ഹെലിപാഡ് നിർമിക്കാൻ പണം ആവശ്യപ്പെട്ട് ഭാര്യയെ മർദിച്ച 'വനം വേധാവി' പിടിയിൽ
text_fieldsകുമളി: ഹെലിപ്പാഡ് നിർമിക്കാൻ പണം ആവശ്യപ്പെട്ട് ഭാര്യയെ നിരന്തരം മർദിച്ച വ്യാജ വനം മേധാവി ഒടുവിൽ പൊലീസ് പിടിയിലായി. തേനി ജില്ലയിലെ ഗുഡല്ലൂർ, എം.ജി.ആർ തെരുവിൽ എംഗൽസ് (32) ആണ് അറസ്റ്റിലായത്. ദിണ്ടുക്കൽ മുതൽ ശബരിമല വരെയുള്ള വനമേഖലയുടെ മേധാവിയെന്ന പേരിൽ ഭാര്യ വീട്ടുകാരെ കബളിപ്പിച്ച് 2018 ലാണ് അനുമന്ധംപെട്ടി സ്വദേശി കർണ്ണന്‍റെ മകൾ ഹർസിലായെ വിവാഹം കഴിച്ചത്.
ഭാര്യ വീട്ടുകാരെ വിശ്വസിപ്പിക്കാൻ വനം വകുപ്പ് വാഹനത്തിനു മുന്നിൽ നിൽക്കുന്നതും വനപാലകർ സല്യൂട്ട് ചെയ്യുന്നതുമായ ചില ഫോട്ടോകൾ വ്യാജമായി തയാറാക്കി നൽകുകയും ചെയ്തു. 'വനം മേധാവിക്ക്' 10 ലക്ഷം രൂപയും 65 പവൻ സ്വർണ്ണവും നൽകിയായിരുന്നു വിവാഹം. ഇവർക്ക് ഒരു വയസ്സുള്ള പെൺകുഞ്ഞും ഉണ്ട്. അടുത്തിടെ, ഹെലികോപ്ടർ ഇറങ്ങാൻ ഹെലിപ്പാഡ് നിർമിക്കണമെന്നും ഇതിനായി ഭാര്യവീട്ടുകാരിൽ നിന്നും പണം ആവശ്യപ്പെട്ടുമാണ് ഹർസിലയെ നിരന്തരം മർദിച്ചത്.
ഹെലിപാഡ് കാര്യത്തിൽ സംശയം തോന്നിയ ഹർസിലയുടെ പിതാവ് കർണ്ണൻ തേനി വനംവകുപ്പ് ഉദ്യോഗസ്ഥരെ സമീപിച്ചതോടെയാണ് കള്ളി വെളിച്ചത്തായത്. എംഗൽസ് സ്വകാര്യ സ്ഥാപനം നടത്തുന്ന ആൾമാത്രമാണെന്നും വനംവകുപ്പുമായി യാതൊരു ബന്ധവുമില്ലെന്നും വ്യക്തമായതോടെ ഭാര്യ വീട്ടുകാർക്കൊപ്പം നാട്ടുകാരും ഞെട്ടി. ഇതോടെ, സ്ത്രീധന പീഡനത്തിന് പരാതിയുമായി ഭാര്യ ഹർസില ഉത്തമപാളയം വനിത പൊലീസ് സെല്ലിൽ പരാതി നൽകുകയായിരുന്നു. തുടർന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.