'പച്ചമണ്ണിനെ കൊന്നില്ലേ', പ്രതിക്ക് നേരെ പാഞ്ഞടുത്ത് നാട്ടുകാർ; പീഡനത്തിനിരയാക്കിയത് മൂന്ന് വർഷം
text_fieldsകുമളി: പച്ചമണ്ണിനെ (പിഞ്ചുകുഞ്ഞിനെ) കൊന്നു അവൻ... അവനെ കൊല്ലണം... എങ്ങനെ മനസ്സു വന്നു. ആ പാവത്തിനെ കൊല്ലാൻ... ക്ഷോഭത്താൽ അലറിവിളിച്ച് പാഞ്ഞടുത്ത സ്ത്രീകൾ ഉൾെപ്പടെ തോട്ടം തൊഴിലാളികളെ തടഞ്ഞുനിർത്താൻ പൊലീസ് പ്രയാസപ്പെട്ടു. പിഞ്ചു ബാലികയെ ക്രൂരപീഡനത്തിനിരയാക്കിയശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയ പ്രതി അർജുനെ തെളിവെടുപ്പിന് തിങ്കളാഴ്ച ചുരക്കുളം എസ്റ്റേറ്റ് ലയത്തിലെത്തിച്ചപ്പോഴാണ് നാട്ടുകാരുടെ രോഷം അണപൊട്ടിയത്.
കൊലപാതകം നടത്തിയ ലയത്തിലെ മുറിയിലെത്തിച്ച് തെളിവെടുപ്പ് നടക്കുന്നതിനിടെ സ്ത്രീകൾ ഉൾെപ്പടെ കമ്പും കത്തിയുമായി ആക്രോശത്തോടെ സ്ഥലത്തെത്തി. തിരികെ കൊണ്ടുപോകുന്നതിനിടെ യുവാക്കളും സ്ത്രീകളും തേയിലത്തോട്ടത്തിനിടയിൽക്കൂടി ഓടി പ്രതിക്കരികിലേക്ക് എത്താൻ പലതവണ ശ്രമിച്ചു. എന്നാൽ, പീരുമേട് ഡിവൈ.എസ്.പി സനൽകുമാർ, വണ്ടിപ്പെരിയാർ ഇൻസ്പെക്ടർ ടി.ഡി. സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ നൂറിലധികം സേനാംഗങ്ങളാണ് പ്രതിക്ക് സംരക്ഷണം ഒരുക്കിയത്.
അധികം സംസാരിക്കാത്ത ആളായിരുന്നു അർജുൻ. മൊബൈൽ ഫോണിൽ മുഴുസമയവും െചലവഴിച്ചിരുന്ന ഇയാൾ അശ്ലീല വിഡിയോകൾ പതിവായി കണ്ടിരുന്നതായി പൊലീസ് പറഞ്ഞു. കൊറിയർ സർവിസിലെ ജീവനക്കാരനായിരുന്നു. മൊബൈൽ ഫോൺ പൊലീസ് സൈബർ പരിശോധനകൾക്ക് കൈമാറി.
കേസന്വേഷണ ഭാഗമായി ഇടുക്കിയിൽനിന്നുള്ള വിരലടയാള വിദഗ്ധർ, ഡിവൈ.എസ്.പിയുടെ സ്പെഷൽ സ്ക്വാഡ് എന്നിവരുടെ സേവനവും നിർണായകമായി. അതിവിദഗ്ധമായി നടന്ന കൊലപാതകം ദിവസങ്ങൾക്കുള്ളിൽ തെളിയിച്ചത് വണ്ടിപ്പെരിയാർ പൊലീസിന് നേട്ടമായി.
