കുമളി പഞ്ചായത്തിലെ അഴിമതികൾ വിജിലൻസ് അന്വേഷിക്കണം -കോൺഗ്രസ്
text_fieldsകുമളി: കുമളി ഗ്രാമപഞ്ചായത്തിൽ 2022-23 സാമ്പത്തിക വർഷത്തിൽ നടപ്പാക്കിയ വിവിധ പദ്ധതികളിൽ വലിയ ക്രമക്കേടുകൾ നടന്നതായി ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗം കണ്ടെത്തിയത് സംബന്ധിച്ച് വിജിലൻസ് അന്വേഷിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. സ്ഥലം വാങ്ങലുമായി ബന്ധപ്പെട്ട് വലിയ ക്രമക്കേടാണ് നടന്നത്. പ്രൊക്യുർമെന്റ് കമ്മിറ്റിയുടെയും സ്റ്റിയറിങ് കമ്മിറ്റിയുടെയും തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് പ്രോജക്ട് ആവിഷ്കരിച്ചിട്ടുള്ളത് . 6.5 കോടിയുടെ ഭൂമി വാങ്ങൽ പദ്ധതി നടപ്പാക്കാൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനം കൈക്കൊണ്ടിട്ടില്ല.
ഡി.പി.സിയുടെ അംഗീകാരം ലഭിക്കും മുമ്പ് ക്വട്ടേഷൻ നടപടിയുമായി ഭരണ സമിതി മുന്നോട്ടുപോയത് ക്രമവിരുദ്ധമാണ്. പഞ്ചായത്ത് ഭൂമി വാങ്ങിയത് ക്രമ വിരുദ്ധമായാണെന്നും അധിക തുക നൽകിയതായും കോൺഗ്രസ് ആരോപിച്ചു. നിയമോപദേശം അടക്കം മറികടന്നു. തഹസിൽദാറുടെ മൂല്യനിർണയ സാക്ഷ്യപത്രം പ്രകാരം സെന്റിന് 1,13,360 രൂപയാണെന്നിരിക്കെ സ്ഥലം ഉടമകളുമായി വിലപേശലിന് തയാറാകാതെ 12.91 ശതമാനം തുക കൂട്ടി സ്ഥലം ഉടമകൾ പറഞ്ഞിരുന്ന 1,28,000 രൂപക്ക് ഭൂമി വാങ്ങാനുള്ള തീരുമാനവും അഴിമതി വ്യക്തമാക്കുന്നു.
പഞ്ചായത്തിെൻറ മാലിന്യ സംസ്കരണ പ്ലാന്റുമായി ബന്ധപ്പെട്ട് ഇൻസുലേറ്റർ സ്ഥാപിച്ചതിലും മാലിന്യസംസ്കരണ പദ്ധതിയുടെ നടത്തിപ്പിന് ടിപ്പർ വാടകക്ക് കൊടുക്കുന്നതിലും ഇലക്ട്രിക് ഓട്ടോ വാങ്ങിയതിലെല്ലാം വലിയ അഴിമതികളാണ് നടന്നിട്ടുള്ളത്. അഴിമതികൾ വിജിലൻസ് അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടികൾ സ്വീകരിക്കണമെന്ന് പ്രതിപക്ഷ പഞ്ചായത്ത് അംഗങ്ങളായ റോബിൻ കാരക്കാട്ട്, ഷൈലജ ഹൈദ്രോസ്, എം. വർഗീസ്, എം.എൽ. സുലുമോൾ, ജയമോൾ മനോജ് ,ജിസ് ബിനോയ് എന്നിവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.