ചികിത്സ സൗകര്യമില്ല; അര്‍ബുദ ബാധിതർക്ക് ആശ്രയം മറ്റ് ജില്ലകളിലെ ആശുപത്രികള്‍
text_fieldsഅടിമാലി: അര്‍ബുദ ബാധിതരുടെ എണ്ണം അനുദിനം വർധിക്കുന്ന ഇടുക്കിയിൽ ചികിത്സ സൗകര്യം ഇല്ലാത്തത് രോഗികളെ വലക്കുന്നു. ഇടുക്കി മെഡിക്കൽ കോളജിൽ പ്രത്യേകം കാൻസർ വിഭാഗം തുടങ്ങുമെന്നും നടപടികൾ പുരോഗമിക്കുകയാണെന്നും കേൾക്കാൻ തുടങ്ങിയിട്ട് നാളേറെയായി.
മെഡിക്കൽ കോളജ്തന്നെ പ്രാരംഭ ദിശയിലായതിനാൽ കാൻസർ വാർഡ് എന്ന് യാഥാർഥ്യമാകുമെന്ന് ഉറപ്പില്ല. ജില്ലയിലെ സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും അര്‍ബുദ ചികിത്സക്ക് സൗകര്യങ്ങൾ ഇല്ല. തിരുവനന്തപുരത്തും കോട്ടയത്തും എത്തിയാണ് രോഗികൾ കൂടുതലും ചികിത്സ തേടുന്നത്.
കീമോയും മറ്റും നടത്തി ദീർഘനാൾ ചികിത്സ വേണ്ടവർ നിരവധിയാണ്. ഇത്തരക്കാർക്ക് പരിശോധനക്കും മരുന്ന് ലഭിക്കാനും ജില്ലയിൽ സൗകര്യമില്ല. രോഗനിര്‍ണയത്തിനും ചികിത്സക്കും അയല്‍ ജില്ലകളിലോ തമിഴ്നാട്ടിലോ പോകേണ്ട അവസ്ഥയിലാണ് രോഗികള്‍. ജില്ലയില്‍ തൊടുപുഴ ജില്ല ആശുപത്രിയില്‍ അര്‍ബുദ പരിചരണമുണ്ട്. പ്രത്യേക വാർഡോ ഗുരുതര രോഗികളെ പരിചരിക്കാനോ സൗകര്യമില്ല.
ഇതോടെയയാണ് കോട്ടയം, കളമശ്ശേരി മെഡിക്കല്‍ കോളജുകൾ തമിഴ്നാട്ടിലെ തേനി, കോയമ്പത്തൂർ അടക്കം ആശുപത്രികളിലേക്ക് പോകേണ്ടി വരുന്നത്. ആരോഗ്യ വകുപ്പിന്റെ കണക്ക് പ്രകാരം 2000ലേറെ രോഗികളാണ് ജില്ലയിൽ ചികിത്സയിലുള്ളത്.
സ്വകാര്യ ആശുപത്രികളിൽ റിപ്പോർട്ട് ചെയ്ത കേസുകൾ കൂടിയാകുമ്പോൾ 2800ന് അടുത്ത് രോഗികൾ ജില്ലയിലുണ്ടെന്നാണ് വിവരം. തമിഴ്നാടുമായി അതിര്‍ത്തി പങ്കിടുന്ന മറയൂരില്‍നിന്ന് അര്‍ബുദത്തിന് ചികിത്സയുള്ള തൊടുപുഴയിലെത്താൻ 130 കിലോമീറ്റർ സഞ്ചരിക്കണം. ഇവിടെ പ്രവേശനം ലഭിച്ചില്ലെങ്കിൽ കോട്ടയത്ത് എത്തണമെങ്കിൽ വീണ്ടും 60 കിലോമീറ്റർകൂടി സഞ്ചരിക്കണം.
ഇതോടെ രോഗിയും കൂടയുള്ളവരും വശംകെടും. ചികിത്സച്ചെലവിനൊപ്പം യാത്രക്കും ഭാരിച്ച തുക ചെലവിടേണ്ടിവരുന്നു. പോക്കുവരവിനുള്ള പ്രയാസം കാരണം നിരവധിപേർ ആശുപത്രിക്ക് സമീപം മുറി വാടകക്കെടുത്ത് താമസിക്കുന്നവരുണ്ട്.
തോട്ടം മേഖലയിൽ അര്‍ബുദ ബാധിതർ വർധിച്ചു വരുന്നതായാണ് കണക്ക്. തോട്ടം മേഖലയിൽ അമിതമായ കീടനാശിനിയുടെ ഉപയോഗമാണെങ്കിൽ ആദിവാസി സമൂഹത്തിനിടയിൽ മുറുക്കും പുകവലിയും പ്രധാന വില്ലനാണ്. വർധിച്ചുവരുന്ന ലഹരി ഉപയോഗത്തിനിനെതിരെ ബോധവത്കരണ പരിപാടികൾ നടത്തുന്നുണ്ടെങ്കിലും കാര്യമായ വിജയം കാണുന്നില്ല.
പൊതുജനാരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ അര്‍ബുദ നിയന്ത്രണം ലക്ഷ്യമാക്കി അതിജീവനം പദ്ധതി നടപ്പാക്കിവരുന്നുണ്ട്. സ്തനാര്‍ബുദം, ഗര്‍ഭാശയ അര്‍ബുദം, വായ്ക്കകത്തുള്ള അര്‍ബുദം എന്നിവ കണ്ടെത്താന്‍ ആദിവാസി കോളനികളില്‍ മെഡിക്കല്‍ ക്യാമ്പുകൾ മുമ്പ് നടത്തിയിരുന്നു. മൂന്ന് വര്‍ഷമായി ഇതും മുടങ്ങി. മറ്റെല്ലാ രോഗങ്ങള്‍ക്കുമെന്നപോലെ കൃത്യമായ ചികിത്സയും പരിചരണവും ലഭിച്ചാൽ അര്‍ബുദരോഗത്തെ അതിജീവിക്കാവുന്നതേയുള്ളൂ. ഗര്‍ഭാശയ, അണ്ഡാശയ അര്‍ബുദം നേരത്തേ കണ്ടെത്തിയാൽ എളുപ്പത്തിൽ ചികിത്സിച്ച് മാറ്റാനാകും.
ആരോഗ്യ മേഖലയിൽ കോടികളുടെ പദ്ധതികൾ നടപ്പാക്കുമ്പോഴും ജില്ലയിൽ അര്‍ബുദ നിര്‍ണയത്തിനും ചികിത്സക്കും സ്ഥിരംസംവിധാനം വേണമെന്ന ആലോചന എങ്ങുമുണ്ടായില്ല. ആരോഗ്യ വകുപ്പും എം.പി, എം.എൽ.എമാർ, ത്രിതല പഞ്ചായത്ത് സംവിധാനങ്ങളും ഒത്തൊരുമിച്ചാൽ പരിഹാരം കാണാം.
തോട്ടങ്ങളിലെ നിരോധിത കീടനാശിനി പ്രയോഗവും കാരണം
തോട്ടം മേഖലയിലെ അമിത കീടനാശിനി പ്രയോഗം ജില്ലയിലെ പുഴകളെയും കൈത്തോടുകളെയും മലിനമാക്കുന്നു. തേയില-ഏലം തോട്ടം മേഖലയിലാണ് അമിതമായ കീടനാശിനി പ്രയോഗം. മുതിരപ്പുഴ, നല്ലതണ്ണിയാർ, കല്ലാർ തുടങ്ങി പുഴകളും കൈത്തോടുകളും വിഷവാഹിനിയായി മാറി. മേഖലയിലെ ജലസമ്പത്തിനും ഭീഷണിയാണ്. കീടനാശിനി കലര്‍ന്ന വെള്ളം ഉപയോഗിക്കുകവഴി വന്യമൃഗങ്ങള്‍ക്കും ജീവഹാനി ഉണ്ടാകുന്നു. ജില്ലയില്‍ 60000 ഹെക്ടറിന് മുകളിലാണ് തേയില-ഏലം കൃഷികള്‍ ഉള്ളത്. അര്‍ബുദത്തിന് കാരണമായ എന്‍ഡോസൾഫാൻ പോലുള്ള മാരക കീടനാശിനികൾ തോട്ടങ്ങളിൽനിന്ന് ഒഴിവായിട്ടില്ല. നിരോധിത കീടനാശിനികൾ തമിഴ്നാട്ടില്‍നിന്നാണ് എത്തുന്നത്. ഏലത്തോട്ടം മേഖലയിലാണ് ഇതിന്റെ ഉപയോഗം കൂടുതലും.
പ്രദേശവാസികളായ തൊഴിലാളികള്‍ കീടനാശിനി പ്രയോഗത്തിന് എതിരുനിന്നതോടെ ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ചാണ് ഇപ്പോള്‍ ഈ ജോലി ചെയ്യിക്കുന്നത്. മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് അര്‍ബുദ ബാധിതർ തോട്ടം മേഖലയില്‍ കൂടിവരുകയാണ്.
കൂടാതെ അംഗപരിമിതരായ കുട്ടികളും കൂടിവരുന്നു. ഇതിന് കാരണം അനിയന്ത്രിതമായ കീടനാശിനി പ്രയോഗമാണെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നത്. തോട്ടങ്ങളില്‍ കീടനാശിനി തളിക്കുന്ന തൊഴിലാളികൾ സുരക്ഷ ഉപകരണങ്ങൾ ഉപയോഗിക്കുന്നത് പലപ്പോഴും ഉണ്ടാകാറില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.