തേക്കടി വറ്റുന്നു; ബോട്ട് സവാരി പ്രതിസന്ധിയിലേക്ക്
text_fieldsകുമളി: കടുത്ത വേനൽചൂടിൽ തേക്കടി തടാകം വറ്റുന്നു. കാട്ടിലെ ജലസ്രോതസ്സുകൾ മുഴുവൻ വറ്റിവരണ്ടതോടെ ജീവികൾ കൂട്ടത്തോടെ തടാകതീരം തേടിയെത്തിയത് സഞ്ചാരികളെ സന്തോഷിപ്പിക്കുന്നുണ്ടെങ്കിലും ജലനിരപ്പ് താഴ്ന്നത് ബോട്ട് സവാരിയെ വലിയ പ്രതിസന്ധിയിലാക്കി.
മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 115.25 അടിയായി കുറഞ്ഞതോടെയാണ് തേക്കടി തടാകത്തിലെ ജലനിരപ്പും താഴ്ന്നത്. തമിഴ്നാട്ടിലേക്ക് വലിയ തോതിൽ ജലം കൊണ്ടുപോയതോടെയാണ് തീരങ്ങൾ മുങ്ങിക്കിടന്നിരുന്ന തേക്കടി തടാകം ശോഷിച്ച നിലയിലായത്.
തമിഴ്നാട് അണക്കെട്ടിൽനിന്ന് ജലം എടുക്കുന്നത് തുടർന്നാൽ തേക്കടി തടാകത്തിന്റെ സ്ഥിതി കൂടുതൽ ദയനീയമാകും. മരക്കുറ്റികൾ നിറഞ്ഞ തേക്കടി തടാകത്തിലൂടെ വെള്ളം കുറഞ്ഞ ഘട്ടത്തിൽ ബോട്ട് ഓടിക്കുന്നത് ഏറെ ശ്രമകരമാകും.
ഇത് സീസണിൽ ബോട്ട് സവാരി തടസ്സപ്പെടാൻ ഇടയാക്കുമെന്നാണ് പറയുന്നത്. സംസ്ഥാനത്തിന്റെ മിക്ക ഭാഗത്തും വേനൽമഴ പെയ്തെങ്കിലും കുമളി, തേക്കടി മേഖലയിൽ മഴ പെയ്യാതിരുന്നത് പ്രതിസന്ധി രൂക്ഷമാക്കുന്നു. കാട്ടിനുള്ളിൽ മിക്ക സ്ഥലത്തും വെള്ളമില്ലാതായതോടെ ആനകൾ, കാട്ടുപോത്ത്, മ്ലാവ്, പന്നി എന്നിവക്ക് പുറമെ കടുവയും കരടിയും പുലിയുമെല്ലാം വെള്ളംതേടി തടാകതീരത്ത് വരുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ ദിവസങ്ങളിൽ ബോട്ട് സവാരിക്കെത്തിയ മിക്ക സഞ്ചാരികൾക്കും കടുവ ഉൾപ്പെടെ വന്യജീവികളെ തടാകതീരത്ത് കാണാൻ സാധിച്ചിരുന്നു.
എന്നാൽ, തമിഴ്നാട് നിയന്ത്രണമില്ലാതെ ജലം എടുക്കുന്നതുമൂലം ബോട്ട് സവാരി തടസ്സപ്പെടുന്ന സാഹചര്യം എത്തിയത് വിനോദ സഞ്ചാര മേഖലയിൽ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.