കുമളിയിലെ ജനവാസമേഖലയിൽ വന്യജീവികൾ; പൊറുതിമുട്ടി ജനം
text_fieldsകുമളി: ടൗണിന് സമീപം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയിൽ കാടിറങ്ങിയെത്തുന്ന ജീവികളുടെ ശല്യത്തിൽ പൊറുതിമുട്ടി നാട്ടുകാർ. കുമളി റോസാപ്പൂക്കണ്ടം, താമരക്കണ്ടം ഭാഗങ്ങളിലാണ് വന്യജീവി സങ്കേതത്തിൽനിന്ന് പതിവായി ജീവികളിറങ്ങി കൃഷി നശിപ്പിക്കുന്നത്.
പെരിയാർ കടുവ സങ്കേതത്തോട് ചേർന്ന പ്രദേശമായതിനാൽ പന്നി, കുരങ്ങ്, മ്ലാവ് എന്നിവയാണ് കൃഷിയിടങ്ങളിലും ജനവാസകേന്ദ്രങ്ങളിലും എത്തുന്നത്. രാത്രി തീറ്റതേടിയെത്തുന്ന പന്നിക്കൂട്ടങ്ങൾ പകലും കാട്ടിലേക്ക് തിരികെ പോകാതെ കൃഷിയിടങ്ങളിലുടെ ചുറ്റി നടക്കുന്നത് പതിവാണ്.
വനമേഖലയുടെ അതിരിൽ കാട്ടുജീവികൾ നാട്ടിലേക്ക് കടക്കാതിരിക്കാൻ കിടങ്ങുകളോ വൈദ്യുതി വേലിയോ ഇല്ലാത്തതാണ് പ്രശ്നങ്ങൾക്ക് കാരണം.
ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്തെ റോഡിലും ഇടവഴിയിലുമെല്ലാം പന്നികൾ ചുറ്റിത്തിരിയുന്നത് നാട്ടുകാരിലും ഭീതി നിറക്കുന്നു. ഇവയിൽനിന്ന് എപ്പോൾ വേണമെങ്കിലും ആക്രമണം ഉണ്ടാകാൻ സാധ്യത ഉണ്ടെന്നതാണ് കാരണം.
കൃഷിയിടങ്ങളിലെ വാഴ, കപ്പ, ചേന തുടങ്ങി മിക്ക കൃഷികളും പന്നികൾ നശിപ്പിക്കുമ്പോൾ തെങ്ങ്, വാഴ തുടങ്ങി ഫലവൃക്ഷങ്ങളും പച്ചക്കറികളും വരെ കുരങ്ങുകൾ നശിപ്പിക്കുന്നു. വീടിനു പുറത്ത് ഉണങ്ങാനിടുന്ന തുണി, അരി, ഗോതമ്പ് തുടങ്ങിയ ഭക്ഷ്യസാധനങ്ങൾ എന്നിവയെല്ലാം കുരങ്ങുകൾ നശിപ്പിക്കുന്നത് നാട്ടുകാരെ വലിയ ദുരിതത്തിലാക്കിയിട്ടുണ്ട്.
കാടിറങ്ങിയെത്തുന്ന ജീവികൾ നാട്ടുകാരുടെ സ്വൈരജീവിതം തകർക്കുന്നത് പതിവായിട്ടും വനപാലകർ നടപടി സ്വീകരിക്കാത്തത് പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.