കടുവപ്പേടിയിൽ കല്ലാർ എസ്റ്റേറ്റിലെ തൊഴിലാളി കുടുംബങ്ങൾ
text_fieldsമൂന്നാർ: കല്ലാർ എസ്റ്റേറ്റിലെ തൊഴിലാളി കുടുംബങ്ങൾ കടുവ ഭീതിയിൽ. തിങ്കളാഴ്ച രാവിലെ ഏഴരക്ക് എസ്റ്റേറ്റിലെ ഫാക്ടറി ഡിവിഷനിലേക്കുള്ള റോഡിൽ കടുവയെ കണ്ടതോടെയാണ് പ്രദേശവാസികൾ ഭീതിയിലായത്. കല്ലാർ എസ്റ്റേറ്റ് സ്വദേശിയും മൂന്നാർ ടൗണിലെ ഡ്രൈവറുമായ അരുണിന്റെ ജീപ്പിന്റെ മുന്നിലാണ് കടുവ എത്തിയത്. വാഹനം പെട്ടെന്ന് നിർത്തിയതോടെ അൽപനേരം റോഡിൽ നിന്ന കടുവ പിന്നീട് തേയിലത്തോട്ടത്തിൽ മറയുകയായിരുന്നു.
വനാതിർത്തിയോട് ചേർന്ന കല്ലാർ പുതുക്കാട് ഡിവിഷനിൽ പലതവണ കടുവയെയും പുലിയെയും കണ്ടിട്ടുണ്ടെങ്കിലും തോട്ടം തൊഴിലാളി കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന ഫാക്ടറി ഡിവിഷൻ ഭാഗത്ത് ആദ്യമായാണ് ഇവയെ കാണുന്നത്. രാവിലെ കടുവയാണ് ഭീതി പരത്തിയതെങ്കിൽ വൈകീട്ട് കാട്ടാനയും ഈ ഭാഗത്തെത്തി. പഞ്ചായത്തിന്റെ മാലിന്യ സംസ്കരണ പ്ലാന്റിന് സമീപം കല്ലാറിലേക്കുള്ള റോഡിലൂടെ കുറേനേരം നടന്ന ശേഷമാണ് കൊമ്പൻ കാടുകയറിയത്. ഈ സമയത്ത് ഒട്ടേറെ വാഹനങ്ങൾ ഇതുവഴി വന്നെങ്കിലും ആനയെ കണ്ടതോടെ അവയെല്ലാം നിർത്തിയിട്ടു.
കാട്ടുകൊമ്പൻ പടയപ്പ ഒരു മാസത്തിലധികമായി കല്ലാർ, നല്ലതണ്ണി എസ്റ്റേറ്റുകളിലാണ് മേയുന്നത്. എന്നാൽ, തിങ്കളാഴ്ച റോഡിലിറങ്ങിയത് പടയപ്പയല്ലെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. വീതി കുറഞ്ഞതും കൊടും വളവുകൾ നിറഞ്ഞതുമാണ് മൂന്നാർ-കല്ലാർ റോഡ്.വാഹനങ്ങൾ അപ്രതീക്ഷിതമായി വന്യമൃഗങ്ങൾക്ക് മുന്നിൽപ്പെട്ടാൽ ആക്രമണത്തിനുള്ള സാധ്യത കൂടുതലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.