കുഞ്ചിപ്പെട്ടി അരി വിപണിയിലേക്ക്; കട്ടമുടിക്കുടിയിൽ നാളെ കൊയ്ത്തുത്സവം
text_fieldsഇടുക്കി: അടിമാലി ഗ്രാമപഞ്ചായത്തിലെ കട്ടമുടിക്കുടി പാടശേഖരത്തിൽ വെള്ളിയാഴ്ച കൊയ്ത്തുത്സവം. അടിമാലി ഗ്രാമപഞ്ചായത്തിലെ നാലാം വാർഡിൽ പൂർണമായും ആദിവാസിവിഭാഗങ്ങൾ മാത്രം ഉൾക്കൊള്ളുന്ന പ്രദേശമാണ് കട്ടമുടി കുഞ്ചിപ്പെട്ടി.
മുതുവാൻ വിഭാഗത്തിൽപെട്ട ആളുകളാണ് ഇവിടെയുള്ളത്. വനത്താൽ ചുറ്റപ്പെട്ട 20 ഏക്കറിൽ കൂടുതൽ വ്യാപിച്ചുകിടക്കുന്ന പാടശേഖരമാണുള്ളത്. കൊയ്ത്തുത്സവം ആവേശമാക്കാനുള്ള ഒരുക്കത്തിലാണ് നാട്. വൈകീട്ട് 3.30ന് മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്യും. രണ്ടാംഘട്ട വിളവെടുപ്പും വേനൽക്കാല പച്ചക്കറികൃഷിയുടെ ആരംഭവും ഹരിത നഗർ പ്രഖ്യാപനവും പരിപാടിയുടെ ഭാഗമായി നടക്കും.
കുഞ്ചിപ്പെട്ടി അരി ബ്രാൻഡ് പൊതുവിപണിയിലേക്കെത്തിക്കുന്നതിന്റെ തുടക്കവും മന്ത്രി നിർവഹിക്കും. ഈ വർഷം നെൽകൃഷി മൂന്നിരട്ടിയായി വർധിച്ചിട്ടുണ്ട്.
ഈ വർഷം മുതൽ വിപുലമായ വേനൽക്കാല പച്ചക്കറി കൃഷി ആരംഭിക്കാനാണ് പാടശേഖര സമിതി ഉദ്ദേശിക്കുന്നത്. കട്ടമുടിക്കുടി പാടശേഖര സമിതിയും പൊൻകതിർ കൃഷിക്കൂട്ടവും സംയുക്തമായാണ് കൃഷിയിറക്കുക. അടിമാലി കൃഷിഭവന്റെയും ശാന്തൻപാറ കൃഷിവിജ്ഞാൻ കേന്ദ്രയുടെയും നേതൃത്വത്തിൽ പച്ചക്കറിവിത്തുകൾ വിതരണം ചെയ്തു.
ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ പട്ടികവർഗ വികസന വകുപ്പ്, കാർഷിക വികസന കാർഷിക ക്ഷേമ വകുപ്പ്, സലിം അലി ഫൗണ്ടേഷൻ, കൃഷി വിജ്ഞാൻ കേന്ദ്ര, അടിമാലി ഗ്രാമപഞ്ചായത്ത്, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ മിഷൻ, കേരള എൻ.ജി.ഒ യൂനിയൻ, വെ ടു വില്ലേജ് ഫാം ടൂറിസം സ്റ്റാർട്ടപ് തുടങ്ങിയവരുടെ പ്രവർത്തനങ്ങളാണ് മേഖലയെ ഹരിത നഗറാക്കി മാറ്റുന്നത്.
കട്ടമുടിക്കുടി പാടശേഖരത്തിൽ വിളഞ്ഞ നെല്ല് ഇനിമുതൽ കുഞ്ചിപ്പെട്ടി അരി എന്ന ബ്രാൻഡിൽ വിപണിയിലെത്തും. ആദ്യ പാക്കറ്റ് പരിപാടിയിൽ മന്ത്രി ഏറ്റുവാങ്ങും. പൂർണമായും വനത്താൽ ചുറ്റപ്പെട്ട പാടശേഖരത്തിൽ വിളഞ്ഞ നെല്ല് ഈ വർഷം മുതൽ പൊതുവിപണിയിൽ ലഭ്യമാക്കുന്നതിനാണ് ശ്രമം. ഇതോടൊപ്പം ഉത്തരവാദിത്ത ഫാം ടൂറിസം പദ്ധതികൾ കൂടി നടപ്പാക്കാനുള്ള ആലോചനയിലാണ് പാടശേഖര സമിതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.