നാട്ടുകാർക്ക് മുടങ്ങാതെ ‘പണി’കൊടുത്ത് വൈദ്യുതി വകുപ്പ്
text_fieldsകുമളി: ശബരിമല, വിനോദ സഞ്ചാര സീസണിലും വൈദ്യുതി മുടക്കി നാട്ടുകാർക്ക് മുടങ്ങാതെ പണി കൊടുത്ത് വൈദ്യുതി വകുപ്പ്. കുമളി അട്ടപ്പള്ളത്ത് സബ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചെങ്കിലും വൈദ്യുതി മുടക്കത്തിനും വോൾട്ടേജ് ക്ഷാമത്തിനും കുറവില്ലെന്ന് നാട്ടുകാർ പറയുന്നു.
തേക്കടി ഉൾപ്പെടുന്ന വിനോദ സഞ്ചാര മേഖലയിലും ശബരിമല തീർഥാടകർ എത്തുന്ന കുമളി ടൗണിലും വൈദ്യുതി മുടക്കം പതിവായിട്ടുണ്ട്.
വൈദ്യുതി ലൈനുകളിലേക്ക് മുട്ടുന്ന മരച്ചില്ലകൾ മുറിക്കുക, ലൈനിൽ അറ്റകുറ്റപ്പണി എന്നിങ്ങനെ വിവിധ കാരണങ്ങൾ പറഞ്ഞാണ് വേനലിലും മഴയത്തും പതിവായി വൈദ്യുതി മുടക്കുന്നത്. അധികൃതർ പറയുന്ന കൃത്യസമയത്ത് രാവിലെ മുടങ്ങുന്ന വൈദ്യുതി പിന്നീട് തിരികെ എത്തുന്നത് അധികൃതർ അറിയിച്ചതിലും ഏറെ വൈകി മാത്രം.
ഹോട്ടലുകൾ, റിസോർട്ടുകൾ, വ്യാപാര സ്ഥാപനങ്ങൾ, ആശുപത്രികൾ എന്നിങ്ങനെ വൈദ്യുതി മുടക്കത്തിൽ വലയുന്ന സ്ഥാപനങ്ങൾ ഏറെയാണ്. വൈദ്യുതി മുടക്കം കാർഷിക മേഖലയെയും ബാധിക്കുന്നു. പതിവായുള്ള വൈദ്യുതി മുടക്കം കാരണം ഫോട്ടോസ്റ്റാറ്റ് കടകൾ പോലുള്ള ചെറുകിട സ്ഥാപനങ്ങൾ മിക്കതും അടച്ചിടേണ്ട സ്ഥിതിയിലായി.
ഹോട്ടലുകളിലും മത്സ്യ മാംസ വ്യാപാര സ്ഥാപനങ്ങളിലും ഫ്രീസർ യൂണിറ്റുകൾ പ്രവർത്തിക്കാനാകാത്തത് സാധനങ്ങൾ നശിക്കാനിടയാക്കുന്നത് വലിയ നഷ്ടത്തിന് വഴിയൊരുക്കുന്നതായി ഈ രംഗത്തുള്ളവർ പറയുന്നു.
നാട്ടുകാർക്ക് മാത്രമല്ല പെരിയാർ കടുവ സങ്കേതത്തിലെ ജീവികൾക്കും വനംവകുപ്പിന്റെ അനാസ്ഥ അപകടത്തിന് വഴിയൊരുക്കുന്നുണ്ട്. വൈദ്യുതി ലൈനുകൾ പൊട്ടിവീണ് ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാൻ തേക്കടി വനമേഖലയിൽ ലക്ഷങ്ങൾ ചെലവഴിച്ച് വൈദ്യുതി പോസ്റ്റുകൾക്ക് മുകളിലൂടെ സ്ഥാപിച്ച കേബിൾ പൊട്ടി താഴെ വീണെങ്കിലും പൂർവസ്ഥിതിയിലാക്കാൻ അധികൃതർക്കായിട്ടില്ല. ആനകൾ ഉൾപ്പെടെ ജീവികൾ ഇരു ഭാഗത്തേക്കും കടന്നു പോകുന്ന വഴിയിൽ മാർഗതടസ്സം സൃഷ്ടിച്ചാണ്വൈദ്യുതി കേബിളുകൾ വലിച്ചുകെട്ടിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.