ട്രയൽ റൺ: സത്രം എയർ സ്ട്രിപ്പിൽ വിമാനം ഇറക്കാനായില്ല
text_fieldsകുമളി: വണ്ടിപ്പെരിയാർ മഞ്ചുമല സത്രം എയർ സ്ട്രിപ്പിൽ എൻ.സി.സി പരിശീലന വിമാനം വെള്ളിയാഴ്ച പരീക്ഷണ പറക്കൽ നടത്തിയെങ്കിലും ഇറക്കാനായില്ല. പ്രതികൂല സാഹചര്യവും സുരക്ഷാ കാരണങ്ങളും മൂലമാണ് അഞ്ചുതവണ താഴ്ന്ന് പറന്നിട്ടും വിമാനം ഇറക്കാൻ കഴിയാതിരുന്നത്. 15 ദിവസത്തിനുശേഷം വീണ്ടും ട്രയല്‍ റണ്‍ നടത്തുമെന്ന് എൻ.സി.സി ഡയറക്ടര്‍ കേണല്‍ എസ്. ഫ്രാന്‍സിസ് അറിയിച്ചു.
കൊച്ചിയില്‍നിന്ന് പുറപ്പെട്ട വൈ.എസ്.ഡബ്ല്യു എന്ന ചെറുവിമാനം വെള്ളിയാഴ്ച രാവിലെ 10.34ഓടെ എയർ സ്ട്രിപ്പിന് മുകളില്‍ വട്ടമിട്ട് പറന്നു. എന്നാൽ, ഇറക്കാനുള്ള ശ്രമം പരാജയപ്പെട്ടു. വിമാനത്താവളത്തിന് സമീപത്തെ മണ്‍തിട്ട നീക്കിയാലെ വിമാനം സുരക്ഷിതമായി ഇറക്കാനാകൂവെന്ന് എൻ.സി.സി അധികൃതർ അറിയിച്ചു.
രണ്ടുപേര്‍ക്ക് സഞ്ചരിക്കാവുന്ന എൻ.സി.സിയുടെ ഏറ്റവും പുതിയ മോഡല്‍ ചെറുവിമാനമാണ് പരീക്ഷണത്തിന് ഉപയോഗിച്ചത്. ന്യൂഡല്‍ഹിയില്‍നിന്ന് എയര്‍ഫോഴ്സിന്‍റെ ടെക്നിക്കല്‍ ട്രയല്‍ ലാന്‍ഡിങ് കം എയര്‍ ഓഡിറ്റ് ടീമാണ് പരീക്ഷണ പറക്കലിന് നേതൃത്വം നല്‍കിയത്.
സര്‍ക്കാറിന്‍റെ 100ദിന കർമ പരിപാടിയോടനുബന്ധിച്ച് മുഖ്യമന്ത്രി പരിശീലന വിമാനത്തിന്‍റെ ലാന്‍ഡിങ് ഉദ്ഘാടനം ചെയ്യുമെന്ന് വാഴൂര്‍ സോമന്‍ എം.എൽ.എ പറഞ്ഞു. തടസ്സങ്ങളെല്ലാം സമയബന്ധിതമായി നീക്കുമെന്നും അദ്ദേഹം അറിയിച്ചു.
പൊതുമരാമത്ത് വകുപ്പ് രാജ്യത്ത് ആദ്യമായാണ് എയർ സ്ട്രിപ് നിർമിക്കുന്നത്. ആദ്യഘട്ടത്തില്‍ 650 മീറ്റര്‍ റണ്‍വേ, 1200 ചതുരശ്രയടി ഹാങ്ഗർ, നാല് പരിശീലന വിമാനം പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം, കമാന്‍ഡിങ് ഓഫിസറുടെ ഓഫിസ്, ടെക്നിക്കല്‍ റൂം, പരിശീലനത്തിന് എത്തുന്ന കാഡറ്റുകള്‍ക്ക് താമസസൗകര്യം എന്നിവയാണ് ഒരുക്കിയത്. എന്‍.സി.സി ആവശ്യപ്രകാരം സംസ്ഥാന സര്‍ക്കാര്‍ എയര്‍ സ്ട്രിപ് നിര്‍മാണത്തിന് 12 ഏക്കര്‍ സ്ഥലം അനുവദിച്ചിരുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ ഓരോ വര്‍ഷവും സംസ്ഥാനത്തെ തെരഞ്ഞെടുത്ത 1000 എയര്‍വിങ് എന്‍.സി.സി കാഡറ്റുകള്‍ക്ക് സൗജന്യമായി ചെറുവിമാനം പറത്താൻ പരിശീലനം നല്‍കുന്ന വിധത്തിലാണ് എയര്‍ സ്ട്രിപ് നിർമാണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.