മൂന്നുവർഷം കുട്ടിയെ പീഡനത്തിനിരയാക്കി
വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റിൽ ആറുവയസ്സുകാരി കൊല്ലപ്പെട്ടത് നിരന്തര പീഡനങ്ങൾക്കൊടുവിലെന്ന് പ്രതിയുടെ മൊഴി. ചുരക്കുളം എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന അർജുനാണ് (22) കുട്ടിയെ കൊലപ്പെടുത്തിയത്. സംഭവ ദിവസം പീഡനത്തിനിരയാക്കുന്നതിനിടെ കുട്ടി അവശനിലയിലാവുകയും ബോധം കെടുകയും ചെയ്തു.
കുട്ടി ഉണർന്നാൽ നടന്ന സംഭവങ്ങൾ പുറത്താകുമെന്ന് ഭയന്ന പ്രതി മുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ഷാൾ ഉപയോഗിച്ച് കുട്ടിയെ കയറിൽ കുരുക്കി ഇട്ടശേഷം രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. കഴിഞ്ഞ മാസം 30 നാണ് നാടിനെ നടുക്കിയ ക്രൂരത ചുരക്കുളം എസ്റ്റേറ്റ് ലയത്തിൽ നടന്നത്. അയൽവാസി അർജുനെ(21) ഞായറാഴ്ച രാത്രിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
മൂന്നു വർഷമായി പെൺകുട്ടിയെ അർജുൻ ഉപദ്രവിച്ചിരുന്നതായി പൊലീസ് പറഞ്ഞു. സംഭവദിവസം ആളൊഴിഞ്ഞ സമയത്ത് അർജുൻ ലയത്തിലെത്തി. ടി.വി കണ്ടിരിക്കുകയായിരുന്ന കുട്ടിയെ ചോക്ലറ്റ് നൽകാമെന്ന് പറഞ്ഞ് സമീപത്തെ മുറിയിലേക്ക് കൊണ്ടുപോയാണ് പീഡനത്തിനിരയാക്കിയത്. വേദന കൊണ്ട് നിലവിളിച്ച കുട്ടിയുടെ മൂക്കും വായും പൊത്തി പിടിച്ചതോടെ അബോധാവസ്ഥയിലായി. ഉണർന്നാൽ രക്ഷിതാക്കളോട് പറയുമെന്ന് ഭയന്ന് കുട്ടിയുടെ കഴുത്തിൽ ഷാൾ ചുറ്റിയശേഷം വാഴക്കുല കെട്ടിത്തൂക്കാൻ ഉപയോഗിച്ചിരുന്ന കയറിൽ കുരുക്കി വലിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് അർജുൻ പൊലീസിനോട് സമ്മതിച്ചു.
മരണം ഉറപ്പായതോടെ മുറിയുടെ കതക് അകത്തുനിന്നും കുറ്റിയിട്ടശേഷം അഴികളില്ലാത്ത ജനൽവഴി പുറത്തേക്ക് കടന്ന് കുറച്ചകലെ മുടിവെട്ടുകയായിരുന്ന സുഹൃത്തുക്കൾക്ക് അടുത്തേക്ക് പോയി. പിന്നീട്, വീട്ടുകാരെത്തി മുറിതുറന്ന് കുട്ടിയെ താഴെ ഇറക്കി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഒപ്പം കൂടിയ പ്രതി മറ്റുള്ളവർ കാണാതെ ജനൽ അകത്തുനിന്ന് അടച്ചു. പിന്നീട് ബന്ധുക്കൾക്കൊപ്പം ആശുപത്രിയിലേക്കും പോയി.
വാതിലും ജനലും അകത്തുനിന്ന് പൂട്ടിയ മുറിയിലെ കൊലപാതകം ആദ്യം അന്വേഷണ സംഘത്തെ വട്ടംചുറ്റിച്ചെങ്കിലും ചോദ്യം ചെയ്യലിനൊടുവിൽ കുറ്റം സമ്മതിക്കുകയായിരുന്നു. ഇൻസ്പെക്ടർ ടി.ഡി സുനിൽകുമാറിെൻറ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. തെളിവെടുപ്പിനുശേഷം തിങ്കളാഴ്ച കോടതി റിമാൻഡ് ചെയ്തു. കൊലപാതകത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.