സത്രം എയർസ്ട്രിപ്പിൽ രണ്ടാം തവണയും വിമാനം ഇറക്കൽ പരാജയം
text_fieldsകുമളി: വണ്ടിപ്പെരിയാർ സത്രം എയർസ്ട്രിപ്പിൽ വിമാനമിറക്കാനുള്ള രണ്ടാം ശ്രമവും വിഫലമായി. ഒന്നര മാസം മുമ്പന് നടന്ന പരീക്ഷണ പറക്കൽ നടക്കാതെ പോയതോടെ വിമാനമിറങ്ങാൻ തടസ്സമായ കുന്ന് ഇടിച്ചുനിരത്താൻ തീരുമാനിച്ചിരുന്നു. ഇത് നിരത്താത്തതാണ് വിമാനമിറക്കാൻ തടസ്സമായതെന്ന് എയർ ഫോഴ്സ് അധികൃതർ പറഞ്ഞു.
സംസ്ഥാനത്തെ എൻ.സി.സി കാഡറ്റുകൾക്ക് വിമാനം പറക്കൽ പരിശീലനത്തിനായി വണ്ടിപ്പെരിയാർ സത്രത്തിൽ നിർമിച്ചിരിക്കുന്ന എയർസ്ട്രിപ്പിൽ ശനിയാഴ്ചയാണ് രണ്ടാം പരീക്ഷണ പറക്കൽ നടത്തിയത്.
ഒന്നര മാസം മുമ്പ് എയർസ്ട്രിപ്പിൽ പരീക്ഷണ പറക്കലിനായി എയർ ഫോഴ്സിന്‍റെ വൈറസ് എസ്.ഡബ്ല്യു എന്ന ചെറുവിമാനം എത്തിയിരുന്നു. അന്ന് പലതവണ എയർസ്ട്രിപ്പിൽ വിമാനമിറക്കാൻ ഉദ്യോഗസ്ഥർ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. റൺവേക്കു നേരെ എതിർ വശത്തുള്ള കുന്ന് വിമാനമിറക്കുന്നതിന് തടസ്സ കാരണമായി എയർഫോഴ്സ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. കുന്നിന്‍റെ ഭാഗങ്ങൾ ഇടിച്ചുനിരത്തിയെന്ന പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ അറിയിപ്പിനെ തുടർന്നാണ് വീണ്ടും പരീക്ഷണ പറക്കലിനായി തിരുവനന്തപുരത്തുനിന്ന് ചെറുവിമാനം എത്തിയത്. രാവിലെ 11ഓടെ വിമാനം സത്രം എയർസ്ട്രിപ്പിൽ എത്തുകയും രണ്ടുതവണ എയർസ്ട്രിപ്പിന് മുകളിൽ വട്ടമിട്ട് പറക്കുകയും ചെയ്തു. എന്നാൽ, വിമാനമിറങ്ങാൻ തടസ്സം നേരിട്ടതോടെ തിരിച്ച് പോവുകയായിരുന്നു.
കുന്ന് ഇടിച്ചുനിരത്തുന്ന പ്രവർത്തനങ്ങൾ മന്ദഗതിയിലായതും പൂർണമാകാത്തതും വിമാനമിറങ്ങാൻ തടസ്സ കാരണമായി എയർ ഫോഴ്സ് അറിയിച്ചു.
പരിസ്ഥിതിലോല പ്രദേശമായി ബന്ധപ്പെട്ടു സുപ്രീംകോടതി വിധി നിലനിൽക്കുന്നതിനിടയിൽ വണ്ടിപ്പെരിയാർ സത്രം എയർസ്ട്രിപ്പിൽ രണ്ടാം തവണയും വിമാനമിറങ്ങാത്തത് പദ്ധതി പൂർത്തീകരണം സംബന്ധിച്ച ആശങ്ക ശക്തമാക്കി. നിർമാണ തടസ്സങ്ങൾ ഒഴിവായാൽ വീണ്ടും പരീക്ഷണ പറക്കൽ നടത്തുമെന്നാണ് എയർഫോഴ്സ് അറിയിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.