വേനൽമഴയെത്തി; തേക്കടി പച്ചതൊടുന്നു
text_fieldsകുമളി: മാസങ്ങളായി കൊടുംചൂടിൽ അമർന്ന തേക്കടി, കുമളി മേഖലക്ക് ആശ്വാസമായി വേനൽമഴയെത്തി. വേനൽച്ചൂടിൽ കരിഞ്ഞുതുടങ്ങിയ തേക്കടി തടാകതീരത്തെ പുൽമേടുകൾ വീണ്ടും പച്ചയണിഞ്ഞു തുടങ്ങിയത് കാഴ്ചകൾക്ക് ഭംഗികൂട്ടി. തടാകതീരത്ത് പുല്ല് വളരുന്നതോടെ ആനയും മ്ലാവും കാട്ടുപോത്തും ഉൾപ്പെടെ തീറ്റതേടി എത്തുന്നത് സഞ്ചാരികൾക്ക് കാഴ്ചക്ക് വിരുന്നാകും. മുല്ലപ്പെരിയാറിലെ ജലനിരപ്പ് താഴ്ന്നതോടെ തേക്കടി തടാകവും വറ്റിത്തുടങ്ങിയിരുന്നു. അണക്കെട്ടിലെ ജലനിരപ്പ് 114 അടി വരെ താഴ്ന്നതോടെ മരക്കുറ്റികൾ നിറഞ്ഞ തേക്കടി തടാകത്തിലെ ബോട്ട് യാത്രയും വെല്ലുവിളി നിറഞ്ഞതായി.
വേനൽമഴ വൈകിയാൽ ബോട്ട് സവാരി പ്രതിസന്ധിയിലാകുമെന്ന ആശങ്ക നിലനിൽക്കെയാണ് കഴിഞ്ഞ രണ്ടു ദിവസമായി പ്രദേശത്ത് മഴ പെയ്തുതുടങ്ങിയത്. മഴയുടെ വരവോടെ അന്തരീക്ഷം തണുത്തതും തേക്കടി കാഴ്ചകളുടെ ഭംഗിയേറിയതും കൂടുതൽ വിനോദസഞ്ചാരികൾ തേക്കടിയിലെത്താൻ ഇടയാക്കും. തടാകത്തിലെ ജലനിരപ്പ് ഉയരുന്നതോടെ സീസൺ തീരുംവരെ തടസ്സങ്ങളില്ലാതെ ബോട്ട് സവാരി തുടരാനാകുന്നത് വിനോദസഞ്ചാര മേഖലക്കും വലിയ ആശ്വാസമാണ് നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.