ഭീതി പരത്തിയ പുലിയെ പിടികൂടാൻ കൂട് സ്ഥാപിച്ചു
text_fieldsകുമളി: ജനവാസ മേഖലയിലും കൃഷിയിടത്തിലും ഭീതി പരത്തിയ പുലിയെ പിടികൂടാൻ വനം വകുപ്പ് വിവിധയിടങ്ങളിൽ കൂട് സ്ഥാപിച്ചു. ചെങ്കര, മൂങ്കലാർ, ഡൈമുക്ക് എന്നിവിടങ്ങളിലെ തേയിലത്തോട്ടങ്ങളിലും കൃഷിയിടങ്ങളിലുമാണ് കൂട് വെച്ചത്. വണ്ടിപ്പെരിയാർ, ചെങ്കര, മൂങ്കലാർ, ഡൈമുക്ക് എന്നീ ജനവാസ മേഖലകളിൽ പുലിയിറങ്ങി മനുഷ്യർക്കും വളർത്തു മൃഗങ്ങൾക്കും ഭിഷണി സൃഷ്ടിച്ച സാഹചര്യത്തിലാണ് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ നിർദേശം.
മൂന്നു കൂടുകളാണ് സ്ഥാപിച്ചിരിക്കുന്നത്. കൂടാതെ മറ്റു സ്ഥലങ്ങളിൽ കാമറ സ്ഥാപിച്ച് നിരീക്ഷിച്ചശേഷം കൂടുകൾ മാറ്റി സ്ഥാപിച്ച് പുലിയെ പിടികൂടാനാണ് തീരുമാനം. കഴിഞ്ഞവർഷം ഇതേ സ്ഥലത്തുനിന്ന് പുലിയെ പിടികൂടി പെരിയാർ വനമേഖലയിൽ തുറന്നു വിട്ടിരുന്നു.
പെരിയാർ കടുവ സങ്കേതം വെറ്ററിനറി വിഭാഗം, ഡോ: ആർ.അനുരാജ്, കുമളി റേഞ്ച് ഫോറസ്റ്റ് ഓഫിസർ എ. അനിൽകുമാർ, ചെല്ലാർ കോവിൽ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ പി. കെ. വിനോദ്, ഗ്രേഡ് ഫോറസ്റ്റ് ഓഫിസർമാരായ, വി. എസ്. മനോജ്, ജെ. വിജയകുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫിസർ എ. അനിലാൽ, വാച്ചർമാരായ അലിയാർ, കാർത്തിക്, പ്രവീൺ എന്നിവർ അടങ്ങുന്ന സംഘമാണ് കൂടുകൾ സ്ഥാപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.