മലങ്കര, ഇടുക്കി ഡാം ടൂറിസം വികസനം: 182 കോടിയുടെ പദ്ധതിക്ക് അനുമതിയില്ല
text_fieldsമുട്ടം: മലങ്കര ഡാമിന്റെയും ഇടുക്കി ആർച്ച് ഡാമിന്റെയും വികസനത്തിനായി സമർപ്പിച്ച പദ്ധതിക്ക് അനുമതി ലഭിച്ചില്ല. ഉടൻ അനുമതി നൽകുമെന്ന് കേന്ദ്ര ടൂറിസം മന്ത്രി കിഷൻ റെഡ്ഢി ഡീൻ കുര്യാക്കോസ് എം.പിക്ക് 2022 നവംബറിൽ ഉറപ്പ് നൽകിയിരുന്നു. എന്നാൽ, ഇത്തവണ അനുവദിച്ച് വന്നവയിൽ ഇടുക്കി പദ്ധതി ഇല്ല. ജില്ലയിൽ ടൂറിസം ഡെസ്റ്റിനേഷനുകളുടെ ശൃംഖല സൃഷ്ടിക്കാൻ ‘സ്വദേശി ദർശൻ സ്കീമിൽ’ സമർപ്പിച്ച പദ്ധതിയാണ് ഒഴിവാക്കപ്പെട്ടത്.
ഇടുക്കി ലേസർ പവിലിയൻ, നാടുകാണി സ്കൈ വാക്, മലങ്കര ഡാം കൺവെൻഷൻ സെന്റർ, തൊടുപുഴ ടൗൺ സ്ക്വയർ മൂന്നാർ ഹൈഡൽ പാർക്ക്, എന്നീ സ്ഥലങ്ങളിൽ തീർഥാടന ടൂറിസം, ഹെൽത്ത് ആൻഡ് വെൽനസ് ടൂറിസം, ഇവന്റ് ടൂറിസം എന്നീ മേഖലകൾ ഉൾപ്പെടുത്തിയാണ് പ്രസ്തുത പദ്ധതി സമർപ്പിച്ചത്. പദ്ധതിക്ക് അംഗീകാരം ലഭിച്ചിരുന്നേൽ ടൂറിസം ഭൂപടത്തിൽ ജില്ലക്ക് കുതിച്ചുചാട്ടംതന്നെ ഉണ്ടാകുമായിരുന്നു.
കഴിഞ്ഞ യു.ഡി.എഫ് സർക്കാറിന്റെ കാലഘട്ടത്തിൽ പി.ജെ. ജോസഫ് എം.എൽ.എ മുൻകൈ എടുത്ത് സമർപ്പിച്ച റിപ്പോർട്ടാണിത്. പ്രോജക്ട് റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരുന്നത് പ്രധാനമായും അഞ്ച് പദ്ധതികളായിരുന്നു. തൊടുപുഴ നിയോജകമണ്ഡലത്തിലെ മൂന്ന് പദ്ധതികളും ഇടുക്കി നിയോജകമണ്ഡലത്തിലെ ഒരു പദ്ധതിയും ദേവികുളം നിയോജകമണ്ഡലത്തിലെ മറ്റൊരു പദ്ധതിയും. ഇടുക്കി ജില്ലയുടെ ടൂറിസം രംഗത്ത് ഒരു കുതിച്ചുചാട്ടം കൈവരിക്കാൻ ഉതകുന്ന ഒരു ബ്രഹത് പദ്ധതിയായി വിഭാവനം ചെയ്തിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.