കൊള്ള; പരിഹാരമില്ലാതെ ടിക്കറ്റ് കരിഞ്ചന്ത
text_fieldsകുമളി: തേക്കടിയിൽ വിനോദ സഞ്ചാരികളുടെ തിരക്കേറുമ്പോൾ നേട്ടം കൊയ്ത് ഇടനിലക്കാരായി പ്രവർത്തിക്കുന്ന വനം, കെ.ടി.ഡി.സി വകുപ്പുകളിലെ ചില ജീവനക്കാർ. വർഷങ്ങളായി തുടരുന്ന ഇടനില പരിപാടി നിയന്ത്രിക്കാൻ ഉന്നത ഉദ്യോഗസ്ഥർക്കും കഴിയാതായതോടെ തേക്കടി കരിഞ്ചന്തക്കാരുടെ ഇഷ്ട കേന്ദ്രമായി മാറി.
തേക്കടി ബോട്ട്ലാന്റിങ്ങ്, ആനവച്ചാൽ പാർക്കിംഗ് ഗ്രൗണ്ട് എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ജീവനക്കാരുടെ ഇടനില ഏർപ്പാടുകൾ. വന മേഖലക്ക് പുറത്തെ ഹോട്ടലുകൾ, ഹോം സ്റ്റേകൾ എന്നിവയുടെ ഏജന്റുമാരാണ് പലരും. കഴിഞ്ഞ ദിവസം വിജിലൻസ് നടത്തിയ പരിശോധനയിൽ ജീവനക്കാരിൽ ചിലരുടെ അക്കൗണ്ടുകളിലേക്ക് പതിനായിരങ്ങൾ പുറത്തു നിന്നും ലഭിക്കുന്നതായി കണ്ടെത്തിയിരുന്നു.
പ്രാദേശിക ഗൈഡുമാരെ പ്രശ്നക്കാരെന്ന പേരിൽ വനമേഖലയിൽ നിന്നും അകറ്റി നിർത്തിയ ശേഷമാണ് ജീവനക്കാരിൽ ചിലർ ഉള്ളിൽ നിന്നും ‘ഗൈഡ് പണി’ തുടരുന്നത്.
ടൗണിലും പരിസരങ്ങളിലുമുള്ള ഹോട്ടൽ, റിസോർട്ട് എന്നിവിടങ്ങളിൽ മുറികൾ ബുക്ക് ചെയ്യുക, ആനസവാരി, പ്ലാന്റേഷൻ-മുന്തിരിത്തോപ്പ് ടൂർ എന്നിവയെല്ലാം ഏർപ്പാടാക്കി നൽകുക എന്നിവയും ഇടനിലക്കാർ ചെയ്യുന്നു. ഇതിന്റെ കമ്മീഷനാണ് ഇവരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ടെത്തുന്നത്. ഇതിന് പുറമേയാണ് വനം, കെ.ടി.ഡി.സി വകുപ്പുകളിലെ ബോട്ട് ടിക്കറ്റുകൾ കരിഞ്ചന്തയിൽ വിൽക്കുന്നത്.
255 രൂപയുടെ ടിക്കറ്റുകൾ 1000 മുതൽ 2000 രൂപ വരെ നിരക്കിലാണ് സഞ്ചാരികൾക്ക് നൽകുക. ഇതിന്റെ വിഹിതം കൃത്യമായി ജീവനക്കാർക്കും ചില ഉന്നതർക്കും ലഭിക്കും.
ഓൺലൈൻ ടിക്കറ്റുകൾ എടുത്തിട്ട് കൃത്യസമയത്ത് എത്താൻ കഴിയാത്തവർ, എണ്ണത്തിൽ കുറവ് വരുന്നവർ എന്നിവർക്ക് പകരം അതേ ടിക്കറ്റുകൾ ക്യൂവിൽ നിൽക്കുന്നവർക്ക് നൽകി പണം കൈക്കലാക്കുന്ന പതിവും തുടരുന്നുണ്ട്.
തിരക്കേറിയ ഘട്ടത്തിൽ സർവർ പതിവായി പണിമുടക്കുന്നതും ബോട്ട് ടിക്കറ്റുകൾ തുണ്ട് പേപ്പറിൽ സീൽ വെച്ച് നൽകുന്ന രീതിയുമെല്ലാം ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണെന്നാണ് പറയുന്നത്.
കെ.ടി.ഡി.സിയിൽ നടക്കുന്ന ക്രമക്കേടുകൾ കണ്ടെത്താൻ സ്വന്തമായി വിജിലൻസ് സംവിധാനം ഉണ്ടെങ്കിലും ഇത് മറ്റൊരു അഴിമതി സംവിധാനമാണെന്നാണ് പരാതി നൽകിയവർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.