പുലിപ്പേടിയിൽ വാത്തിക്കുടി
text_fieldsചെറുതോണി: വാത്തിക്കുടി പഞ്ചായത്തില്‍ മൂന്നാം ദിവസവും പുലിയിറങ്ങി ആടിനെ കൊന്നുതിന്നു. വാത്തിക്കുടി കൊച്ചുവാഴയില്‍ വിനോദ് രവിയുടെ ആടിനെയാണ് പുലി തിന്നത്. ഒരാഴ്ചക്കിടെ പല പ്രദേശങ്ങളിലായി നായ്ക്കളും ആടുകളുമായി പത്തിലധികം വളര്‍ത്തുമൃഗങ്ങളെ കാണാതായിരുന്നു. പലതിന്റെയും അവശിഷ്ടങ്ങള്‍ പലസ്ഥലങ്ങളിലായി കണ്ടെത്തുകയും ചെയ്തിരുന്നെങ്കിലും പുലിയാണെന്ന് സ്ഥിരീകരിച്ചിരുന്നില്ല.
കഴിഞ്ഞ ശനിയാഴ്ച വാത്തിക്കുടി ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡ് മാലിക്കുന്നിൽ പുലിയുടേതെന്ന് സംശയിക്കുന്ന ജീവിയുടെ കാല്പാടും, കാഷ്ഠവും കാണുകയായിരുന്നു. പുരയിട ഉടമസ്ഥന് നെല്ലന്‍ കുഴിയില്‍ ബിബിനാണ് ആദ്യം കാല്പാടുകണ്ടത്. വിവരം അറിയിച്ചതിനെത്തുടര്‍ന്ന് വനംവകുപ്പ് നടത്തിയ പരിശോധനയില്‍ പൂച്ചപ്പുലിയാണെന്ന് ആദ്യം സംശയിച്ചിരുന്നു.
വീണ്ടും കൂടുതല്‍ കാല്പാടുകള് കണ്ടെത്തുകയും ഞായറാഴ്ച പകല്‍ പുലിയെ കണ്ടതായി മൂലയില്‍ ചിന്നമ്മയും, രാത്രിയിൽ പ്രദേശത്ത് പുലിയെ കണ്ടതായി അജീഷ് എന്നയാളും പറഞ്ഞിരുന്നു. തുടർന്നാണ് പ്രദേശത്ത് കണ്ടത് പുലിതന്നെയാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചതോടെ പ്രദേശവാസികള്‍ കൂടുതല്‍ ഭീതിയിലാണ്.
പുലിയെ കണ്ടെത്തുന്നതിന്റെ ആദ്യപടിയായി തിങ്കളാഴ്ച രണ്ടു കാമറകള്‍ സ്ഥാപിച്ചു. പുലിപിടിച്ച ആടിന്റെ ജഡം കണ്ടെത്തിയ കാട്ടാംകോട്ടില്‍ സാജുവിന്റെ പുരയിടത്തിലും പുലിയുടെ കാൽപാട് കണ്ട കിളിക്കാട്ട് തോട്ടം ശശിയുടെ പുരയിടത്തിലുമാണ് കാമറകള്‍ സ്ഥാപിച്ചത്. എന്നാല്‍, പ്രദേശത്തെത്തിയത് പുലിയാണെന്ന് ബോധ്യമായിട്ടും ഇവയെ പിടികൂടുന്നതിന് കൂട് സ്ഥാപിക്കാത്തതില്‍ നാട്ടുകാര്‍ പ്രതിഷേധത്തിലാണ്.
മൂന്ന് ദിവസമായി പ്രദേശവാസികളായ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ ഭയന്നാണ് പുറത്തേക്കിറങ്ങുന്നത്. പുലിയെ പിടികൂടുന്നതിന് കൂട് സ്ഥാപിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് വനം വകുപ്പുദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.
സർക്കാർ ഇടപെടണം -സി.പി.ഐ
വാത്തിക്കുടി: ദിവസങ്ങളായി പുലിപ്പേടിയിൽ കഴിയുന്ന വാത്തിക്കുടി മേഖലയിലെ ജനങ്ങളുടെ ആശങ്ക അകറ്റാൻ അടിയന്തര സർക്കാർ ഇടപെടൽ ഉണ്ടാകണമെന്ന് സി.പി.ഐ ജില്ല സെക്രട്ടറി സലിംകുമാർ ആവശ്യപ്പെട്ടു. കാമറകളും പുലിയെ പിടിക്കാനുള്ള കൂടും അടിയന്തരമായി സ്ഥാപിക്കണം. വളർത്തുമൃഗങ്ങൾ നഷ്ടപ്പെട്ട കൃഷിക്കാർക്ക് നഷ്ടപരിഹാരം നൽകണമെന്നും മേഖല സന്ദർശിച്ച സലിംകുമാർ പറഞ്ഞു. എം.കെ. പ്രിയൻ, ജോസഫ് കടവിൽ, പി.ടി. ബേബി, സജി പെരുമ്പള്ളിൽ എന്നിവരും സലിംകുമാറിനൊപ്പം ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.