ഞങ്ങൾ നാടുവിടണോ സർക്കാറേ...
text_fieldsകുമളി: കാടിറങ്ങി വന്യജീവികൾ നാട്ടിൽ നാശം വിതച്ചു തുടങ്ങിയതോടെ എവിടെപ്പോയി ഒളിക്കണമെന്നറിയാത്ത സ്ഥിതിയിലായി നാട്ടുകാർ. പെരിയാർ വന്യജീവി സങ്കേതത്തിന്റെ അതിർത്തി പ്രദേശങ്ങൾ വഴി കാടിറങ്ങിയെത്തുന്ന വന്യ ജീവികൾ വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നത് പതിവു സംഭവമായി. ഇതിനു പിന്നാലെ മനുഷ്യരെ ഭയക്കാതെ ജനവാസ മേഖലയിൽ ചുറ്റി തിരിയുന്നതാണ് ഇപ്പോൾ നാട്ടുകാരെ ഭീതിയിലാക്കിയിരിക്കുന്നത്.
കഴിഞ്ഞ ദിവസം രാത്രി വളർത്തുനായയുടെ നിർത്താതെയുള്ള കുരകേട്ട് വീടിനു മുന്നിലെ റോഡിലിറങ്ങിയ ഗൃഹനാഥൻ ചെന്നുപെട്ടത്ത് കരടിയുടെ മുന്നിലായിരുന്നു. വണ്ടിപ്പെരിയാർ വള്ളക്കടവിൽ കുന്നത്ത് പതിയിൽ സിബിയാണ് കാടിറങ്ങി വന്ന് ഇരുളിൽ പതുങ്ങിയ കരടിയുടെ മുന്നിൽ പെട്ടത്ത്. അലറി വിളിച്ചോടി വീടിനുള്ളിൽ കയറിയതിനാലാണ് സിബി അപകടത്തിൽ പെടാതെ രക്ഷപ്പെട്ടത്. ദിവസങ്ങൾക്കു മുമ്പാണ് വണ്ടിപ്പെരിയാർ സത്രം ഭാഗത്ത് ബന്ധുവിന് മരുന്നുമായി ഇരുചക്രവാഹനത്തിൽ പോവുകയായിരുന്ന രണ്ടു പേർ ആനകൾക്ക് മുമ്പിൽ അകപ്പെട്ടത്. ആനയുടെ പിടിയിൽനിന്ന് ഓടി രക്ഷപ്പെട്ട ഇരുവർക്കും വീണ് പരിക്കേറ്റിരുന്നു.
കഴിഞ്ഞ ദിവസം പട്ടാപകലാണ് കാർഷിക മേഖലയായ ആനവിലാസം, കന്നിമാർ ചോലയിൽ പുലിയിറങ്ങി ഓട്ടോ തൊഴിലാളിയായ കാർത്തികേയന്റെ ആടിനെ കൊന്ന് തിന്നത്. ആടിന് ഉച്ചക്ക് വെള്ളം കൊടുക്കാനെത്തിയപ്പോഴാണ് ആടിനെ കൊന്ന് പകുതിയിലധികം ഭക്ഷിച്ച നിലയിൽ കാണപ്പെട്ടത്. പിന്നീട് വനപാലകർ നടത്തിയ പരിശോധനയിൽ ആടിനെ കൊന്നത് പുലിതന്നെയാണെന്ന് വ്യക്തമായി. കുമളി സ്പ്രിങ് വാലിയിൽ കഴിഞ്ഞ മാസമാണ് കൃഷിയിടത്തിലിറങ്ങിയ കാട്ടുപോത്ത് കർഷകനെ ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചത്.
ചെങ്കര, വള്ളക്കടവ് പ്രദേശങ്ങളിൽ പതിവായി പുലി, കടുവ എന്നിവയിറങ്ങി വളർത്തുമൃഗങ്ങളെ കൊല്ലുന്നത് നിത്യസംഭവമായിട്ടുണ്ട്. കുമളി ഒന്നാം മൈൽ ഒട്ടകത്തലമേട്ടിൽ നാട്ടുകാർ കരടികളെ കണ്ടെങ്കിലും പിന്നീട് വനപാലകർക്ക് ഇവയെ കാണാനായില്ല. ചെങ്കരയിൽ പുലിയെ പിടികൂടാൻ കെണിയൊരുക്കി കൂട് വെച്ചെങ്കിലും കൂട്ടിൽ കയറാതെ പുലി പരിസരം ചുറ്റിനടന്ന് തിരിച്ചു പോകുന്നത് പതിവ് കാഴ്ചയായിട്ടുണ്ട്. കാട്ടിലെ വന്യ ജീവികൾ കൂട്ടത്തോടെ നാട്ടിലിറങ്ങി കൃഷികൾ നശിപ്പിച്ചും ഉപജീവനമാർഗ്ഗമായ വളർത്തു മൃഗങ്ങളെ കൊന്നൊടുക്കിയും ഭീതി സൃഷ്ടിക്കുമ്പോൾ മതിയായ നഷ്ടപരിഹാരം നൽകാനോ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കാനോ വനം വകുപ്പിന് കഴിയാത്തത് നാട്ടുകാർക്കിടയിൽ വലിയ പ്രതിഷേധമാണ് ഉയർത്തുന്നത്.
