മലങ്കര അണക്കെട്ട്: ബാത്ത് മെട്രിക്കല്‍ സര്‍വേ പഠനം ആരംഭിച്ചു
text_fieldsതൊടുപുഴ: മുട്ടം മലങ്കര ഡാമില്‍ ജലാശയത്തിെൻറ ആഴം അളക്കുന്നതിനും അണ്ടര്‍വാട്ടര്‍ സവിശേഷതകള്‍ മാപ്പ് ചെയ്യുന്നതിനുമുള്ള (ബാത്ത് മെട്രിക്കല്‍ സര്‍വേ) മുന്നൊരുക്ക പഠനം ആരംഭിച്ചു.ജലവിഭവ വകുപ്പിനു കീഴില്‍ പീച്ചിയിലുള്ള കേരള എൻജിനീയറിങ് റിസര്‍ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ് (കേരി) അണക്കെട്ടില്‍ പഠനം നടത്തുക.
ആറു ദിവസത്തിനുള്ളില്‍ പഠനം പൂര്‍ത്തിയാക്കുന്നതിനാണ് ശ്രമം. രണ്ട് അംഗങ്ങളുള്ള എൻജിനീയറിങ് വിഭാഗത്തിെൻറ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം രാവിലെ മുതല്‍ പഠനം ആരംഭിച്ചു. എക്സി. എൻജിനീയർ ഉള്‍പ്പെടെയുള്ള വിദഗ്ധര്‍ വരും ദിവസങ്ങളില്‍ മലങ്കരയിലെത്തും.
ബോട്ടില്‍ ഘടിപ്പിക്കുന്ന മള്‍ട്ടി ബീം എക്കോ സൗണ്ടര്‍ ഉപയോഗിച്ചുള്ള മള്‍ട്ടി-ബീം സര്‍വേയിങ് നടത്തുന്നതിനാണ് നീക്കം. പഠനത്തിനായി പീച്ചിയില്‍നിന്ന് ബോട്ടും മറ്റ് ഉപകരണങ്ങളും മലങ്കര ജലാശയത്തിലെത്തിച്ചിട്ടുണ്ട്. പഠനത്തിെൻറ ഭാഗമായി മലങ്കര ഡാമിെൻറ മുഴുവന്‍ ഭാഗങ്ങളിലും സംഘം ബോട്ടില്‍ സഞ്ചരിക്കും. ഇതിനായി വരും ദിവസങ്ങളില്‍ ഡാമിെൻറ പരമാവധി ശേഷിയായ 42 മീറ്ററിലേക്ക് ജലനിരപ്പ് ഉയര്‍ത്തും.
അണക്കെട്ടിൽ ചളിയും കല്ലും അടിഞ്ഞിട്ടുണ്ടോയെന്ന് പരിശോധിക്കും
1994ല്‍ കമീഷന് ചെയ്ത ഡാമില്‍ ഇതുവരെയും ഇത്തരത്തിലുള്ള പരിശോധന നടത്തിയിട്ടില്ല. ഇക്കാലയളവില്‍ മുന്‍ വര്‍ഷങ്ങളിലെ പ്രളയത്തിലേതു ഉള്‍പ്പെടെ ഉരുള്‍പൊട്ടലുകളിലൂടെയും മറ്റും വന്‍ തോതില്‍ ചളിയും കല്ലും ഡാമില്‍ അടിഞ്ഞിരുന്നു. ഇത് സംഭരണശേഷിയില്‍ കുറവുണ്ടാക്കിയോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ സര്‍വേയിലൂടെ കണ്ടെത്താനാവും.
മണ്ണും ചളിയും ഉള്‍പ്പെടെ അടിഞ്ഞ മാലിന്യം നീക്കം ചെയ്യണമെങ്കിലും പഠനം ആവശ്യമാണ്. ഡാമിെൻറ നിയന്ത്രണ ചുമതലയുള്ള മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പ്രോജക്ട് (എം.വി.ഐ.പി.) അധികൃതരുടെ ആവശ്യപ്രകാരമാണ് ഇപ്പോഴത്തെ പഠനം. മൂലമറ്റം പവര്‍ ഹൗസില്‍നിന്ന് വൈദ്യുതോല്പാദന ശേഷം പുറന്തള്ളുന്ന വെള്ളമാണ് തൊടുപുഴയാറിനു കുറുകെ നിര്‍മിച്ചിരിക്കുന്ന മലങ്കര ഡാമില്‍ പ്രധാനമായും ശേഖരിക്കുന്നത്.
ഇതിനു പുറമെ സമീപ പഞ്ചായത്തുകളിലൂടെ ഒഴുകുന്ന പുഴകളും തോടുകളും വന്ന് പതിക്കുന്നതും മലങ്കര ജലാശയത്തിലേക്കാണ്. ഡാമിെൻറ ആകെ നീളം 460 മീറ്ററും ഉയരം 23 മീറ്ററുമാണ്. ആറ് സ്പില്‍വേ ഗേറ്റുകളുള്ള മലങ്കര ഡാമിെൻറ സംഭരണശേഷി 37 മില്യണ്‍ ക്യുബിക് മീറ്ററാണ്. ജലസേചനം, വൈദ്യുതോൽപാദനം എന്നീ ലക്ഷ്യങ്ങളോടെയാണ് മലങ്കര ഡാം നിര്‍മിച്ചത്.
കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലേക്ക് ഡാമില്‍നിന്നുള്ള ജലവിതരണത്തിനായി 28.337 കി.മീ നീളമുള്ള വലതുകര പ്രധാന കനാലും 37.10 കി.മീ. നീളമുള്ള ഇടതുകര പ്രധാന കനാലും ഉള്‍പ്പെടെ ആകെ 323 കി.മീ. കനാല്‍ ശൃംഖലയുമുണ്ട്. ഇതോടൊപ്പം മലങ്കരയില്‍ മിനിപവര് ഹൗസുമുണ്ട്. 3.5 മെഗാവാട്ടിെൻറ മൂന്ന് ടര്‍ബൈനുകള്‍ ഉപയോഗിച്ച് 10.5 മെഗാവാട്ട് വൈദ്യുതിയാണ് മലങ്കരയില്‍ ഉൽപാദിപ്പിക്കുന്നത്. 2005 ഒക്ടോബര്‍ ആറിനാണ് കെ.എസ്.ഇ.ബിയുടെ ഹൈഡ്രോ ഇലക്ട്രിക് പദ്ധതി നിലവില്‍ വന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.