ലൈഫ് മിഷൻ ഭവന പദ്ധതി; ദ്രോഹിക്കുന്ന വ്യവസ്ഥകളുമായി അടിമാലി പഞ്ചായത്ത്
text_fieldsഅടിമാലി: ലൈഫ് മിഷൻ ഭവന പദ്ധതി പ്രകാരമുള്ള ഫണ്ട് വിതരണത്തിനുള്ള അടിമാലി പഞ്ചായത്തിെൻറ വ്യവസ്ഥകൾ വീട് നിർമിക്കുന്നവർക്ക് പ്രയാസം സൃഷ്ടിക്കുന്നു. പുതിയ രീതി കരാറുകാർക്ക് ഗുണവും സ്വന്തമായി വീട് നിർമിക്കുന്നവർക്ക് ദുരിതവുമെന്നാണ് ആക്ഷേപം. പദ്ധതിപ്രകാരം കെട്ടിടം നിർമിക്കാൻ ആറുലക്ഷം രൂപയാണ് സർക്കാറിൽനിന്ന് ലഭിക്കുന്നത്.
ഇത് അഞ്ച് ഗഡുവായി നൽകും. തറയുടെ നിർമാണത്തിന് 90000, ഭിത്തി നിർമിക്കുമ്പോൾ 1.20 ലക്ഷം, വാർക്കക്ക് രണ്ടുലക്ഷം, ഭിത്തികൾ തേക്കാൻ 1.20 ലക്ഷം, അവസാനഘട്ടത്തിൽ വീട് നിർമാണം പൂർത്തിയാകുമ്പോൾ 70000 രൂപ എന്നിങ്ങനെയാണ് സർക്കാർ മാനദണ്ഡം. എന്നാൽ, ജില്ലയിൽ അടിമാലിയിൽ മാത്രം വേറിട്ട വ്യവസ്ഥയാണെന്ന് ചൂണ്ടിക്കാട്ടുന്നു. വാർക്കക്ക് രണ്ടുലക്ഷമാണ് നൽകേണ്ടതെങ്കിൽ അടിമാലി പഞ്ചായത്തിൽ മാത്രം 1.10 ലക്ഷമാണ് കൊടുക്കുന്നത്. വാർക്ക പൂർത്തിയായശേഷമാവും ഈ തുക നൽകുന്നത്.
ഇത്രയും തുകക്ക് വീട് വാർക്കാൻ കഴിയില്ലെന്ന് സ്വന്തമായി വീട് നിർമിക്കുന്ന ഗുണഭോക്താക്കൾ പറയുന്നു. ഇതുമൂലം പാവപ്പെട്ട ഗുണഭോക്താക്കൾ നിർമാണം കരാറുകാരനെ ഏൽപിക്കാൻ നിർബന്ധിതനാവുന്നു.
കരാറുകാരനാണെങ്കിൽ വാർക്കക്ക് വേണ്ടിവരുന്ന അധികതുക സ്വന്തം കീശയിൽനിന്ന് എടുത്ത് വാർക്കയും പകുതി തേപ്പും പൂർത്തിയാക്കും. ഇതിനുശേഷം ലഭിക്കുന്ന 2.80 ലക്ഷം രൂപ മുഴുവനായി വാങ്ങി നിർമാണം പൂർത്തീകരിക്കാതെ മുങ്ങുന്ന രീതിയാണ് നടക്കുന്നതെന്ന് ഗുണഭോക്താക്കൾ പറയുന്നു. നേരിട്ട് വീട് നിർമിക്കുന്ന ഗുണഭോക്താവിന് പോക്കറ്റിൽനിന്നും മുൻകൂർ പണം എടുക്കാൻ ഇല്ലാത്തതിനാൽ വാർക്കപോലും പൂർത്തിയാക്കാൻ കഴിയില്ല. ഇത്തരത്തിൽ നിർമാണം പൂർത്തിയാക്കാതെ കിടക്കുന്ന നിരവധി വീടുകൾ അടിമാലി പഞ്ചായത്തിലെ ആദിവാസി കോളനികളിലുണ്ട്.
ജില്ലയിൽ ഏറ്റവും കൂടുതൽ ആദിവാസികൾ ഭവനം നിർമിക്കുന്നത് ദേവികുളം താലൂക്കിലും പഞ്ചായത്തുകളിൽ അടിമാലിയുമാണ്.
ഇവിടെ 450 വീടുകളുടെയാണ് നിർമാണം നടക്കുന്നത്. ഇതിൽ 80 ശതമാനവും കരാറുകാരാണ് നിർമിക്കുന്നത്. സ്വന്തമായി വീട് നിർമാണം തുടങ്ങിയ ആദിവാസികൾ വാർക്കക്ക് പണം ഇല്ലാതെ കഷ്ടപ്പെടുന്നു. തറ കെട്ടിയിട്ട് വാർക്കക്ക് പണം ഇല്ലാതെ ഇവർ പ്ലാസ്റ്റിക് ഷീറ്റിെൻറ ഉള്ളിലാണ് മഴയത്ത് കഴിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.