കുമളിയിൽ പിടിവിട്ട് പറന്ന് വാഹനങ്ങൾ; അധികൃതർക്ക് മൗനം
text_fieldsകുമളി: അമിത വേഗത്തിൽ വരുന്ന ഇരുചക്ര വാഹനങ്ങൾ നിരന്തരം അപകടം ഉണ്ടാക്കിയിട്ടും അധികൃതർക്ക് അനക്കമില്ലന്ന് നാട്ടുകാർ. കുമളി അട്ടപ്പള്ളം, ഒന്നാം മൈൽ, ടൗൺ, ചെളിമട ഭാഗങ്ങളിലൂടെ ഇരുചക്രവാഹനങ്ങളുമായി പോകുന്നവർ പിടിവിട്ടാണ് പറക്കുന്നത്.
പത്തുമുറി-ഒന്നാം മൈൽ റോഡ് പുതുക്കിപ്പണിതതോടെ ഇതുവഴിയുള്ള ഇരുചക്ര വാഹനങ്ങൾ, മണ്ണ്, കല്ല് കയറ്റിയ ടിപ്പർ ലോറികൾ, തോട്ടം തൊഴിലാളികളുമായി പോകുന്ന തമിഴ്നാട് വാഹനങ്ങൾ എന്നിവയെല്ലാം അമിത വേഗത്തിലാണ് പോകുന്നത്.
കഴിഞ്ഞ ഏതാനും മാസത്തിനിടെ ഈ ഭാഗത്ത് മരണപ്പാച്ചിൽ നടത്തിയ ഇരുചക്ര വാഹനങ്ങൾ നിരവധി അപകടങ്ങൾ ഉണ്ടാക്കിയെങ്കിലും മിക്കതും പാർട്ടിക്കാർ ഇടപ്പെട്ട് ഒത്തുതീർപ്പാക്കി വിട്ടു. റോഡരികിലെ വൈദ്യുതി പോസ്റ്റുകളിലിടിച്ചാണ് പല അപകടങ്ങളും ഉണ്ടായത്. ഇതിനൊപ്പം കാർ, ഓട്ടോ എന്നിവയും ഇരുചക്ര വാഹനക്കാർ ഇടിച്ചിട്ടു. അമിത വേഗത്തിനൊപ്പം വാഹനത്തിന്റെ പുകക്കുഴലിൽ മാറ്റങ്ങൾ വരുത്തി കാതടപ്പിക്കുന്ന ശബ്ദങ്ങളോടെയാണ് മിക്ക ഇരുചക്ര വാഹനങ്ങളും പായുന്നത്. ഇതൊന്നും കണ്ടെത്തി നടപടിയെടുക്കാൻ മോട്ടോർ വാഹന - പൊലീസ് അധികൃതർ തയാറാകുന്നില്ലന്ന് നാട്ടുകാർ പറയുന്നു.
വിദ്യാർഥികൾ, പ്രായമായവർ, നാട്ടുകാർ, വിനോദസഞ്ചാരികൾ എന്നിവരെല്ലാം കാൽനടയായും അല്ലാതെയും സഞ്ചരിക്കുന്ന റോഡിൽ പലപ്പോഴും തലനാരിഴക്കാണ് അപകടം വഴിമാറുന്നത്.
ഇരുചക്ര വാഹനത്തിൽ നിയന്ത്രണമില്ലാതെ പായുന്നവർ ഹെൽമറ്റ് ധരിച്ചിട്ടുണ്ടോയെന്നത് മാത്രമാണ് പൊലീസ് പരിശോധിക്കുന്നത്. എന്നാൽ, മിക്കവരും ഹെൽമറ്റിനുള്ളിൽ മൊബൈൽ ഫോൺ തിരുകിവെച്ച് സംസാരിച്ചാണ് റോഡിൽ പായുന്നത്.
ഇരുചക്ര വാഹന യാത്രികർക്കു പുറമെ ടിപ്പർ ലോറികൾ സ്കൂൾ സമയത്ത് ഓടുന്നതും തോട്ടം തൊഴിലാളികളുമായി ജീപ്പുകൾ പായുന്നതും നാട്ടുകാരിൽ വലിയ ഭീതിയാണ് സൃഷ്ടിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.