തേനിയിൽനിന്ന് ട്രെയിൻ സർവിസ് 27 മുതൽ; ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും
text_fieldsകുമളി: സംസ്ഥാന അതിർത്തി ജില്ലയായ തേനിയിൽനിന്ന് ഈ മാസം 27 മുതൽ ട്രെയിൻ ഓടിത്തുടങ്ങും. 12 വർഷം നീണ്ട ഇടവേളക്കു ശേഷമാണ് അതിർത്തി ജില്ലയിൽ ട്രെയിനിന്‍റെ ചൂളംവിളി ഉയരുന്നത്. രാജ്യത്തെ മീറ്റർഗേജ് പാതകൾ ബ്രോഡ്ഗേജ് ആക്കുന്നതിന്‍റെ ഭാഗമായി 2010 ഡിസംബറിലാണ് തേനി പാതയിലെ ട്രെയിൻ ഗതാഗതം നിർത്തിവെച്ചത്. പലവിധ കാരണങ്ങളാൽ നിർമാണ ജോലികൾ ഒരു ദശാബ്ദത്തിലധികം നീണ്ടു. 450 കോടി രൂപ ചെലവിലാണ് മധുര- ബോഡിനായ്ക്കന്നൂർ പാതയിൽ നിർമാണ ജോലികൾ ആരംഭിച്ചത്. ഇതിൽ തേനി മുതൽ മധുര വരെയുള്ള ഭാഗത്തെ പാത വീതി കൂട്ടൽ ജോലികൾ പൂർത്തിയായതായി സുരക്ഷ വിഭാഗം വിലയിരുത്തി.
ഇതേ പാതയിലെ തേനി മുതൽ ബോഡിനായ്ക്കന്നൂർ വരെ 15 കിലോമീറ്റർ പാതയുടെ നിർമാണ ജോലികൾ നടന്നുവരുകയാണ്. മധുര മുതൽ ഉശിലംപ്പെട്ടി വരെ 37 കിലോമീറ്റർ, ഉശിലംപ്പെട്ടി മുതൽ ആണ്ടിപ്പെട്ടി വരെയുള്ള 21 കിലോമീറ്ററും ആണ്ടിപ്പെട്ടി മുതൽ തേനി വരെ 17 കിലോമീറ്റർ ദൂരവും വിവിധ ഘട്ടങ്ങളിലായി സുരക്ഷ പരിശോധനകൾ പൂർത്തിയാക്കിയിരുന്നു.
ഏറെ കാലമായി നിർത്തിവെച്ചിരുന്ന ട്രെയിൻ ഗതാഗതം അതിർത്തി ജില്ലയിൽ പുനരാരംഭിക്കുന്നത് ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലേക്കുള്ള ചരക്കുനീക്കം, തീർഥാടകരുടെ യാത്ര എന്നിവക്കും വിനോദസഞ്ചാരത്തിനും ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പുതിയ പാത വഴിയുള്ള ട്രെയിൻ ഗതാഗതത്തിന്‍റെ ഉദ്ഘാടനം 26ന് വൈകീട്ട് 6.30ന് ചെന്നൈയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. ആദ്യഘട്ടത്തിൽ മധുരയിൽനിന്ന് രാവിലെ 8.30ന് പുറപ്പെട്ട് 9.35ന് തേനിയിലെത്തുന്നതും വൈകീട്ട് 6.15ന് തേനിയിൽനിന്നും പുറപ്പെട്ട് മധുരയിൽ 7.35ന് എത്തുന്ന സർവിസാണ് ഉണ്ടാവുകയെന്ന് റെയിൽവേ അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.