കണ്ണടച്ച് വനപാലകർ; ഏലത്തോട്ടങ്ങളിലെ മരങ്ങൾ വെട്ടിക്കടത്തുന്നു
text_fieldsകുമളി: ഹൈറേഞ്ചിലെ കുത്തകപ്പാട്ട ഏലത്തോട്ടങ്ങളിൽ മരങ്ങൾ വെട്ടിക്കടത്തി തടി മാഫിയ കൊഴുക്കുമ്പോൾ കണ്ടില്ലെന്ന് നടിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ. ഹൈറേഞ്ചിലെ ഏലത്തോട്ടം മേഖലയിൽ തമിഴ്നാട് സ്വദേശികൾ വർഷങ്ങളായി കൈവശംവെച്ചിരിക്കുന്ന മിക്ക ഏലത്തോട്ടങ്ങളിൽനിന്നും വൻതോതിൽ മരങ്ങൾ മുറിച്ചുകടത്തുകയാണ്. നടപടി കടലാസിലൊതുക്കി തടി മാഫിയക്കൊപ്പം നിൽക്കുന്ന ‘ജാഗ്രത’യാണ് വനപാലകർക്ക്.
സർക്കാർ വക കുത്തകപ്പാട്ട ഭൂമിയിൽനിന്ന് മുറിക്കാൻ അനുമതിയില്ലാത്ത തേക്ക്, ചന്ദനം, ചന്ദനവേമ്പ്, വെള്ളീട്ടി, വെടിപ്ലാവ്, ഈട്ടി, കമ്പകം, കുമ്പിൾ, കുന്നിവാക, കുളമാവ് തുടങ്ങി വിവിധ ഇനം മരങ്ങളും മുറിച്ചുകടത്തിയതിൽ ഉൾപ്പെടുന്നു.
ഏതാനും വർഷങ്ങളായി മുറിച്ച മരങ്ങൾ കണ്ടെടുക്കാനോ ഇവ ഡിപ്പോയിൽ എത്തിക്കാനോ വനപാലകർ ശ്രമിക്കാത്തത് തടി മാഫിയ-വനപാലക കൂട്ടുകെട്ട് വ്യക്തമാക്കുന്നു. മുൻകാലങ്ങളിൽ കുത്തകപ്പാട ഭൂമിയിൽ മുറിച്ചിടുന്ന മരങ്ങൾ വനപാലകർ കേസെടുത്ത് കുമളി റേഞ്ച് ഓഫിസ് പരിസരത്ത് എത്തിക്കുകയായിരുന്നു പതിവ്. ഒത്തുകളി മുറുകിയതോടെ തടി പിടിച്ചെടുക്കുന്നതിന് പകരം നഷ്ടപരിഹാരമെന്ന രീതിയിൽ തുക ഈടാക്കി കോമ്പൗണ്ട് ചെയ്യുന്ന രീതിയാണ് ഇപ്പോഴുള്ളത്. ഫലത്തിൽ ഏത് തടി മുറിച്ചാലും അന്വേഷിക്കാനെത്തുന്ന വനപാലകരുടെ സംഘത്തിന് ‘പടി’നൽകി ചെറിയ തുക സർക്കാറിലടച്ച് ഒത്തുതീർപ്പാക്കുന്നു.
ഇത്തരത്തിൽ ദിവസങ്ങൾക്കു മുമ്പ് ആനവിലാസം ഭാഗത്തെ മൂന്നേക്കറിലധികം വരുന്ന ഏലത്തോട്ടത്തിൽനിന്ന് 46 മരങ്ങളാണ് വെട്ടിയത്. അനുമതി ഇല്ലാത്ത ഞാവൽ, കുളമാവ് എന്നിവയും മുറിച്ചവയിൽ ഉൾപ്പെടുന്നു. മരങ്ങൾ മുറിച്ചത് വിറകിന്റെ ആവശ്യത്തിനെന്ന് ‘ലഘൂകരിച്ച’ ശേഷം 25,000 രൂപ പിഴ അടക്കണമെന്ന നിർദേശമാണ് സ്ഥലം ഉടമക്ക് നൽകിയത്. വനം, റവന്യൂ വകുപ്പുകളുടെ മുൻകൂർ അനുമതി ഇല്ലാതെ കുത്തകപ്പാട്ട ഭൂമിയിലെ മരങ്ങൾ മുറിക്കാൻ പാടില്ലന്ന ചട്ടം നിലനിൽക്കെയാണ് ലക്ഷങ്ങളുടെ തടി മുറിച്ച് കടത്തിയ ശേഷം തുച്ഛമായ തുക സർക്കാറിന് നൽകി തടി മാഫിയാക്ക് രക്ഷപ്പെടാൻ ചില വനപാലകർ ഒത്താശ ചെയ്യുന്നത്.
ഏലം, മറ്റ് കൃഷികൾ തടസ്സമാകുന്നതും പ്രയാസം സൃഷ്ടിക്കുന്നതുമായ മരങ്ങളുടെ 30 സെന്റീമിറ്റർ താഴെയുള്ള ശിഖരങ്ങൾ മാത്രം മുറിക്കാൻ അനുമതി ഉള്ളപ്പോഴാണ് വൻകിട ഏലത്തോട്ടങ്ങളിൽ മരങ്ങൾ ചുവടെ വെട്ടുന്നത്. മുറിച്ചുമാറ്റിയ മരത്തിന്റെ കുറ്റികൾ മണ്ണിട്ടുമൂടി തെളിവില്ലാതാക്കുന്നതും വനപാലകരുടെ അറിവോടെ തുടരുന്നതായി നാട്ടുകാർ പറയുന്നു.
