തൊഴിലാളികൾ ‘തൊഴിലുറപ്പി’ന് പുറത്ത്
text_fieldsഇടുക്കി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഗുരുതര വെല്ലുവിളി നേരിടുന്നതായി റിപ്പോര്‍ട്ട്. എന്‍ജിനിയറിങ് വിദഗ്ധരും ഗവേഷകരുമടങ്ങിയ ലിബ്ടെക് ഇന്ത്യ പഠനത്തിലാണ് പുതിയ വെളിപ്പെടുത്തല്‍. തൊഴിലുറപ്പ് പദ്ധതിയില്‍ സജീവ തൊഴിലാളികളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം 14.3 കോടി ആയിരുന്ന സജീവ തൊഴിലാളികളുടെ എണ്ണം 13.2 കോടിയായി കുത്തനെ കുറഞ്ഞു.
ഇടുക്കി ജില്ലയിലും തൊഴിലാളികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. തൊഴില്‍ കാര്‍ഡുകളുടെ എണ്ണത്തില്‍ ഈ വര്‍ഷം 5.7 ശതമാനം കുറവാണുണ്ടായിരിക്കുന്നത്. ഉല്പാദിപ്പിക്കപ്പെടുന്ന തൊഴില്‍ ദിനങ്ങളില്‍ 16.66 ശതമാനവും കുറഞ്ഞു. സംസ്ഥാനത്ത് ഈ വര്‍ഷം 1,93,947 പേര് പദ്ധതിക്ക് പുറത്തായപ്പോള്‍ 67,629 പേര് പുതിയതായി എത്തി. ഇതോടെ ഈ വര്‍ഷം കേരളത്തില്‍ നിന്നുള്ള തൊഴിലാളികളുടെ കുറവ് 1,26,318 ആണ്.
തുടര്‍ച്ചയായി മൂന്നുവര്‍ഷമെങ്കിലും സ്ഥിരമായി പദ്ധതിയുടെ ഭാഗമായി തൊഴിലുറപ്പ് നേടിയ തൊഴിലാളികളെയാണ് സജീവ തൊഴിലാളികളായി കണക്കാക്കുന്നത്. മൊത്തം സജീവതൊഴിലാളികളില്‍ (12.78 കോടി) എ.ബി.പി.എസില്‍ ഭാഗമാകാനാവാതെ 54 ലക്ഷം പുറത്തായതായും റിപ്പോര്‍ട്ടിലുണ്ട്. തൊഴില്‍ ദിനങ്ങള്‍ ഏറ്റവും കുറവുണ്ടായത് തമിഴ്നാട്ടിലും ഒഡീഷയിലുമാണ്.
മഹാരാഷ്ട്രയിലും ഹിമാചല്‍പ്രദേശിലും തൊഴില്‍ ദിനങ്ങള്‍ കൂടി. അഴിമതിയാരോപണങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് 2021 മുതല്‍ പശ്ചിമബംഗാളില്‍ തൊഴിലുറപ്പ് പദ്ധതി നിര്‍ത്തി. അതേസമയം ബജറ്റ് വിഹിതത്തിലും തൊഴിലുറപ്പ് പദ്ധതികള്‍ക്ക് അവഗണന നേരിടുന്നു. പദ്ധതിക്ക് കഴിഞ്ഞ വര്‍ഷം അനുവദിച്ച വിഹിതത്തേക്കാള്‍ തുകയില്‍ അധികം കാണിച്ചിട്ടുണ്ടെങ്കിലും പദ്ധതിയുടെ ചെലവുമായി താരതമ്യം ചെയ്യുമ്പോള്‍ തുക കുറവാണ്. ചെലവിന് ആനുപാതികമായി വിഹിതം കൂടുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.