കടുവ ഭീതി: കൺമണിക്ക് കാവലായി അമ്മയാന
text_fieldsകുമളി: ഒരു നിമിഷം കണ്ണടച്ചാൽ നഷ്ടമാകുന്നത് നൊന്തു പെറ്റ കൺമണി. വേവലാതിയിൽ, കുട്ടിയെ ചാരേ ചേർത്ത് നടക്കുന്നൊരു ആനയമ്മ. ഇപ്പോൾ തേക്കടിയിലെ വികാര നിർഭരമായ കാഴ്ചയാണിത്. കുട്ടിയാനയെ പിടികൂടാൻ ദിവസങ്ങളായി ഒരു കടുവ തക്കം പാർത്ത് നടക്കുന്നുണ്ടെന്നാണ് വനപാലകർ പറയുന്നത്. തേക്കടി ബോട്ട്ലാന്റിംഗ്, ആമ പാർക്ക്, തേക്കടി ഷട്ടറിനു സമീപം എന്നിവിടങ്ങളിൽ വനം വകുപ്പ് ജീവനക്കാർ കടുവയെ കണ്ടിരുന്നു. ഇതേ തുടർന്ന് ആഴ്ചകളായി കാട്ടിലേക്ക് കയറാതെ തേക്കടി ബോട്ട്ലാന്റിംഗിലും പരിസരങ്ങളിലുമായി കുട്ടിയുമായി ചുറ്റി നടക്കുകയാണ് പിടിയാന.
മനുഷ്യരുടെ സാന്നിധ്യമുള്ള പ്രദേശങ്ങൾക്ക് സമീപമാണ് പകൽ മുഴുവൻ ചിലവഴിക്കുന്നത്. അതേസയം, കടുവയെന്ന വലിയ അപകടം പിന്നാലെ ഉണ്ടെന്ന തിരിച്ചറിവില്ലാതെ കുസൃതികൾ കാട്ടി തടാകതീരത്തു കൂടി ഓടി നടക്കുകയാണ് കുട്ടി കുറുമ്പൻ. ഇടക്ക് കുട്ടിയെ കാണാതാവുമ്പോൾ വേവലാതിപ്പെട്ട് പിടിയാന ഉച്ചത്തിൽ ശബ്ദമുണ്ടാക്കും.
രാത്രിയിലും ഉറക്കമിളച്ചാണ് ആനക്കാവൽ. തേക്കടി ചെക്ക്പോസ്റ്റിനടുത്തുള്ള ക്വാർട്ടേഴ്സുകൾക്ക് സമീപമാണ് നേരം പുലരും വരെ ആന നിൽക്കുക. കടുവ, പുലി എന്നിവയുടെ സാന്നിധ്യം മണത്തറിഞ്ഞാൽ നിർത്താതെ ഏറെ നേരം ചിന്നം വിളിക്കും. കൺമണിയെ രക്ഷിക്കാനുള്ള പോരാട്ടത്തിനിടെ ദിവസങ്ങളായി ഉറക്കവും തീറ്റയുമില്ലാതെ അമ്മ ആന ക്ഷീണിച്ചു തുടങ്ങിയത് കാഴ്ചക്കാരിലും സങ്കടത്തിനിടയാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.