ലോവർ പെരിയാർ ഡാം; നീതിക്കായി കാത്തിരിക്കുന്നു, കുടിയിറക്കപ്പെട്ടവർ
text_fieldsചെറുതോണി: ലോവർ പെരിയാർ ഡാമിനുവേണ്ടി കുടിയിറക്കപ്പെട്ട കുടുംബങ്ങൾ നീതിതേടി അലയുകയാണ്. അഞ്ചുപതിറ്റാണ്ടായി ബന്ധപ്പെട്ട ഓഫിസുകൾ ഇവർ കയറിയിറങ്ങുന്നു. തങ്ങൾ കൃഷി ചെയ്തു താമസിച്ചുവന്ന ഭൂമിയിൽനിന്ന് 1971ൽ ബലപ്രയോഗത്തിലൂടെയാണ് സർക്കാർ ഇറക്കിവിട്ടത്.
കുടിയിറക്കപ്പെട്ടവർ നഷ്ടപരിഹാരത്തിന് സർക്കാറിനെ സമീപിച്ചു. സർക്കാർ ഇവരുടെ അപേക്ഷ തള്ളി. 2011ൽ ഇവർ ഹൈകോടതിയെ സമീപിച്ചു. കോടതി വിധി ഇവർക്ക് അനുകൂലമായിരുന്നു. പക്ഷെ, വിധി നടപ്പാക്കി കിട്ടാൻ വീണ്ടും ഇവർക്ക് പല ഓഫിസുകൾ കയറിയിറങ്ങേണ്ടി വന്നു.
ഒടുവിൽ 2016ൽ കുടിയൊഴിപ്പിക്കപ്പെട്ടവരെ വിളിച്ച് സർക്കാർ ഹിയറിങ് നടത്തി. അന്നു കുടിയിറക്കപ്പെട്ടവരിൽ 18 കുടുംബങ്ങളെ കണ്ടെത്താനായില്ല. ബാക്കിയുണ്ടായിരുന്നവരിൽ 72 കുടുംബങ്ങൾ രേഖകളുമായി ഹിയറിങ്ങിൽ പങ്കെടുത്തു. ഇവർക്കു ഭൂമി കൊടുക്കുന്നതിൽ റവന്യൂ വകുപ്പ് വീണ്ടും വീഴ്ചവരുത്തി.
2023ൽ ഇവർ വീണ്ടും കോടതിയിലെത്തി. ഒടുവിൽ കോടതി വിധിപ്രകാരം 15 സെന്റ് വീതം ചിന്നക്കനാലിൽ നൽകാൻ സർക്കാർ ഉത്തരവിട്ടു. ഇതിനെതിരെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനം ഭൂമി തങ്ങളുടേതാണന്ന് അവകാശപ്പെട്ട് കോടതിയെ സമീപിച്ചു. കേസ് വീണ്ടും കോടതിയുടെ പരിഗണനയിലായതിനാൽ ഇവർക്ക് ഇപ്പോഴും കിടപ്പാടമില്ല. പല കുടുംബങ്ങളും വാടകവീടുകളിലും ബന്ധുവീടുകളിലുമായി കഴിയുകയാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.