മകരവിളക്ക്: ഇടുക്കി ജില്ലയിലെ ഒരുക്കം 12നകം പൂര്‍ത്തിയാക്കും
text_fieldsഇടുക്കി: മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് ജില്ലയിലെ ഒരുക്കങ്ങള്‍ ക്രമീകരിക്കാൻ കലക്ടര്‍ ഷീബ ജോർജ് വിവിധ വകുപ്പുകളുടെ യോഗം ഓണ്‍ലൈനായി വിളിച്ചുചേര്‍ത്തു. 12നകം എല്ല ഒരുക്കവും പൂത്തിയാക്കാന്‍ യോഗത്തില്‍ തീരുമാനമായി. പുല്ലുമേട്, പാഞ്ചാലിമേട്, പരുന്തുംപാറ എന്നിവിടങ്ങളില്‍ തിരക്ക് നിയന്ത്രിക്കാൻ 1400ഓളം പൊലീസുകാരെ വിന്യസിക്കും. സുരക്ഷ പരിശോധനകളും നിരീക്ഷണവും കര്‍ശനമാക്കും.
തീർഥാടകരുടെ സൗകര്യത്തിന് കുമളി ഡിപ്പോയിൽനിന്ന് വള്ളക്കടവ്-കോഴിക്കാനം റൂട്ടില്‍ കെ.എസ്.ആർ.ടി.സി 65 സര്‍വിസ് നടത്തും. അടിയന്തര ആവശ്യങ്ങള്‍ക്ക് ആറ് സെന്ററുകളില്‍ അഗ്നിരക്ഷ സേനയെ നിയോഗിക്കും.
പുല്ലുമേട് മുതല്‍ കോഴിക്കാനം വരെ 14 പോയന്റുകളില്‍ വാട്ടര്‍ ടാങ്കുകള്‍ സജ്ജീകരിച്ച് കുടിവെള്ള വിതരണത്തിന്റെ ചുമതല വാട്ടര്‍ അതോറിറ്റിക്കാണ്. പൊതുമരാമത്ത് വകുപ്പ് പരുന്തുംപാറ, പുല്ലുമേട് എന്നിവിടങ്ങളില്‍ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി ബാരിക്കേഡ് നിര്‍മിക്കും. റവന്യൂ വകുപ്പിന്റെ നേതൃത്വത്തില്‍ കോഴിക്കാനം മുതല്‍ പുല്ലുമേട് വരെ 14 കിലോമീറ്റര്‍ ലൈറ്റുകള്‍ സജ്ജീകരിക്കും.
പുല്ലുമേട്, കോഴിക്കാനം, പരുന്തുംപാറ, പാഞ്ചാലിമേട്, വണ്ടിപ്പെരിയാര്‍, താലൂക്ക് ഹോസ്പിറ്റല്‍ പീരുമേട് എന്നിവിടങ്ങളില്‍ ഡോക്ടര്‍മാര്‍ അടങ്ങുന്ന മെഡിക്കല്‍ ടീം, ആംബുലന്‍സുകളുടെ സേവനം എന്നിവയും ഉണ്ടാകും. ആയുര്‍വേദ, ഹോമിയോ വകുപ്പുകളും മെഡിക്കല്‍ ടീമുകളെ സജ്ജമാക്കും. മോട്ടോര്‍ വാഹനം, എക്സൈസ്, ലീഗല്‍ മെട്രോളജി, ഫുഡ് സേഫ്റ്റി തുടങ്ങിയ വകുപ്പുകളുടെ പരിശോധന ശക്തമാക്കാനും യോഗം നിര്‍ദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.