ഉൽപാദനക്കുറവ്; ഏലം വില ഉയരുന്നു
text_fieldsകട്ടപ്പന: ഉൽപാദനക്കുറവിനെത്തുടർന്ന് ഏലം വില ഉയരുന്നു. കൂടിയ വില 2051 രൂപയിലും ശരാശരി വില 1250 രൂപയിലും എത്തി.കഴിഞ്ഞ 15 ദിവസത്തിനിടെ കൂടിയ വില 500 രൂപയും ശരാശരി വില 250 രൂപയും വർധിച്ചു. കനത്ത മഴയും കാറ്റും ഏലത്തിന് നാശമുണ്ടാക്കുന്നതും അടുത്ത ദീപാവലി സീസൺ മുന്നിൽക്കണ്ട് ഉത്തരേന്ത്യൻ വ്യാപാരികൾ വിപണിയിൽ സജീവമായതുമാണ് വിപണിയിലെ മാറ്റത്തിന് കാരണം. ഏലക്ക ഉൽപാദനത്തിൽ ഇപ്പോഴുണ്ടായ ഇടിവും വില കൂടാൻ കാരണമായി.
പുറ്റടി സ്പൈസസ് പാർക്കിൽ കഴിഞ്ഞദിവസം നടന്ന നെടുങ്കണ്ടം ഹെഡർ കമ്പനിയുടെ ഓൺലൈൻ ലേലത്തിൽ ഒരു കിലോ ഏലക്കയുടെ ഉയർന്ന വില 2051 രൂപയിലും ശരാശരി വില കിലോക്ക് 1250 രൂപയിലും എത്തി. വിൽപനക്ക് പതിച്ച 60824.4 കിലോ ഏലക്കയിൽ 53858.8 കിലോയും വിറ്റുപോയപ്പോഴാണ് ഈ വില കിട്ടിയത്. അടുത്തനാളിലെ ഏറ്റവും ഉയർന്ന വിലയാണിത്.
കഴിഞ്ഞ ജൂൺ 20ന് നടന്ന കാർഡമം ഫോർ എവർ കമ്പനിയുടെ ഓൺലൈൻ ലേലത്തിൽ കൂടിയ വില 1507 രൂപയും ശരാശരി വില 1009 രൂപയുമായിരുന്നു. അതായത്, 15 ദിവസത്തിനിടെ കൂടിയവിലയിൽ 500 രൂപയുടെയും ശരാശരി വിലയിൽ 250 രൂപയുടെയും വർധന. വരുംദിവസങ്ങളിൽ വിപണിയിൽ ഏലത്തിന്റെ വില വീണ്ടും ഉയരുമെന്ന സൂചനയാണ് ഇത് നൽകുന്നത്. 2021ൽ ഏലം സർവകാല റെക്കോഡായ കിലോക്ക് 7000 രൂപ വരെയായി ഉയർന്നിരുന്നു. ഏലക്ക വിപണിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയായിരുന്നു അത്.
ഇപ്പോഴത്തെ രീതിയിൽ വില ഉയർച്ച തുടർന്നാൽ ഒരു മാസത്തിനുള്ളിൽ ഏലക്ക ശരാശരി വില കിലോക്ക് 2000 പിന്നിടുമെന്നാണ് വ്യാപാരികൾ നൽകുന്ന സൂചന. ഏലക്കയുടെ വലുപ്പം, പച്ചനിറം, കായ്ക്കുള്ളിലെ അരിയുടെ എണ്ണം, ഓയിലിന്റെ അംശം തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചാണ് വില കണക്കാക്കുന്നത്.കട്ടപ്പനയിലെ ലോക്കൽ കമ്പോളത്തിലും ഒരു മാസത്തിനിടെ ഏലത്തിന്റെ ശരാശരി വിലയിൽ 200 രൂപ മുതൽ 300 രൂപ വരെ വർധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.