ഇത്രയും പുലികളോ?
മുട്ടം: പുലി ഭീതി നിലനിൽക്കെ അഭ്യൂഹങ്ങളും നാടാകെ പടരുകയാണ്. ഒരേസമയം തന്നെ പുലിയെ പല ഇടങ്ങളിൽ കണ്ടതായി പലരും പറയുന്നു. ഇത്രയും പുലികൾ നാട്ടിലുണ്ടോ എന്നാണ് ജനങ്ങൾ ചോദിക്കുന്നത്. ഒരു പുലിയെയും മൂന്ന് കുഞ്ഞുങ്ങളെയും മ്രാലയിൽ കണ്ടതായി പാറേക്കുടിയിൽ ജോയി പറയുന്നു. രണ്ട് പുലികളെ കണ്ടതായി പഴയമറ്റത്ത് താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾ സ്ഥിരീകരിക്കുന്നു. വെള്ളിയാഴ്ച രാത്രി ഒറ്റല്ലൂർ കന്നാര തോട്ടത്തിൽ രണ്ട് പുലികളെ കണ്ടതായി അവിടുത്തുകാർ പറയുന്നു. ഇതേ സമയം തന്നെ മലങ്കരയിലെ റബർ ഫാക്ടറിക്ക് സമീപം ഒരു പുലിയെ കണ്ടതായും പറയുന്നു. ഇതേ ദിവസം തന്നെയാണ് കടനാട് പഞ്ചായത്തിലെ തുമ്പിമലയിലും പ്രദേശവാസിയായ തടത്തിൽ രവി പുലിയെ കണ്ടതായി പറയുന്നത്.
ശനിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെ നടക്കാനിറങ്ങിയ കുട്ടത്തുപറമ്പിൽ ജേക്കബ്, റെജി നീലിയാനിക്കൽ, ബിജു കളരിക്കൽ എന്നിവർ കാക്കൊമ്പ് ആർ.പി.എസിന് സമീപം വച്ച് ഒരു പുലിയെ കണ്ടതായി പറയുന്നു. നായയെ ഓടിച്ച് കൊണ്ടു വരുന്നതായി കണ്ട് എന്നാണ് പറയുന്നത്. മൂന്ന് ദിവസങ്ങൾക്ക് മുമ്പ് മുട്ടം വിജിലൻസ് ഓഫിസിന് സമീപത്ത് വെച്ചും അതിന് മുമ്പ് പോളിടെക്നിക് ഹോസ്റ്റലിന് സമീപത്ത് വെച്ചും പുലിയെ കണ്ടതായി പറയുന്നു. ഞായറാഴ്ച പുലർച്ചെ ഒറ്റല്ലൂരിൽ പുലിയെ കണ്ട് കിഴക്കൻകരയിൽ വിജു ഭയന്ന് ഓടിയതായി പറയുന്നു.
വിവിധ സ്ഥലങ്ങളിൽ പുലിയെ കണ്ടതായി പറയുമ്പോഴും കരിങ്കുന്നം പഞ്ചായത്തിലെ ഒറ്റക്കല്ലുപാറയിൽ സ്ഥാപിച്ച കാമറയിൽ മാത്രമാണ് പുലിയുടെ ചിത്രം പതിഞ്ഞിട്ടുള്ളത്. അതാകട്ടെ ഒരു പുലിയുടെ ചിത്രവും. മറ്റിടങ്ങളിൽ കണ്ടത് പുലിയാണൊ എന്ന് സ്ഥിരീകരിക്കാൻ കാമറ സ്ഥാപിച്ച് കാത്തിരിക്കുകയാണ് വനം വകുപ്പ്. അനവധി സ്ഥലങ്ങളിൽ പുലിയെ കണ്ടതായി പറയുന്നതിനാൽ എവിടെ കൂട് സ്ഥാപിക്കും എവിടെ കാമറ സ്ഥാപിക്കും എന്ന ആശങ്കയിലുമാണ് വനം വകുപ്പ്. കണ്ടത് എല്ലാം ഒരേ പുലിയെ തന്നെ ആകാനാണ് സാധ്യതയെന്നാണ് വനം വകുപ്പിന്റെ നിഗമനം. എന്നാൽ, ഒന്നിലധികം പുലിയെ ഒരേ സമയത്ത് കണ്ടതായി നാട്ടുകാരും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.