മോഷ്ടിച്ച സ്കൂട്ടർ ഉപേക്ഷിച്ച് മോഷ്ടാവ് മറ്റൊരു ബൈക്കുമായി കടന്നു
text_fieldsതൊടുപുഴ: മോഷ്ടിച്ച സ്കൂട്ടർ വഴിയരികിൽ ഉപേക്ഷിച്ച മോഷ്ടാവ് റോഡരികിൽ പാർക്ക് ചെയ്തിരുന്ന മറ്റൊരു ബൈക്കുമായി കടന്നു. തൊടുപുഴ-മൂവാറ്റുപുഴ റോഡിൽ ഇടയ്ക്കാട്ടു കയറ്റത്ത് വ്യാഴാഴ്ച രാവിലെയാണ് സംഭവം. തൊടുപുഴ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ ഡ്രൈവർ ഇടയ്ക്കാട്ടു കയറ്റം പുത്തൻപുരയ്ക്കൽ പി.കെ. രാജേഷിെൻറ കെ.എൽ 7 എ.ടി 8759 രജിസ്ട്രേഷൻ നമ്പർ ഹീറോ ഹോണ്ട പാഷൻ ബൈക്കാണ് മോഷ്ടിച്ചത്.
ഇടയ്ക്കാട്ടു കയറ്റത്തെ മരീന ഫർണിച്ചർ മാർട്ടിെൻറ മുന്നിൽനിന്നാണ് നഷ്ടമായത്. ബനിയനും ട്രൗസറും ധരിച്ച യുവാവ് ബൈക്കുമായി പോകുന്നത് സമീപത്തെ സി.സി ടി.വിയിൽ പതിഞ്ഞു. വാഴക്കുളം പൊലീസ് അന്വേഷണം ആരംഭിച്ചു. പുലർച്ച 5.45ന് സ്ഥാപനത്തിന് മുന്നിൽ ബൈക്ക് പാർക്ക് ചെയ്ത ശേഷം രാജേഷ് സുഹൃത്തുക്കൾക്കൊപ്പം നടക്കാൻ പോയതായിരുന്നു. താക്കോൽ ബൈക്കിൽ തന്നെയാണ് വെച്ചിരുന്നത്. സുഹൃത്തുക്കളുടെ സ്കൂട്ടറും സമീപത്ത് പാർക്ക് ചെയ്തിരുന്നു. 6.40ഓടെയാണ് മോഷ്ടാവ് ഇതുവഴി യമഹ റേ സ്കൂട്ടറിൽ എത്തിയത്.
സ്കൂട്ടർ അൽപം മാറ്റി നിർത്തിയ ശേഷം നടന്നെത്തി ചുറ്റുപാട് വീക്ഷിച്ച ശേഷം ബൈക്കിൽ കയറി മൂവാറ്റുപുഴ ഭാഗത്തേക്ക് ഓടിച്ചുപോകുന്നതാണ് ദൃശ്യങ്ങളിൽ കാണുന്നത്. രാജേഷും സുഹൃത്തുക്കളും മടങ്ങിയെത്തിയ ശേഷം നടത്തിയ പരിശോധനയിലാണ് ഉപേക്ഷിച്ച നിലയിൽ സ്കൂട്ടർ കണ്ടത്. പൊലീസിെൻറ അന്വേഷണത്തിൽ ഇത് കാളിയാർ പൊലീസ് സ്റ്റേഷൻ അതിർത്തിയിൽനിന്ന് കഴിഞ്ഞ ദിവസം നഷ്ടമായതാണെന്ന് തിരിച്ചറിഞ്ഞു. കോടിക്കുളം സ്വദേശിയുടേതാണ് സ്കൂട്ടർ. ഈ സ്കൂട്ടർ എടുത്ത ആളുടെ ദൃശ്യവും അന്ന് സി.സി ടി.വിയിൽ പതിഞ്ഞിരുന്നു. എന്നാൽ, സ്കൂട്ടർ മോഷ്ടിച്ച ആളുടെ രൂപവുമായി ബൈക്ക് മോഷ്ടാവിന് സാദൃശ്യമില്ലെന്ന് കാളിയാർ സി.ഐ ഉണ്ണികൃഷ്ണൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.