മകരവിളക്ക്: ഇക്കുറിയും കാനനപാത ഉപയോഗിക്കില്ല
text_fieldsഇടുക്കി: ഈമാസം 16ന് ആരംഭിക്കുന്ന മണ്ഡല മകരവിളക്ക് ഉത്സവത്തിന് കാനനപാത യാത്രാനുമതി ഇക്കുറിയും ഉണ്ടാകില്ല. മണ്ണിടിച്ചിലുണ്ടായ ഭാഗങ്ങളില്‍ ഒറ്റവരിയായി ഗതാഗതം നിയന്ത്രിക്കും.
ലീഗല്‍ മെട്രോളജി, ജില്ല സപ്ലൈ ഓഫിസ്, ഭക്ഷ്യസുരക്ഷ എന്നീ വിഭാഗങ്ങളുടെ ആഭിമുഖ്യത്തില്‍ സ്ക്വാഡുകള്‍ രൂപവത്കരിച്ച് ഭക്ഷണസാധനങ്ങളുടെ ശുചിത്വം, ഗുണനിലവാരം, വില, തൂക്കം എന്നിവ പരിശോധിക്കും. അപായസൂചന ബോര്‍ഡുകള്‍ ആവശ്യമായ ഇടങ്ങളില്‍ സ്ഥാപിക്കാനും യോഗത്തിൽ തീരുമാനമായി. ഭക്തരെ സഹായിക്കുന്നതിന് പൊലീസ് എയ്ഡ് പോസ്റ്റുകൾ ആരംഭിക്കും.
സുരക്ഷ ക്രമീകരണ പുരോഗതി കലക്ടര്‍ ഷീബ ജോര്‍ജിെൻറ അധ്യക്ഷതയില്‍ ചേര്‍ന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ ഓണ്‍ലൈന്‍ യോഗം വിലയിരുത്തി.
പീരുമേട്, മഞ്ചുമല വില്ലേജ് ഓഫിസുകളിൽ കൺട്രോൾ റൂം
പീരുമേട് താലൂക്ക് ഓഫിസിലും മഞ്ചുമല വില്ലേജ് ഓഫിസിലും കണ്ട്രോള് റൂമുകള്‍ തുറക്കും. മണ്ഡല മകരവിളക്കിനോട് അനുബന്ധിച്ച് ഏറ്റെടുക്കുന്ന സര്‍ക്കാര്‍ വാഹനത്തില്‍ ഡ്യൂട്ടി ബോര്‍ഡ് ഉണ്ടായിരിക്കണം. താല്‍ക്കാലിക കച്ചവട സ്ഥാപനങ്ങള്‍ രജിസ്റ്റർ ചെയ്യിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ട്. സൗജന്യ ഭക്ഷണം വിതരണം ചെയ്യുന്ന ഏജന്‍സികള്‍ തദ്ദേശഭരണ സ്ഥാപനത്തില്‍നിന്ന് രജിസ്ട്രേഷന് എടുക്കണം. രജിസ്ട്രേഷന് എടുത്ത പ്രദേശത്ത് മാത്രമേ ഭക്ഷണം വിതരണം ചെയ്യാന്‍ പാടുള്ളൂ. അപകട മുന്നറിയിപ്പ് ദിശാബോര്‍ഡുകളില്‍ മലയാളം, തമിഴ്, ഇംഗ്ലീഷ്, തെലുങ്ക് എന്നീ ഭാഷകളില്‍ അറിയിപ്പ് രേഖപ്പെടുത്തണം. രാത്രികാലങ്ങളില്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കാന്‍ ഡി.എം.ഒായോട് ആവശ്യപ്പെട്ടു. മാലിന്യ സംസ്ക്കരണം കാര്യക്ഷമമാക്കുന്നതിന് ശുചിത്വമിഷനും തദ്ദേശ ഭരണസ്ഥാപനങ്ങളും പദ്ധതി ആവിഷ്കരിക്കണമെന്നും കലക്ടര്‍ നിർദേശിച്ചു.
ആരോഗ്യവകുപ്പ് വൈദ്യസഹായമൊരുക്കും
വിശ്രമകേന്ദ്രം, ശുചിമുറി, എന്നിവ തദ്ദേശ സ്ഥാപനം സജ്ജീകരിക്കണം. കുടിവെള്ള സൗകര്യം ജലഅതോറിറ്റി ഒരുക്കും. ആരോഗ്യ വകുപ്പ് വൈദ്യസഹായം നല്‍കും. പീരുമേട് തഹസില്‍ദാര്‍ക്കാണ് ഏകോപന ചുമതല. നവംബര്‍ 15നകം ഗതാഗതത്തിന് തടസ്സമായി പൊതുമരാമത്ത് റോഡിലേക്ക് നീളുന്ന വൃക്ഷത്തലപ്പുകള്‍ വെട്ടിമാറ്റുമെന്ന് റോഡ്സ് വിഭാഗം എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ജാഫർഖാന്‍ അറിയിച്ചു. വഴിവിളക്കുകള്‍ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് വൈദ്യുതി ബോര്‍ഡ് യോഗത്തില്‍ അറിയിച്ചു. പൊലീസ് വിന്യാസം പൂര്‍ത്തിയായിട്ടുണ്ടെന്നും അസ്ക ലൈറ്റ് പോലുള്ള അടിയന്തര സുരക്ഷ ഉപകരണങ്ങള്‍ പ്രവര്‍ത്തനസജ്ജമാക്കിയിട്ടുണ്ടെന്നും പൊലീസ് സ്പെഷല്‍ ബ്രാഞ്ച് പ്രിതിനിധി യോഗത്തില്‍ അറിയിച്ചു. വണ്ടിപ്പെരിയാര്‍, കുമളി, മക്കുഴി എന്നിവിടങ്ങളില്‍ എക്സൈസ് റെയ്ഡ് ആരംഭിക്കും. കുമളി കെ.എസ്.ആര്.ടി.സി എട്ട് ബസുകള്‍ സ്പെഷല്‍ സര്‍വിസ് നടത്തുന്നതിന് സജ്ജമാക്കി. തിരക്കു കൂടുന്നതനുസരിച്ച് കൂടുതല്‍ ബസ് സര്‍വിസ് ആരംഭിക്കുമെന്നും കെ.എസ്.ആര്.ടി.സി പ്രതിനിധി അറിയിച്ചു. ജില്ല മെഡിക്കല്‍ ഓഫിസര്‍മാര്‍, ജില്ലാ സപ്ലൈ ഓഫസര്‍, പൊതുമരാമത്ത് റോഡ്സ്, കെട്ടിട വിഭാഗം മേധാവികള്‍, പൊലീസ്, ബി.എസ്.എന്‍.എൽ, ഡി.ടി.പി.സി, ശുചിത്വ മിഷന് കോഓഡിനേറ്റര്‍, ഫയര്‍ ആൻഡ് റസ്ക്യൂ എന്നിങ്ങനെ വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ മുന്നൊരുക്ക പ്രവര്‍ത്തനം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.