ടൂറിസം മേഖലകൾ കൈയടക്കി വമ്പൻമാർ; പരുന്തുംപാറയിൽ വൻ റവന്യൂഭൂമി കൈയേറ്റം
text_fieldsഇടുക്കി: വിനോദസഞ്ചാര മേഖലകളായ പരുന്തുംപാറയിലും വാഗമണ്ണിലും പിടിമുറുക്കി ഭൂമാഫിയ. ഉദ്യോഗസ്ഥ-രാഷ്ട്രീയ പിന്തുണയോടെ വ്യാജ പട്ടയങ്ങള്‍ അടക്കം സംഘടിപ്പിച്ചാണ് ഇതര ജില്ലകളിലെ വമ്പന്മാര് ഇവിടങ്ങളില്‍ വ്യാപകമായി സര്‍ക്കാര്‍ ഭൂമി കൈയേറുന്നത്.
അതീവ പരിസ്ഥിതി ലോല മേഖലകളായ ഇവിടെ കൈയേറ്റ ഭൂമിയില്‍ ബഹുനില കെട്ടിടങ്ങള്‍ അടക്കം കെട്ടിപ്പൊക്കുമ്പോഴും റവന്യൂ വകുപ്പും ജില്ലാ ഭരണകൂടവും നടപടിയെടുക്കുന്നില്ല. ചൊക്രമുടിക്ക് സമാനമായ കൈയേറ്റങ്ങളാണ് ഇവിടങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്നത്. ജില്ലക്ക് പുറത്തുനിന്നെത്തുന്ന വന്‍സംഘങ്ങളാണ് പലയിടങ്ങളിലായി ഭൂമി തെരഞ്ഞുപിടിച്ച് നിര്‍മാണം നടത്തിവരുന്നത്. പരാതികള്‍ ഉയരുമ്പോള്‍ നടപടിയുടെ ഭാഗമായി പേരിന് സ്റ്റോപ്പ് മെമ്മോ നല്‍കുക മാത്രമാണ് റവന്യൂ വകുപ്പ് സ്വീകരിക്കുന്ന നടപടി.
സ്റ്റോപ്പ് മെമ്മോ നല്കി ഉദ്യോഗസ്ഥര്‍ മാറിയാലുടന്‍ വീണ്ടും ഇത്തരം ഭൂമികളില്‍ നിര്‍മാണം നടക്കും. ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് സര്‍ക്കാര്‍ ഭൂമിയില്‍ ഇത്തരത്തില്‍ വ്യാപകമായി കൈയേറ്റം നടക്കുന്നതെന്നാണ് ആക്ഷേപം ഉയരുന്നത്. പ്രാദേശിക രാഷ്ട്രീയ നേതാക്കളില്‍ ചിലരും ഇത്തരം കൈയേറ്റക്കാരുടെ ഇടനിലക്കാരാണ്.
പരുന്തുംപാറ മേഖലയില്‍ വന്‍ നിര്‍മാണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞദിവസങ്ങളില്‍ മാധ്യമങ്ങളിൽ വാര്‍ത്ത വന്നതോടെ റവന്യൂ വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി സ്റ്റോപ്പ് മെമ്മോ നല്‍കിയെങ്കിലും ഇതിനുശേഷവും നിര്‍മാണം അതിവേഗം പുരോഗമിക്കുകയാണ്. വാഗമണ്ണില്‍ ഒട്ടുമിക്ക കുന്നുകളും വന്‍കിടക്കാര്‍ കൈയടക്കി കഴിഞ്ഞു.
പരിസ്ഥിതി ലോല മേഖലയായിട്ട് പോലും ബഹുനിലകെട്ടിടങ്ങള് ഇവിടെ പടുത്തുയര്‍ത്തുമ്പോള്‍ അധികൃതര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നത് ദുരൂഹമാണ്. ഹൈറേഞ്ച് മേഖലയിലെ ഒട്ടുമിക്ക ഭൂമികളിലും നിര്‍മാണ നിയന്ത്രണം അടക്കം നിലനില്‍ക്കെയാണ് വന്‍കിടക്കാര്‍ക്ക് നിര്‍മാണം നടത്തുന്നതിനും ഭൂമി കൈയേറ്റം നടത്തുന്നതിനും ഉദ്യോഗസ്ഥരും സര്‍ക്കാര്‍ സംവിധാനങ്ങളും രാഷ്ട്രീയക്കാരും കൂട്ടുനില്‍ക്കുന്നത്.
വന്യമായ പച്ചപ്പും മൊട്ടക്കുന്നുകളും കാട്ടരുവികളുമുള്ള മേഖലകള്‍ ഇത്തരത്തില്‍ കൈയേറ്റക്കാര്‍ കൈക്കലാക്കി വന്‍കിട കെട്ടിടങ്ങള്‍ പടുത്തുയര്‍ത്തുന്നത് പ്രകൃതിയുടെ സ്വാഭാവിക ഭംഗിയെത്തന്നെ ഇല്ലാതാക്കുമെന്ന് പരിസ്ഥിതിപ്രവര്‍ത്തകരും ചൂണ്ടിക്കാട്ടുന്നു. ടൂറിസം രംഗത്തെ അനന്തസാധ്യതതകളാണ് ഇവിടെ കൈയേറ്റക്കാരെ ആകർഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.