ലെവൻ പുലിയാണ് കെട്ടാ; പിടികൂടാനൊരുങ്ങി വനം വകുപ്പ്
text_fieldsകുമളി: വണ്ടിപ്പെരിയാർ മൂങ്കലാറിൽ നാട്ടുകാരുടെ ഉറക്കം കെടുത്തിയത് കടുവയല്ല പുലിയാണെന്ന് വനം വകുപ്പ് കണ്ടെത്തി.
വനം വകുപ്പ് സ്ഥാപിച്ച നിരീക്ഷണ കാമറയിലാണ് പുലിയുടെ രൂപം പതിഞ്ഞത്. ഇതോടെ, പുലിയെ പിടികൂടാനുള്ള തയാറെടുപ്പിലാണ് വനം വകുപ്പ്. ദിവസങ്ങൾക്കു മുമ്പാണ് മൂങ്കലാർ പുതുവലിൽ വളർത്തുനായ്ക്കൾ ആക്രമിക്കപ്പെട്ടത്. പിന്നാലെ വണ്ടിപ്പെരിയാർ അരണക്കല്ലിൽ പശുവിനെയും ആക്രമിച്ചു.
ഇതിനിടെ, ദേശീയ പാതയിൽ വണ്ടിപ്പെരിയാറിനും കുമളിക്കുമിടയിൽ കടുവയെ കണ്ടതായും പ്രചാരണമുണ്ടായി. പ്രദേശമാകെ വനപാലകർ തിരഞ്ഞെങ്കിലും ഒന്നിനെയും നേരിട്ട് കാണാനായില്ല. ഇതോടെയാണ് വളർത്തുമൃഗങ്ങളെ കൊന്നൊടുക്കുന്നത് കണ്ടെത്താൻ കാമറ സ്ഥാപിച്ചത്. ഒടുവിൽ കാമറയിലെ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രതി കടുവയല്ല പുലിയാണെന്ന് അധികൃതർക്ക് വ്യക്തമായത്.
കഴിഞ്ഞ വർഷം സെപ്റ്റംബർ 19ന് വാളാർഡി മേപ്പരട്ടിൽനിന്ന് വനപാലകർ പുലിയെ പിടികൂടി പെരിയാർ കടുവ സങ്കേതത്തിൽ തുറന്നു വിട്ടിരുന്നു. കൃത്യം ഒരു വർഷം തികയാറായ ഘട്ടത്തിലാണ് പ്രദേശത്ത് വീണ്ടും പുലിയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുള്ളത്. പുലിയെ പിടികൂടാൻ ആവശ്യമായ ക്രമീകരണം ഉടൻ ഒരുക്കുമെന്ന് കുമളി റേഞ്ച് ഓഫിസർ അനിൽ കുമാർ ‘മാധ്യമ’ത്തോടു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.