ഭൂപ്രശ്നം: ഡീൻ കുര്യാക്കോസ് എം.പിയുടെ നിരാഹാര സമരത്തിന് തുടക്കം
text_fieldsതൊടുപുഴ: ഇടുക്കിയിലെ ഭൂപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് കട്ടപ്പനയിൽ തുടക്കമായി.
ഞായറാഴ്ച വൈകീട്ട് കട്ടപ്പന മുനിസിപ്പൽ മൈതാനിയിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഓൺലൈനിലൂടെ ഉദ്ഘാടനം നിർവഹിച്ചു. 1964 ലെയും 93ലെയും ഭൂപതിവ് ചട്ടങ്ങളിൽ അനിവാര്യമായ മാറ്റങ്ങൾ നടപ്പാക്കാൻ സംസ്ഥാന സർക്കാറിന് കഴിയാത്തത് ഖേദകരമാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
സർവകക്ഷിയോഗത്തിലും നിയമസഭയിലും മുഖ്യമന്ത്രി നൽകിയ വാക്കുപാലിക്കാൻ കഴിയാത്തത് പ്രതിഷേധകരമാണ്. മറ്റ് ജില്ലകൾക്കുള്ള എല്ലാ അവകാശങ്ങളും ഇടുക്കിക്കും ഉണ്ടാകണം. ഡി.സി.സി പ്രസിഡൻറ് ഇബ്രാഹീംകുട്ടി കല്ലാർ അധ്യക്ഷതവഹിച്ചു. നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പി.ജെ. ജോസഫ് എം.എൽ.എയും സമരപ്പന്തലിൽ എത്തി.
യു.ഡി.എഫ് നേതാക്കളായ എസ്. അശോകൻ, എം.ജെ. ജേക്കബ്, ഇ.എം. ആഗസ്തി, എ.കെ. മണി, ദീപ്തി മേരി, തോമസ് രാജൻ, ജോയ് വെട്ടിക്കുഴി തുടങ്ങിയവർ പങ്കെടുത്തു. ഇതേ വിഷയത്തിൽ നിരാഹാര സമരം നടത്തിയ റോഷി അഗസ്റ്റിൻ എം.എൽ.എയുടെ ഇപ്പോഴത്തെ നിലപാടറിയാൻ ജനങ്ങൾക്ക് താൽപര്യമുണ്ടെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.