ചുരുളി വെള്ളച്ചാട്ടത്തിൽ സഞ്ചാരികൾക്ക് വിലക്ക്
text_fieldsകുമളി: സംസ്ഥാന അതിർത്തിയിൽ കമ്പത്തിന് സമീപം പശ്ചിമഘട്ടത്തിലെ മേഘമല ചുരുളി വെള്ളച്ചാട്ടത്തിൽ വിനോദസഞ്ചാരികൾ കുളിക്കുന്നത് വനംവകുപ്പ് നിരോധിച്ചു. മേഘമല വനമേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയോടെയാണ് ചുരുളി വെള്ളച്ചാട്ടത്തിൽ ജലം കുതിച്ചെത്തിയത്. ഈത്തക്കാട്, തൂവാനം അണക്കെട്ട് തുടങ്ങി ചുരുളി വെള്ളച്ചാട്ടത്തിന്റെ ജലസംഭരണ പ്രദേശങ്ങളിൽ കനത്ത മഴയാണ് ദിവസങ്ങളായി പെയ്തത്.
വെള്ളച്ചാട്ടത്തിൽ വലിയ തോതിൽ ജലം എത്തിയതോടെ ഇവിടെ കുളിക്കുന്നത് അപകടകരമായതിനാണ് സഞ്ചാരികൾക്ക് താത്ക്കാലികമായി വിലക്കേർപ്പെടുത്തിയത്. തേക്കടി സന്ദർശിക്കുന്ന വിനോദ സഞ്ചാരികൾ ചുരുളി വെള്ളച്ചാട്ടം കാണാനും കുളിക്കാനുമെത്തുന്നത് പതിവാണ്. ഇതിനു പുറമേ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാട്ടുകാരും സഞ്ചാരികളും ചുരുളിയിൽ കുളിക്കാൻ എത്താറുണ്ട്. വനമേഖലയിലൂടെ ഒഴുകിയെത്തുന്ന ജലമായതിനാൽ ഈ വെള്ളത്തിൽ കുളിക്കുന്നത് ത്വക്ക് രോഗങ്ങൾ ശമിപ്പിക്കുമെന്ന വിശ്വാസമാണ് ചുരുളി വെള്ളച്ചാട്ടത്തിലേക്ക് തമിഴ്നാട്ടിൽ നിന്നുള്ളവരെ ആകർഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.