ശബരിമല ഇടത്താവളം; ഇന്ന് പൊലീസ്-പഞ്ചായത്ത് യോഗം, 26ന് മുമ്പ് നടപടി -പ്രസിഡന്റ്
text_fieldsകുമളി: ആയിരകണക്കിന് ശബരിമല തീർഥാടകർ വന്നു പോകുന്ന കുമളി ഇടത്താവളത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഉടൻ നടപടി സ്വീകരിക്കുമെന്ന് കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി ബിജു ‘മാധ്യമ’ത്തോടു പറഞ്ഞു. തീർഥാടകരുടെ ഇടത്താവളമായ കുമളിയിലെ ദുരിതങ്ങൾ സംബന്ധിച്ച മാധ്യമം വാർത്തയോടു പ്രതികരിക്കുകയായിരുന്നു അവർ. തീർഥാടകർക്കായി തേക്കടി കല്ലറയ്ക്കൽ ഗ്രൗണ്ടിലും പഞ്ചായത്ത് ഓഫിസിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തും വാഹന പാർക്കിങ് സൗകര്യം ഒരുക്കും. ടൗണിലും പരിസരങ്ങളിലുമുള്ള മുഴുവൻ പെട്ടിക്കടകൾ, നടപ്പാത കൈയേറ്റങ്ങൾ എന്നിവ ഈ മാസം 26ന് മുമ്പ് നീക്കം ചെയ്യാൻ തീരുമാനിച്ചതായി പ്രസിഡന്റ് വ്യക്തമാക്കി.
തീർഥാടകർക്ക് സൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി ചൊവ്വാഴ്ച ഗ്രാമപഞ്ചായത്ത് അധികൃതരും പൊലീസും യോഗം ചേരും. വാഹനങ്ങൾക്കും നാട്ടുകാർക്കും പ്രയാസം സൃഷ്ടിക്കുന്ന കുമളി അമ്പല കവലയിലെ ബസ് സ്റ്റോപ്പ് മാറ്റാൻ നടപടി സ്വീകരിക്കും. വൺവേ, പാർക്കിങ് എന്നിവ ഉൾപ്പെടെ ശബരിമല ദിശാബോർഡുകൾ വൈകാതെ സ്ഥാപിക്കും. ടൗണിലെ ശൗചാലയത്തിന്റെ പ്രശ്നങ്ങൾ പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും തമിഴ്നാട് ബസ് കുമളി ബസ് സ്റ്റാൻഡിൽ കയറ്റി ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നത് ഇല്ലാതാക്കാൻ നടപടി സ്വീകരിക്കുമെന്നും പ്രസിഡന്റ് വ്യക്തമാക്കി. ബസ്സ്റ്റാൻഡിൽ കയറുന്ന വഴിയിൽ ദേശീയ പാതയിൽ ഉണ്ടായ വെള്ളക്കെട്ടും കുഴിയും അറ്റകുറ്റപ്പണി നടത്താൻ ദേശീയപാത അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും ഇവർ നടപടി സ്വീകരിക്കാത്തതാണ് വെള്ളക്കെട്ട് തുടരുന്നതിന് കാരണം. ശബരിമല തീർഥാടകർക്കായി കുമളി ബസ്സ്റ്റാൻഡിൽ 24 മണിക്കൂറും ആരോഗ്യ പ്രവർത്തകരുടെ സേവനവും അടിയന്തിര ചികിത്സാ സഹായവും ഒരുക്കുമെന്നും വിശ്രമിക്കാനായി വിരിപ്പന്തൽ സൗകര്യം ഒരുക്കുമെന്നും ഗ്രാമ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എ. കബീർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.