ഉറക്കം നഷ്ടപ്പെട്ട് നാട്: കല്ലാര്‍ ഡാമിെൻറ സംഭരണശേഷി പുനഃസ്ഥാപിക്കണം
text_fieldsനെടുങ്കണ്ടം: കല്ലാര്‍ ഡാമിെൻറ ഒരുവശത്ത് വെള്ളപ്പൊക്ക ഭീഷണിയും മറുവശത്ത് വെള്ളപ്പാച്ചില്‍ ഭീഷണിയും ജനങ്ങളുടെ ഉറക്കം കെടുത്തുന്നു. മഴക്കാലം എത്തുന്നതോടെ തൂക്കുപാലം മുതല്‍ പെരിഞ്ചാംകുട്ടി വരെ പ്രദേശങ്ങളാണ് ഒരേസമയം വെള്ളപ്പൊക്ക ഭീഷണിയിലും വെള്ളപ്പാച്ചില്‍ ഭീതിയിലുമാകുന്നത്.
ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ ഡൈവേര്ഷന് ഡാമായ നെടുങ്കണ്ടത്തെ കല്ലാര്‍ ഡാം 2018ലെ പ്രളയത്തിനുശേഷം വര്‍ഷത്തില്‍ കുറഞ്ഞത് രണ്ടുതവണയെങ്കിലും തുറന്നുവിടേണ്ടിവരുന്നു. ഈസമയം കുത്തിയൊഴുകി എത്തുന്ന ജലം തകര്‍ത്തെറിയുന്നത് റോഡുകളും പാലങ്ങളും ഹെക്ടറുകണക്കിന് കൃഷിയിടങ്ങളുമാണ്.
കല്ലാര്‍ ഡൈവേര്ഷന് ഡാമില്‍ മണലും ചളിയും അടിഞ്ഞുകൂടി സ്വാഭാവിക സംഭരണശേഷി നഷ്ടപ്പെട്ടിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. നിര്‍മിച്ചശേഷം ഇതുവരെ ഡാമിലെയോ കാച്ച്മെൻറ് ഏരിയയിലെയോ തടസ്സങ്ങള്‍ നീക്കിയിട്ടില്ല. 2018ലെയും 19 ലെയും പ്രളയത്തില്‍ വന്‍തോതില്‍ എക്കല്‍ അടിഞ്ഞതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. രണ്ടുദിവസം അടുപ്പിച്ച് മഴപെയ്താല്‍ കല്ലാര്‍ ടൗണ്‍ മുതല്‍ താന്നിമൂട് മുണ്ടിയെരുമ, തൂക്കുപാലം ടൗണ്‍വരെ പ്രദേശങ്ങളിലെ പുഴയുടെ ഇരുവശങ്ങളും വെള്ളത്തിനടിയിലാകും. വീടുകളും കൃഷിയിടങ്ങളും വെള്ളംകയറി നശിക്കും.
കഴിഞ്ഞവര്‍ഷം ഏക്കര്‍ കണക്കിന് സ്ഥലത്തെ കൃഷിയാണ് നശിച്ചത്. സംഭരണ ശേഷിയിലെ മാറ്റം മേഖലയിലെ നൂറൂകണക്കിന് കുടുംബങ്ങളെയാണ് ഭീതിയിലാക്കുന്നത്. ഡാമില്‍ അടിഞ്ഞുകൂടിയ മണ്ണും മണലും എക്കലും നീക്കി സംഭരണ ശേഷി പുനഃസ്ഥാപിക്കണമെന്ന ആവശ്യത്തോട് അധികൃതര്‍ പുറംതിരിഞ്ഞു നില്‍ക്കുകയാണെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.