കോടികളുടെ റോഡ് പണി; ഉന്നത ഉദ്യോഗസ്ഥരുടെ മേൽനോട്ടമില്ലാതെ ടാറിങ്
text_fieldsകുമളി: കോടികൾ ചെലവഴിച്ച് നിർമിക്കുന്ന റോഡിന്‍റെ ടാറിങ് ജോലികൾക്ക് മേൽനോട്ടം വഹിച്ചത് ജൂനിയർ ഉദ്യോഗസ്ഥർ. കുമളി - അട്ടപ്പള്ളം റോഡ് നിർമാണത്തിലാണ് പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥ തുടരുന്നത്. 4.5 കോടി രൂപ ചെലവിൽ മൂന്ന് കിലോമീറ്റർ റോഡ് നിർമാണത്തിന്‍റെ പല ഘട്ടത്തിലും തുടർന്നുവന്ന ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ടാറിങ് ജോലിയിലും തുടർന്നത്.
പ്രദേശത്തേക്ക് വാഹന ഗതാഗതം പൂർണമായും നിരോധിച്ചാണ് രണ്ട് ദിവസമായി ടാറിങ് ജോലികൾ കരാറുകാരൻ നടത്തിയത്. പൊതുമരാമത്ത് ഉദ്യോഗസ്ഥരാണെന്ന് തോന്നുന്ന രീതിയിൽ കരാറുകാരുടെ ജീവനക്കാരിൽ ചിലർ റോഡിന്‍റെ നിയന്ത്രണം പൂർണമായി ഏറ്റെടുക്കുകയായിരുന്നു. ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ റോഡിൽ പ്രവേശിക്കാൻ അനുവദിക്കാതിരുന്നതോടെ രണ്ടു ദിവസമായി നാട്ടുകാർ ബന്ദികളെ പോലെയായി.
ഒരു വർഷത്തിലധികമായി പലപ്പോഴും നിർത്തിവെച്ചശേഷം പുനരാരംഭിച്ച റോഡിന്‍റെ ടാറിങ് ജോലികളാണ് ഉയർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ പൂർത്തീകരിച്ചത്. നിർമാണത്തിന്‍റെ പല ഘട്ടത്തിലും ജൂനിയർ ഉദ്യോഗസ്ഥരായ ഓവർസിയർമാർ മാത്രമാണ് റോഡ് പണി നിരീക്ഷിച്ചത്.
റോഡ് നിർമാണ വിവരങ്ങൾ വ്യക്തമാക്കുന്ന ബോർഡ് സ്ഥാപിക്കാതെയും ടാറിങ് ഘട്ടത്തിൽ പോലും ഉയർന്ന ഉദ്യോഗസ്ഥർ മാറി നിൽക്കുകയും ചെയ്തതോടെ നിർമാണ ജോലികൾ സംബന്ധിച്ച നാട്ടുകാരുടെ സംശയം ബലപ്പെടുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.