ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും; പാലാറിൽ വ്യാപക നാശം
text_fieldsനെടുങ്കണ്ടം: അതിര്‍ത്തി മേഖലയില്‍ പെയ്ത കനത്ത മഴയെ തുടര്‍ന്നുണ്ടായ ഉരുള്‍െപാട്ടലിലും മണ്ണിടിച്ചിലിലും നെടുങ്കണ്ടം പാലാറില്‍ വ്യാപക നാശം. മണ്ണിടിഞ്ഞും വെള്ളം കയറിയും നിരവധി കുടുംബങ്ങള്‍ക്ക് നഷ്ടം സംഭവിച്ചു. വീട്ടുപകരണങ്ങള്‍ നശിച്ചതിനൊപ്പം വളര്‍ത്തുമൃഗങ്ങളും മഴവെള്ളത്തില്‍ ഒലിച്ചുപോയി. ചളിയും വെള്ളവും വീടുകളിലേക്ക് കയറുന്നതിനാല്‍ ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗശൂന്യമായി. വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളംകയറിയും ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് നെടുങ്കണ്ടം 48 പടി നടപ്പാലം തകര്‍ന്നു. കോമ്പയാര്‍ ആനക്കല്ല് പാതയില്‍ നിരവധി ഭാഗങ്ങളില്‍ മണ്ണിടിഞ്ഞു. വീണ്ടും മണ്ണിടിയാന്‍ സാധ്യത നിലനിൽക്കുന്നതിനാൽ 27 കുടുംബങ്ങളെ ക്യാമ്പുകളിലേക്കും ബന്ധുവിടുകളിലേക്കും മാറ്റിപ്പാര്‍പ്പിച്ചു.
പ്രദേശത്തെ നിരവധി വീടുകള്‍ വാസയോഗ്യമല്ലാതായി. നെടുങ്കണ്ടം, കരുണാപുരം ഗ്രാമപഞ്ചായത്തുകളിലെ വിവിധ മേഖലകളില്‍ നിരവധി കര്‍ഷകരുടെ കൃഷിനശിച്ചു. പാമ്പുമുക്ക് സ്വദേശിയായ ചെല്ലമ്മയുടെ വീട്ടില്‍ വളര്‍ത്തിയ 21ഓളം കോഴികൾ വെള്ളംകയറി ചത്തു. തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ ബുധനാഴ്ച രാത്രിയോടെയുണ്ടായ ശക്തമായ മഴയെത്തുടർന്നാണ് സംഭവം. ആനക്കല്ല് പാതയില്‍ നിരവധി ഭാഗങ്ങളില്‍ മണ്ണിടിഞ്ഞു.
പ്രദേശവാസിയായ അടയ്കാനാട്ട് ജോസഫിെൻറ വീടിെൻറ മുന്‍ വശത്ത നിന്നും സമീപ ഭാഗങ്ങളില്‍ നിന്നും മണ്ണിടിഞ്ഞുവീണു. വലിയ ശബ്ദത്തോടെയാണ് മണ്ണും കല്ലും മരങ്ങളും റോഡിലേക്ക്്് പതിച്ചത്.
ദേശീയ ദുരന്തനിവാരണ സേനയുടെയും അഗ്നിരക്ഷ സേനയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ചുവട്ടില്‍നിന്ന് മണ്ണ് നീങ്ങിയതിനെ തുടര്‍ന്ന്, റോഡിനോട് ചേര്‍ന്ന നിരവധി മരങ്ങള്‍ ഏതുനിമിഷവും നിലംപൊത്താം. ചോറ്റുപാറയില്‍ 60 ഓളം കുടുംബങ്ങള്‍ ആശ്രയിച്ചിരുന്ന ഗ്രാമീണ പാതയിലെ പാലവും ചോറ്റുപാറ ആര്.പി.എം സ്കൂളിന് സമീപത്തെ പാലവും തകര്‍ന്നു. പ്രധാന പാത നിരവധി ഭാഗങ്ങളില്‍, ഇടിഞ്ഞു. രാമക്കല്‍മേട്ടില്‍ ഒരു വീട് പൂര്‍ണമായും തകര്‍ന്നു.
വിള്ളലുകള്‍ രൂപപ്പെട്ട് നിരവധി വീടുകള്‍ അപകടാവസ്ഥയിലാണ്. കൃഷിയിടങ്ങളിലേക്ക്, മണ്ണും ചെളിയും കല്ലും കയറി, കൃഷിനശിച്ചു. കുടിവെള്ള സ്രോതസ്സുകളിലേക്കും ചളിവെള്ളം ഇറങ്ങി ഉപയോഗശൂന്യമായി.
