കൊക്കയാറിൽ വീണ്ടും ഉരുൾപൊട്ടി; ആശങ്ക സാഹചര്യമില്ല
text_fieldsകൂട്ടിക്കൽ: ഒരാഴ്ച മുമ്പ് ഉരുൾപൊട്ടൽ നാശം വിതച്ച ഇടുക്കി ജില്ലയിലെ കൊക്കയാർ പഞ്ചായത്തിൽ വീണ്ടും ഉരുൾപൊട്ടൽ. കൊക്കയാറിലെ ഒന്നാം പാലം ഭാഗത്ത് ഉരുൾപൊട്ടിയതായി അധികൃതർ സ്ഥിരീകരിച്ചു. മേലോരം അഴങ്ങാട് അടികാട് ഭാഗത്ത് ഉരുൾപൊട്ടിയതായും വിവരമുണ്ട്.
ഉറുമ്പിക്കരയിലെ ഉരുൾപൊട്ടലും ഇളങ്കാട് മേഖലയിലെ കനത്ത മഴയും മൂലം പുല്ലകയാറിൽ ജലനിരപ്പുയർന്നത് കൂട്ടിക്കൽ പ്രദേശത്ത് ആശങ്കക്കിടയാക്കി. കൂട്ടിക്കൽ ചപ്പാത്ത് പാലത്തിൻ്റെ മുക്കാൽ ഭാഗത്തോളം വെള്ളം പൊങ്ങിയതാണ് കാരണം. ആറിൻ്റെ തീരത്ത് താമസിക്കുന്നവർ വീടിന് വെളിയിൽ ഇറങ്ങി നിന്നിരുന്നു. എന്നാൽ, വെള്ളമിറങ്ങി തുടങ്ങിയതോടെ ആശങ്ക മാറിയിട്ടുണ്ട്.
ഉറുമ്പിക്കരയിൽ നിന്നുള്ള പാപ്പാനി തോട്ടിലും മേലോരത്തു നിന്നുള്ള കൊടികുത്തിയാറ്റിലും ശക്തമായ ഒഴുക്കാണ് ഉണ്ടായിട്ടുള്ളത്. പാപ്പാനി തോട്ടിൽ ജലനിരപ്പ് താഴ്ന്നെങ്കിലും കൊടികുത്തിയാറ്റിൽ ഉയർന്നുതന്നെയാണ്. കഴിഞ്ഞ ദിവസം ഉറുമ്പിക്കര പ്രദേശത്തും അഴങ്ങാട്ടിലും ഉരുൾപൊട്ടി വ്യാപക നാശം വിതച്ചിരുന്നു. അന്ന് പാപ്പാനി തോടിനോട് ചേർന്നു മൂന്നിടത്ത് ഉരുൾ പൊട്ടി അതിനാൽ മേഖലയിലെ താമസക്കാരെ മാറ്റി പാർപ്പിച്ചിരിക്കുകയാണ്. കനത്ത മഴയും യാത്ര അസൗകര്യവുമുള്ള പ്രദേശമായതിനാൽ ആളുകൾക്ക് എത്തിച്ചേരൽ പ്രയാസകരമാണ്. സമാന സാഹചര്യമാണ് അഴങ്ങാടും ഉണ്ടായിരിയ്ക്കുന്നത്.
പാപ്പാനി, കൊടികുത്തി യാറ്റിലും ഒഴുക്ക് ശക്തമായതോടെ പുല്ലകയാർ ,മണിമലയാർ എന്നി വിടങ്ങളിൽ ജലനിരപ്പുയർന്നു. മേഖലയിൽ മണിക്കൂറുകളോളം ശക്തമായ മഴയായിരുന്നു. കഴിഞ്ഞ ആഴ്ച കൊടികുത്തിയാറ്റിൽ ഉണ്ടായ വെള്ളപ്പൊക്കത്തിലാണ് കൊക്കയാർ ചേംപ്ലാനിയിൽ സാബുവിൻ്റെ ഭാര്യ ആൻസി (49) ഒഴുക്കിൽ പെട്ടു മരണപെട്ടത്.
ഈമാസം 16നുണ്ടായ ഉരുൾപൊട്ടലിലും കനത്ത മഴയിലും പുല്ലകയാറും തോടുകളും കരകവിഞ്ഞൊഴുകി കൂട്ടിക്കലിലും പരിസരത്തും വെള്ളപ്പൊക്കം ഉണ്ടായി ടൗണിലെ കടകളും വീടുകളും മുങ്ങിയിരുന്നു. കൊക്കയാർ, പ്ലാപ്പള്ളി, കാവാലി എന്നിവിടങ്ങളിൽ 24 പേരാണ് മഴക്കെടുതിയിൽ മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.