ലയങ്ങൾ ശോചനീയം
text_fieldsഇടുക്കി: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പീരുമേട് താലൂക്കിലെ തേയിലത്തോട്ടങ്ങളിലെ ലയങ്ങളിലെ സൗകര്യം വിലയിരുത്തുന്നതിനും അടിസ്ഥാന സൗകര്യം ഉറപ്പുവരുത്തുന്നതിനും യോഗം ചേർന്നു. കലക്ടര്‍ ഷീബ ജോര്‍ജിന്റെ നിര്‍ദേശപ്രകാരം ജില്ല വികസന കമീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ നേതൃത്വത്തില്‍ പീരുമേട് താലൂക്ക് കോൺഫറന്‍സ് ഹാളിലാണ് യോഗം ചേർന്നത്.
ലയങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങളായ ശുചിമുറി, ശുദ്ധജലം, വൈദ്യുതി, സുരക്ഷിതമായ മേല്‍ക്കൂര, ഡ്രെയിനേജ് സൗകര്യം എന്നിവ ഉറപ്പുവരുത്തുക, തോട്ടങ്ങളിലെ ദുരന്ത പ്രതിരോധ നടപടികളുടെ അവലോകനം, അടഞ്ഞുകിടക്കുന്ന തോട്ടങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അവലോകനം, വികസനപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് തോട്ടങ്ങളില്‍നിന്ന് എൻ.ഒ.സി ലഭിച്ചിട്ടില്ലാത്ത സാഹചര്യങ്ങള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യുക എന്നീ ലക്ഷ്യങ്ങളോടെയാണ് യോഗം വിളിച്ചത്.
കൃത്യമായ കണക്ക് ലഭ്യമാക്കാത്തതിൽ താക്കീത്
ലയങ്ങളുമായി ബന്ധപ്പെട്ട് കൃത്യമായ കണക്കുകൾ ലഭ്യമാക്കാത്തതിൽ ജില്ല വികസന കമീഷണർ താക്കീത് നൽകി. രണ്ടാഴ്ച കഴിഞ്ഞ് അടുത്ത യോഗം ചേരാനും യോഗത്തിൽ കൃത്യമായ കണക്കുകൾ ഹാജരാക്കാനും അദ്ദേഹം കർശന നിർദേശം നൽകി. 11 എസ്റ്റേറ്റുകളിൽനിന്നുമുള്ള പ്രതിനിധികൾ മാത്രമാണ് യോഗത്തിൽ പങ്കെടുത്തത്. വരാത്ത എസ്റ്റേറ്റ് മാനേജ്മെന്റുകൾക്ക് നോട്ടീസ് അയക്കുമെന്ന് വികസന കമീഷണർ അറിയിച്ചു.
രണ്ടാഴ്ചകൊണ്ട് സംയുക്ത പരിശോധന പൂർത്തിയാക്കാനും ഡി.ഡി.സി നിർദേശം നൽകി. ലയങ്ങളുടെ അവസ്ഥ വളരെ ശോച്യാവസ്ഥയിലാണെന്നും പ്രശ്നങ്ങൾക്ക് അനുഭാവപൂർവമായ നടപടികൾ കൈക്കൊള്ളുന്നതിനു വേണ്ടിയുള്ള ശ്രമങ്ങളാണ് ഭരണകൂടം നടത്തുന്നതെന്നും പ്രാഥമിക നടപടി എന്നോണമാണ് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർ, പഞ്ചായത്ത്, ട്രേഡ് യൂനിയൻ മുതലായവരെ ഉൾക്കൊള്ളിച്ച് സംയുക്ത യോഗം സംഘടിപ്പിച്ചതെന്നും കമീഷണർ പറഞ്ഞു.
അറ്റകുറ്റപ്പണി പൂർത്തീകരിക്കാൻ നിർദേശം
ലയങ്ങളുടെ അറ്റകുറ്റപ്പണി എത്രയും വേഗം പൂർത്തീകരിക്കാൻ പ്ലാന്റേഷൻ മാനേജ്മെന്റിന് ജില്ല വികസന കമീഷണർ നിർദേശം നൽകി. താലൂക്കിലെ എല്ലാ തോട്ടങ്ങളുടെയും ലിസ്റ്റും അവിടെയുള്ള ലയങ്ങളുടെ പൂർണവിവരങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നൽകണം. ഓരോ വില്ലേജിലെയും പരിധിക്കുള്ളിലെ തോട്ടങ്ങളുടെയും താമസസ്ഥലങ്ങളുടെയും പൂർണവിവരങ്ങൾ സമാഹരിക്കാൻ വില്ലേജ് ഓഫിസർമാരെയും പഞ്ചായത്ത് സെക്രട്ടറിമാരെയും ചുമതലപ്പെടുത്തി.
അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം. നൗഷാദ്, ജില്ല പഞ്ചായത്ത് അംഗം കെ.ടി. ബിനു, ഉപ്പുതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയിംസ് കെ. ജേക്കബ്, വണ്ടിപ്പെരിയാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീരാമൻ, ചീഫ് ഇന്‍സ്പെക്ടര്‍ ഓഫ് പ്ലാന്റേഷന് ശാലിനി എസ്. നായർ, തഹസിൽദാർ (ഭൂരേഖ) പി.ഡി. സുനിൽ കുമാർ, പീരുമേട് ഡിവൈ.എസ്.പി സനൽ കുമാർ, ബന്ധപ്പെട്ട വില്ലേജ് ഓഫിസര്‍മാര്‍, സെക്രട്ടറിമാര്‍, തോട്ടം മാനേജിങ് ഡയറക്ടര്‍മാര്‍, തൊഴിലാളി യൂനിയന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ലയങ്ങളിൽ 3000 കുടുംബങ്ങൾ
പ്ലാന്റേഷൻ ഇൻസ്പെക്ടറുടെ കണക്കുകൾ പ്രകാരം പീരുമേട് താലൂക്കിൽ 50ഓളം എസ്റ്റേറ്റുകളിലായി (പൂട്ടിക്കിടക്കുന്നത് ഉൾപ്പെടെ) ആയിരത്തിനു മുകളിൽ ലയങ്ങളാണുള്ളത്. മൂവായിരത്തോളം കുടുംബങ്ങൾ (7000ത്തിലധികം ആളുകൾ) ലയങ്ങളിൽ അധിവസിക്കുന്നു. റവന്യൂ വകുപ്പ്, തൊഴിൽ വകുപ്പ്, പഞ്ചായത്ത് സംയുക്തമായി ലയങ്ങളിൽ പരിശോധന നടത്തിവരുന്നുണ്ട്. പ്രാഥമിക റിപ്പോർട്ട് ഡി.ഡി.സി ആവശ്യപ്പെട്ടതിനെ തുടർന്ന് യോഗത്തിനുമുമ്പ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സമർപ്പിച്ചിരുന്നു. 0
പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ട്രേഡ് യൂനിയൻ
അടിയന്തരമായി റിലീഫ് കമ്മിറ്റി വിളിക്കണം, തോട്ടം മേഖലയിൽ അനുവദിച്ച 10 കോടി തൊഴിലാളികൾക്ക് പ്രയോജനകമായ രീതിയിൽ വിനിയോഗിക്കണമെന്ന് ട്രേഡ് യൂനിയൻ പ്രതിനിധികൾ യോഗത്തിൽ ആവശ്യപ്പെട്ടു.
ലയങ്ങളിൽ നടക്കുന്ന പരിശോധന മികച്ച രീതിയിൽ നടത്തണം, മുഴുവൻ ലയങ്ങളും നന്നാക്കുന്നതിനുള്ള നടപടി ഉണ്ടാകണം, തീരുമാനം എടുക്കേണ്ട മാനേജ്മെന്റ് പ്രതിനിധികൾ പങ്കെടുക്കാത്ത നടപടി അംഗീകരിക്കാനാവില്ല, ലയങ്ങളിലെ ചോർച്ച, ശൗചാലയം, മുതലായ പ്രശ്നങ്ങളിൽ പരിഹാരം കാണണം, അന്തർസംസ്ഥാന തൊഴിലാളികൾക്ക് ലയങ്ങൾ കൊടുക്കുകയും മറ്റുള്ളവർക്ക് കൊടുക്കാത്ത സാഹചര്യം നിലനിൽക്കുന്നുണ്ടെന്നും പ്രശ്നം പരിഹരിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.