ചൂളംവിളിച്ച് ട്രെയിനെത്തി; തേനിയിൽ ആവേശം
text_fieldsകുമളി: വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ചൂളംവിളിച്ച് ട്രെയിൻ തേനിയിൽ എത്തിയപ്പോൾ നാട്ടുകാരുടെ ആവേശം വാനോളമുയർന്നു. 12 വർഷത്തിന് ശേഷമെത്തിയ ട്രെയിനിലെ ജീവനക്കാർക്കും യാത്രക്കാർക്കും മധുരം നൽകിയും ആരതി ഉഴിഞ്ഞുമാണ് നാട്ടുകാർ വരവേൽപ് ഗംഭീരമാക്കിയത്.
മീറ്റർഗേജ് പാത ബ്രോഡ്ഗേജ് ആക്കുന്നതിന്‍റെ ഭാഗമായി 2010 ഡിസംബറിലാണ് മധുര-തേനി പാതയിലെ ട്രെയിൻ ഗതാഗതം നിർത്തിവെച്ചത്. പാത വീതികൂട്ടൽ ജോലികൾ പൂർത്തിയായതോടെ ആദ്യഘട്ടത്തിൽ മധുരയിൽനിന്ന് തേനി വരെയാണ് ട്രെയിൻ സർവിസ് ആരംഭിച്ചത്. ചെന്നൈയിൽനിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഉദ്ഘാടനം നിർവഹിച്ചത്. ഇതേ തുടർന്ന് മധുരയിൽനിന്ന് വൈകീട്ട് പുറപ്പെട്ട െട്രയിൻ വിവിധ സ്റ്റേഷനുകളിലെ സ്വീകരണങ്ങൾക്കു ശേഷം രാത്രി 8.40ന് തേനിയിലെത്തി.
തേനി എം.പി രവീന്ദ്രനാഥ്, എം.എൽ.എമാരായ മഹാരാജൻ, ശരവണ കുമാർ എന്നിവരുടെ നേതൃത്വത്തിൽ നേതാക്കൾ, വിവിധ സംഘടന ഭാരവാഹികൾ, നാട്ടുകാർ എന്നിവർ ചേർന്ന് വരവേറ്റു.
കാത്തിരിപ്പിനൊടുവിൽ അതിർത്തി ജില്ലയായ തേനിയിൽ ട്രെയിൻ എത്തിയത് ഇടുക്കി ജില്ലക്കും ഏറെ പ്രതീക്ഷകൾ നൽകി. ജില്ലയിലെ ടൂറിസത്തിനു പുറമെ ചരക്ക് ഗതാഗതം എന്നിവക്ക് െട്രയിൻ ഓടിത്തുടങ്ങിയത് നേട്ടമാകും.
ഒപ്പം, ഹൈറേഞ്ചിൽനിന്ന് ഏറ്റവും അടുത്ത സ്ഥലത്തുനിന്ന് ട്രെയിനിൽ യാത്ര ചെയ്യാൻ കഴിയുന്നതും ശബരിമല തീർഥാടകർക്ക് ദുരദേശങ്ങളിൽനിന്നും ട്രെയിനിൽ തേനിവരെ എത്താൻ കഴിയുന്നതും വലിയ നേട്ടമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.