കാട്ടുപോത്ത് ആക്രമണം; വനപാലകരെ തടഞ്ഞുവെച്ച് നാട്ടുകാർ
text_fieldsകുമളി: പെരിയാർ വനമേഖലയിൽ നിന്ന് കൃഷിയിടത്തിലേക്ക് ഇറങ്ങി വന്ന കാട്ടുപോത്തിന്റെ ആക്രമണത്തിൽ കർഷകന് ഗുരുതര പരിക്കേറ്റ സംഭവത്തിൽ സ്പ്രിങ് വാലിയിൽ നാട്ടുകാരുടെ വ്യാപക പ്രതിഷേധം.
പ്രശ്നം സംബന്ധിച്ച് അന്വേഷിക്കാനെത്തിയ പെരിയാർ കടുവ സങ്കേതത്തിലെ ഉയർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ വനപാലകരെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നാട്ടുകാർ നാലു മണിക്കൂറിലധികം തടഞ്ഞുവെച്ചു.
വെള്ളിയാഴ്ച ഉച്ചയോടെയാണ് സ്പ്രിങ് വാലി സ്വദേശിയായ കർഷകൻ രാജീവിനെ കാട്ടുപോത്ത് ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചത്. പരിക്കേറ്റ രാജീവ് പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പെരിയാർ കടുവ സങ്കേതം ഡെപ്യൂട്ടി ഡയറക്ടർ, തേക്കടി റേഞ്ച് ഓഫീസർ എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലകരുടെ സംഘമാണ് നാട്ടുകാരുടെ പ്രതിഷേധത്തിന്റെ ചൂട് അറിഞ്ഞത്.
വെള്ളിയാഴ്ച വൈകുന്നേരം മൂന്നോടെ സ്ഥലത്തെത്തിയ വനപാലകരെ രാത്രി എട്ടോടെ പൊലീസ് എത്തിയാണ് പ്രദേശത്തു നിന്നും പോകാൻ വഴിയൊരുക്കി നൽകിയത്.
മാസങ്ങളായി കാട്ടുപോത്ത്, പന്നി, മ്ലാവ് എന്നിവയുടെ ശല്യം നിലനിൽക്കുന്ന സ്ഥലമാണ് സ്പ്രിങ് വാലി പ്രദേശം. ഇടക്ക് പല തവണ പുലിയുടെ സാന്നിധ്യവും കണ്ടെത്തിയിരുന്നു. നാട്ടുകാർ വനപാലകരോട് പരാതിപ്പെട്ടിട്ടും ഫലമില്ലാതിരിക്കുന്നതിനിടെയാണ് വെള്ളിയാഴ്ചത്തെ കാട്ടുപോത്തിന്റെ ആക്രമണം പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാതെ പ്രദേശത്തു നിന്നും പോകാൻ അനുവദിക്കില്ലന്ന നിലപാടിലായിരുന്നു നാട്ടുകാർ. ഒടുവിൽ ശനിയാഴ്ച വൈകിട്ട് അഞ്ചിന് മുമ്പ് പ്രശ്നം പരിഹരിക്കാമെന്ന ഉറപ്പിലാണ് വനപാലകരെ തിരികെ പോകാൻ അനുവദിച്ചത്.
ഇതിനിടെ, കർഷകനെ ആക്രമിച്ച കാട്ടുപോത്തിനെ കണ്ടെത്താൻ ശനിയാഴ്ച രാവിലെ മുതൽ വനപാലകർ വിവിധ സംഘങ്ങളായി തിരിഞ്ഞ് പരിശോധന തുടങ്ങി. ഡ്രോൺ ഉപയോഗിച്ചും പരിശോധന തുടരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.