30 ഗ്രാമപഞ്ചായത്തിൽ എൽ.ഡി.എഫ്, 20ൽ യു.ഡി.എഫ്
text_fieldsതൊടുപുഴ: ഇടുക്കിയിൽ ബഹുഭൂരിപക്ഷം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്, വൈസ് പ്രസിഡൻറ് പദങ്ങളും എൽ.ഡി.എഫിന്. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ 27 ഗ്രാമപഞ്ചായത്തുകളിൽ ഭൂരിപക്ഷം ഉറപ്പിച്ച എൽ.ഡി.എഫിന് മൂന്ന് പഞ്ചായത്തുകളിൽ കൂടി അധ്യക്ഷപദം കിട്ടി. ഇതോടെ 51ൽ 30 പഞ്ചായത്തുകളുടെ നേതൃത്വമാണ് ലഭിച്ചത്.
യു.ഡി.എഫിന് 20ലും ബി.ജെ.പിക്ക് ഒരു പ്രസിഡൻറ് പദവും ലഭിച്ചു. എൽ.ഡി.എഫ് ബഹിഷ്കരിച്ചതോടെ ക്വാറം തികയാത്തതിനാൽ അറക്കുളം പഞ്ചായത്തിലെ പ്രസിഡൻറ്/വൈസ് പ്രസിഡൻറ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചതോടെയാണിത്.എന്നാൽ, രണ്ട് പതിറ്റാണ്ടായി എൽ.ഡി.എഫ് ഭരിക്കുന്ന ചിന്നക്കനാൽ ഗ്രാമപഞ്ചായത്ത് സി.പി.എം- സി.പി.ഐ ഭിന്നതയെ തുടർന്ന് സി.പി.എം അംഗം വിട്ടുനിന്നതോടെ കോൺഗ്രസിന് ലഭിച്ചത് എൽ.ഡി.എഫിന് തിരിച്ചടിയായി.
തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ 27 പഞ്ചായത്തിൽ ഭൂരിപക്ഷമുണ്ടായിരുന്ന എൽ.ഡി.എഫ് വ്യക്തമായ ഭൂരിപക്ഷമില്ലാത്ത പഞ്ചായത്തുകൾ കൂടി വിദഗ്ധ കരുനീക്കത്തിലൂടെ കരസ്ഥമാക്കിയതോടെ യു.ഡി.എഫ് കൂടുതൽ പിന്നാക്കം പോകുകയായിരുന്നു. കോൺഗ്രസ് നേതൃത്വത്തിെൻറ അലംഭാവം കാരണം കരുണാപുരം, വെള്ളിയാമറ്റം അടക്കം നാല് പഞ്ചായത്തുകൾ കൂടി യു.ഡി.എഫിന് കിട്ടാവുന്ന സാഹചര്യം നഷ്ടമായെന്ന് വിമർശനമുണ്ട്.
വൺ ഇന്ത്യ വൺ പെൻഷൻ കൂട്ടായ്മയുടെ വനിത അംഗം ഇന്ദു ബിജുവിനെ വെള്ളിയാമറ്റത്ത് പഞ്ചായത്ത് പ്രസിഡൻറാക്കിയതും നറുക്കെടുപ്പിൽ കരുണാപുരം, വാഴത്തോപ്പ് പഞ്ചായത്തുകളുടെ സാരഥ്യം കിട്ടിയതും എൽ.ഡി.എഫിന് നേട്ടമായി. കാഞ്ചിയാറിൽ എൽ.ഡി.എഫിന് ഭൂരിപക്ഷമുണ്ടായിട്ടും എസ്.സി സംവരണ സീറ്റിൽ വിജയിച്ചയാളില്ലാത്തതിനാൽ ബി.ജെ.പിക്ക് പ്രസിഡൻറ് പദം കിട്ടി. കരുണാപുരം പഞ്ചായത്തിൽ ബി.ഡി.ജെ.എസ് അംഗം വിട്ടുനിന്നതോടെ തുല്യം വോട്ടായതോടെയാണ് നറുക്കെടുപ്പ് വേണ്ടിവന്നത്.
ഇവിടെ സ്വതന്ത്രനായാണ് ബി.ഡി.ജെ.എസ് അംഗം മെംബറായത്. എസ്.എൻ.ഡി.പി ഭാരവാഹി കൂടിയായ ഇദ്ദേഹത്തെ എൻ.ഡി.എ ബന്ധം പറഞ്ഞ് എൽ.ഡി.എഫും യു.ഡി.എഫും തള്ളിപ്പറഞ്ഞതോടെയാണ് നറുക്കെടുപ്പ് വേണ്ടി വന്നതും എൽ.ഡി.എഫ് വിജയിച്ചതും.
എൽ.ഡി.എഫിന് ഭൂരിപക്ഷമുള്ള ജില്ല പഞ്ചായത്തിെൻറ സാരഥികളായി സി.പി.ഐയിലെ ജിജി കെ.ഫിലിപ്, സി.പി.എമ്മിലെ ഉഷാകുമാരി എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. എട്ട് ബ്ലോക്ക് പഞ്ചായത്തുകളിൽ ഏഴിടത്താണ് തെരഞ്ഞെടുപ്പ് നടന്നത്. ഇതിൽ നാലിടത്ത് എൽ.ഡി.എഫും മൂന്നിടത്ത് യു.ഡി.എഫും അധ്യക്ഷ സ്ഥാനങ്ങൾ നേടി.
ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഒരുപറ്റം കോൺഗ്രസ് മെംബർമാർ വിട്ടുനിന്നതിനാൽ ക്വാറം തികയാതെ മാറ്റുകയായിരുന്നു. പ്രസിഡൻറ് സ്ഥാനത്തെ ചൊല്ലി കോൺഗ്രസിലുണ്ടായ തർക്കമാണ് ബഹിഷ്കരണത്തിൽ കലാശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.