നാശനഷ്ടം: കണക്കാക്കും ചോറ്റുപാറ പാലത്തിലുണ്ടായ വിള്ളൽ പരിശോധിച്ചു
നെടുങ്കണ്ടം: കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിച്ചിലുണ്ടായ പാലാര്‍, വെള്ളം കയറിയ തൂക്കുപാലം, ചോറ്റുപാറ, പാമ്പിന്‍മുക്ക് പ്രദേശങ്ങളിലെ വീടുകളും സ്ഥാപനങ്ങളും കലക്ടര്‍ ഷീബ ജോര്‍ജ് സന്ദര്‍ശിച്ചു. ദുരന്തനിവാരണത്തിന് നേതൃത്വം നല്കാന് ഉടുമ്പന്‍ചോല തഹസില്‍ദാര്‍ നിജു കുര്യനെ ചുമതലപ്പെടുത്തി. തൂക്കുപാലം, ചോറ്റുപാറ പ്രദേശങ്ങളിലെ വെള്ളം കയറിയ വീടുകള്‍ സന്ദര്‍ശിച്ച് കുടുംബാംഗങ്ങളോട് വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. പാമ്പിന്‍മുക്ക് തോടിെൻറ കരയ്ക്കുള്ള വീടുകളിലാണ് വെള്ളം കയറിയത്. പ്രദേശത്തെ പതിനഞ്ചോളം വീടുകളും സ്ഥാപനങ്ങളും കലക്ടര്‍ സന്ദര്‍ശിച്ചു. ചോറ്റുപാറ പാലത്തിലുണ്ടായ വിള്ളലും കലക്ടര്‍ പരിശോധിച്ചു. നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ റവന്യൂ വകുപ്പിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്കി. അഗ്നി രക്ഷാ സേന, പഞ്ചായത്ത്- റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ നേതൃത്വത്തില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. പാമ്പിന്‍മുക്ക് തോട് കരകവിഞ്ഞ് വെള്ളം കയറിയ വീടുകളില്‍ ചളി നീക്കം ചെയ്ത് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. വിവിധ സന്നദ്ധ സംഘടനകള്‍ക്കും നാട്ടുകാര്‍ക്കുമൊപ്പം വെള്ളം പമ്പ് ചെയ്ത് കളയാനുള്ള സൗകര്യങ്ങളൊരുക്കി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.
ജില്ല പഞ്ചായത്തംഗം വി.എന്‍. മോഹനന്, നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡൻറ് ശോഭന വിജയന്, ബ്ലോക്ക് പഞ്ചായത്തംഗം വിജയകുമാരി, വനംവികസന കോര്പറേഷന് ഡയറക്ടര്‍ പി.എന്‍. വിജയന് എന്നിവരും പ്രദേശം സന്ദർശിച്ചു.
ചട്ടിക്കുഴി തോട് ഗതിമാറി ഒഴുകി; വ്യാപക നാശം
ചെറുതോണി: കനത്ത മഴയിൽ മരിയാപുരം ചട്ടിക്കുഴി തോട്ടിൽ വെള്ളം ഗതിമാറി ഒഴുകി വ്യാപക നാശം. തോടിെൻറ ഇരുകരകളിലെയും കൃഷി ഭൂമിയിലേക്ക് വെള്ളം കുത്തിയൊഴുകിയെത്തി. ആൻറണി പീടികക്കൽ, ജോണി കല്ലുകൂട്ടത്തിൽ, കുട്ടിച്ചൻ മുഞ്ഞനാട്ട് ,ബാബു നെല്ലിക്കുന്നേൽ, ദിവാകരൻ വാക്കവയലിൽ, ജിമ്മി മൈലാടുർ, സജീവ് കോട്ടൂർ, സാൻഡു പടിഞ്ഞാറേയിൽ തുടങ്ങി നിരവധി കർഷകർക്കാണു കൃഷിനാശം നേരിട്ടത്.
ഏത്തവാഴ, കപ്പ, ഏലം കുരുമുളക് തുടങ്ങിയ കൃഷികൾക്കാണ് നാശം സംഭവിച്ചത്. 2018ലെ പ്രളയം മുതൽ തുടർച്ചയായി ഇവിടെ കാലവർഷം കനത്ത നാശമാണ് വിതക്കുന്നത്.
താഴ്വാരം കോളനിയിൽ വീണ്ടും വെള്ളംകയറി
മൂലമറ്റം: വ്യാഴാഴ്ച പെയ്ത ശക്തമായ മഴയിൽ മൂലമറ്റം താഴ് വാരം കോളനിയിൽ വീണ്ടും വെള്ളംകയറി. വീടുകളിലേക്ക് മലവെള്ളം ഇരച്ചെത്തി. നച്ചാറിെൻറ സംരക്ഷണഭിത്തി തകർന്നതും സൂപ്പർപാസ് മുതൽ നച്ചാറിന് താഴ്ചയില്ലാത്തതുമാണ് വെള്ളപ്പൊക്കത്തിന് ഇടയാക്കി. മലവെള്ളപ്പാച്ചിലിൽ സർവതും നഷ്ടപ്പെട്ടവർ വീടുകൾ വൃത്തിയാക്കി തിരികെ താമസിച്ചു തുടങ്ങുന്നതിനിടെയാണ് സംഭവം. വീടുകൾക്ക് നാശനഷ്ടമില്ലെങ്കിലും ശുചിയാക്കിയ കിണറുകളും റോഡും മുറ്റവുമെല്ലാം വീണ്ടും ചളിവന്ന് അടിഞ്ഞു. നച്ചാറിന് സംരക്ഷണഭിത്തി നിർമിക്കണമെന്ന് കോളനിവാസികൾ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.