ലാൽജിയുടെ ലൈബ്രറി വീട്...
text_fieldsചെറുതോണി: വീടുനിറയെ പുസ്തകങ്ങൾ. അത് ഭംഗിയായി അടുക്കും ചിട്ടയോടെയും സൂക്ഷിച്ചിരിക്കുന്നു. തകഴി, മുട്ടത്തുവർക്കി, എസ്.കെ. പൊറ്റക്കാട്ട്, കെ.ആർ. മീര തുടങ്ങി പഴയതും പുതിയതുമായ തലമുറയിലുള്ള എഴുത്തുകാരുടെ മൂവായിരത്തോളം പുസ്തകങ്ങളാണ് വാഴത്തോപ്പ് ലക്ഷംകവല സ്വദേശി ചുണ്ടക്കുഴി അബ്ദുൽ റഷീദ് (49) എന്ന ലാൽജിയുടെ വീട്ടിലെ ലൈബ്രറിയിലുള്ളത്. വിദ്യാർഥിയായിരിക്കുമ്പോൾ തന്നെ ലാൽജി വായനയുടെ ലോകത്തേക്ക് ആകൃഷ്ടനായിരുന്നു.
വഴികാട്ടിയത് സ്കൂൾ അധ്യാപകനായ അമ്മാവൻ ഇബ്രാഹിം മാസ്റ്ററുടെ വീട്ടിലെ ലൈബ്രറിയായിരുന്നു. കൽപറ്റയിലായിരുന്നു ലാൽജിയുടെ വീട്. സഞ്ചാരം ഏറെ ഇഷ്ടപ്പെട്ടിരുന്ന ഇദ്ദേഹം മിക്ക സംസ്ഥാനങ്ങളിലും ടൂറിസ്റ്റ് ഗൈഡായി ജോലി ചെയ്തു. അപ്പോഴൊക്കെ എവിടെ പുസ്തകങ്ങൾ കണ്ടാലും വാങ്ങുകയും വായിക്കുകയും ചെയ്യുന്നത് ശീലമായിരുന്നു. പത്തോളം ഭാഷകൾ അനായാസം സംസാരിക്കും. സഞ്ചാരമൊക്കെ നിർത്തി 15 വർഷം മുമ്പ് ഇടുക്കി ചെറുതോണിയിലെത്തി ലാൽജി വ്യാപാര സ്ഥാപനം തുടങ്ങിയെങ്കിലും വായന കൈവിട്ടില്ല. കച്ചവടത്തിനിടയിലും ഏറെ സമയം നീക്കിവെച്ചത് വായനക്കാണ്. എല്ലാ പുസ്തകങ്ങളും നിധിപോലെയാണ് സൂക്ഷിക്കുന്നത്.
വായനയുടെ ലോകത്തുനിന്നാണ് ജീവിതസഖിയെയും കണ്ടെത്തിയത്. തെൻറ സ്ഥാപനത്തിൽ സ്ഥിരമായി വരുമായിരുന്ന പെൺകുട്ടിയുടെ കൈയിൽ പ്രമുഖ സാഹിത്യകാരന്മാരുടെ പുസ്തകങ്ങൾ കാണാൻ തുടങ്ങിയതോടെ പരിചയപ്പെട്ടു. പിന്നെ അതു പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തി. നോവലുകൾ കവിത, കഥ ചരിത്രം പൊതുവിജ്ഞാനം എന്നിവക്ക് പുറമെ ആനുകാലിക പ്രസിദ്ധീകരണങ്ങളും ലാൽജിയുടെ ലൈബ്രറിയിലുണ്ട്. എല്ലാ പുസ്തകങ്ങളും മഹത്തരമാണെന്നാണ് ഇദ്ദേഹത്തിെൻറ പക്ഷം. തെൻറ ലൈബ്രറിയിൽനിന്ന് പുസ്തകം കൊണ്ടുപോയാൽ ചിട്ടയായി വായിച്ച് കൃത്യമായി തിരിച്ചേൽപിക്കണമെന്ന നിർബന്ധബുദ്ധിയുമുണ്ട്. ഇങ്ങനെ ചെയ്യാത്തവർക്ക് പിന്നീട് പുസ്തകങ്ങൾ നൽകില്ല.
പലരും പേരിനുവേണ്ടി പുസ്തകങ്ങൾ കൊണ്ടുപോകാൻ തുടങ്ങിയതോടെ ഇനി പുസ്തകങ്ങൾ കൊടുത്തുവിടില്ലെന്ന് തീരുമാനിച്ചു. എന്നാൽ, ഏതാനും വർഷങ്ങളായി വായനയെ സ്നേഹിക്കുന്ന ഏതാനും പേർ ലാൽജിയുടെ ലൈബ്രറിയിലെ സ്ഥിരാംഗങ്ങളാണ്. ഇവർക്ക് മെംബർഷിപ്പില്ല.ആവശ്യാനുസരണം പുസ്തകം കൊണ്ടുപോകാം. കൃത്യമായി തിരിച്ചേൽപിക്കണം. പുസ്തകവുമായി മടങ്ങി എത്തുമ്പോൾ വായിച്ചോ എന്നറിയാൻ കൊണ്ടുപോയ പുസ്തകത്തിലെ ഏതാനും ചോദ്യങ്ങളും ചോദിക്കും. ഭാര്യ: മുംതാസ്. മക്കൾ: സുൽത്താന, അമീർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.