ച് ഉയർത്തി പണിയാൻ ദേശീയപാത അധികൃതരും നടപടി സ്വീകരിച്ചിട്ടില്ല. ശബരിമല തീർഥാടന കാലത്തിനു മുമ്പ് ടൗണിലെ വ്യാപാര സ്ഥാപനങ്ങൾക്കു പിന്നിലൂടെ ഒഴുകുന്ന റോസാപ്പൂക്കണ്ടം-ആനവാച്ചാൽ തോട് വൃത്തിയാക്കുന്ന പതിവ് ഉണ്ടായിരുന്നെങ്കിലും വർഷങ്ങളായി ഇതും മുടങ്ങി.
തേക്കടി ബൈപാസ് റോഡിലെ തിയറ്റർ ജങ്ഷനിലെ കലുങ്കാണ് ഇവിടെ വെള്ളക്കെട്ടിന് കാരണമാകുന്നത്.
തേക്കടി ബൈപാസ് റോഡിലെ വെള്ളക്കെട്ട്
കലുങ്ക് ഉയർത്തി പണിയാതെ ഇതിനു മുകളിൽ മണ്ണിട്ട് ഉയർത്തിയാണ് ഈ ഭാഗത്ത് റോഡ് നിർമിച്ചത്. ഇത്തരം അശാസ്ത്രീയമായ നിർമാണം വഴി ത്രിതല പഞ്ചായത്ത് ഫണ്ടുകൾ ചെലവഴിച്ചതല്ലാതെ പ്രയോജനമൊന്നുമില്ലന്ന് നാട്ടുകാർ പറയുന്നു. ടൗണിൽ സംസ്ഥാന അതിർത്തിയിലെ ചെക്ക് പോസ്റ്റിന് സമീപം അതിർത്തിയിൽനിന്നും മഴവെള്ളത്തിനൊപ്പം മാലിന്യവും ഒഴുകിവന്ന് കെട്ടിക്കിടക്കുന്നതിൽ കൂടി വേണം വാഹനങ്ങൾക്ക് പോകാൻ. ഈ ഭാഗത്തെയും ഓടയും കലുങ്കും അടഞ്ഞതാണ് പ്രശ്നത്തിന് കാരണം.
ടൗണിൽ തുടരുന്ന വെള്ളക്കെട്ട് കലുങ്ക് തുറന്ന് ജലം ഒഴുകിപ്പോൻ സൗകര്യം ഒരുക്കിയാൽ പരിഹാരമാകുമെങ്കിലും പഞ്ചായത്ത് ഇക്കാര്യത്തിൽ ശ്രദ്ധിക്കുന്നില്ലെന്ന പരാതിയിലാണ് നാട്ടുകാർ. കാൽനടപോലും ദുരിതത്തിലാക്കുന്ന പ്രദേശത്തെ വെള്ളക്കെട്ട് നാട്ടുകാർക്കൊപ്പം കുമളി, തേക്കടി മേഖലകളിലെത്തുന്ന വിദേശ, സ്വദേശ വിനോദസഞ്ചാരികൾ, മറ്റു യാത്രക്കാർ എന്നിവർക്കും പ്രയാസം സൃഷ്ടിക്കുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.