കുമളി റേഞ്ചിൽ എത്താൻ ലേലംവിളി; വന്നവർ പോകാതിരിക്കാൻ നെട്ടോട്ടം
ഹൈറേഞ്ചിലെ കുത്തകപ്പാട്ട ഏലം മേഖലയുടെ 80 ശതമാനത്തോളം ഉൾക്കൊള്ളുന്ന കുമളി റേഞ്ചിലേക്ക് മാറ്റം കിട്ടാൻ ഉദ്യോഗസ്ഥർക്ക് ‘ലക്ഷങ്ങൾ ചെലവ്’ വരുമെന്നത് പരസ്യമായ രഹസ്യം.
ഗാർഡ് മുതൽ റേഞ്ച് ഓഫിസർമാർ വരെ തലസ്ഥാനത്തെ അധികാര കേന്ദ്രങ്ങളിലെത്തി കൊടുക്കേണ്ടത് കൊടുത്താൽ മാത്രമാണ് കുമളിയിലെ കസേര ഉറപ്പാകൂവെന്ന് വനപാലകർതന്നെ പറയുന്നു.
നെടുങ്കണ്ടം ചിന്നാർ, പുളിയന്മല, കട്ടപ്പനയുടെ ഒരുഭാഗം മേപ്പാറ, വള്ളക്കടവ്, മേരികുളം, പുല്ലുമേട്, ചെങ്കര, വണ്ടിപ്പെരിയാറിന്റെ ഒരുഭാഗം എന്നിങ്ങനെ വിശാലമായ ഏരിയയാണ് കുമളി റേഞ്ചിനു കീഴിലുള്ളത്. ചെല്ലാർകോവിൽ, പുളിയന്മല സെക്ഷനുകൾ ഉൾപ്പെടെ ഫോറസ്റ്റർമാരുടെ ചുമതലയിൽ വിവിധ ഭാഗങ്ങളുണ്ട്. ഏലത്തോട്ടങ്ങളിലെ മരം മുറിക്കലിനു പുറമെ വന്യജീവി വേട്ട തുടങ്ങി എന്ത് സംഭവിച്ചാലും വനപാലകർ പാഞ്ഞെത്തും. പക്ഷേ, നടപടി മാത്രം ഉണ്ടാകാറില്ല.
മുമ്പ് ലോക്കൽ റേഞ്ചിൽ ജോലി ചെയ്തവർ വൈൽഡ് ലൈഫിലേക്ക് പോകുന്ന പതിവ് കുറവായിരുന്നു. തിരിച്ചും. എന്നാൽ, ഇപ്പോൾ കാണേണ്ട വരെ കണ്ടാൽ ആറുമാസത്തെ ഇടവേളകളിൽ ഇരുസ്ഥലത്തേക്കും മാറ്റം സാധ്യമായതോടെ കുമളിയിലും തേക്കടിയിലുമായി വർഷങ്ങളോളം ചുറ്റിത്തിരിയുന്ന വനപാലകരുമുണ്ട്.
കുമളി റേഞ്ചിൽ ജോലി ചെയ്യുമ്പോൾ ലഭിക്കുന്ന ലക്ഷങ്ങളുടെ വരുമാനം സ്ഥലംമാറ്റത്തോടെ നഷ്ടമാകുമെന്ന ചിന്ത ‘സ്ഥലംമാറ്റം മരവിപ്പിക്കാൻ’ ചിലർ കോടതി കയറിയ സംഭവവും പോലുമുണ്ട്.
ആവാസ വ്യവസ്ഥക്കും ഭീഷണി
ഏലത്തോട്ടം മേഖലയിലെ വർഷങ്ങൾ പഴക്കമുള്ള കൂറ്റൻ മരങ്ങൾ മുറിച്ചുകടത്തുന്നതോടെ ആവാസവ്യവസ്ഥ തന്നെ നശിക്കുന്ന സ്ഥിതിയുണ്ടാകും. ഇതോടെ പ്രദേശത്തെ കാലാവസ്ഥയിലും മാറ്റം സംഭവിക്കുമെന്ന് ഇതുസംബന്ധിച്ച് പഠനം നടത്തിയവർ പറയുന്നു. മുറിച്ചുമാറ്റുന്നവക്ക് പകരം മരം വെച്ചുപിടിപ്പിക്കാൻ കാര്യമായ ഇടപെടലും വനം വകുപ്പ് നടത്തുന്നില്ല. വിവിധ തോട്ടങ്ങളിൽനിന്ന് മുറിച്ചുമാറ്റിയ വിലപിടിപ്പുള്ള മരങ്ങളുടെ കുറ്റികൾ തേടി പോയാൽ കുറെ കാലമായി മേഖലയിൽ തുടരുന്ന വൻ മരം കൊള്ളയായിരിക്കും പുറത്തുവരുകയെന്ന് നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.