മാളിയേക്കൽ കോളനി ഉരുൾപൊട്ടലിന് രണ്ട് വയസ്സ്; വീട് നഷ്ടപ്പെട്ടവർ ഇപ്പോഴും ഒറ്റമുറി കെട്ടിടത്തിൽ
text_fieldsകുടയത്തൂർ: ഒരു കുടുംബത്തിലെ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ ഉരുൾപൊട്ടലിന് രണ്ട് ആണ്ട്. 2022 ആഗസ്റ്റ് 29ന് പുലർച്ചമൂന്നിനാണ് സംഗമം കവലക്ക് സമീപം മാളിയേക്കൽ കോളനിയിൽ ഉരുൾപൊട്ടിയതും ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചതും.
ചിറ്റടിച്ചാലിൽ സോമൻ (53), മാതാവ് തങ്കമ്മ (80) ഭാര്യ ഷിജി (50), മകൾ - ഷിമ (30), ഷിമയുടെ മകൻ ദേവാക്ഷിത് (5) എന്നിവരാണ് മരിച്ചത്. ഇവർ താമസിച്ചിരുന്ന വീടിന് സമീപത്തെ മലയിൽനിന്ന് ഉരുൾപൊട്ടി താഴേക്ക് പതിക്കുകയായിരുന്നു. വെള്ളവും മണ്ണും കുത്തിയൊലിച്ചെത്തി വീട് പൂർണമായും തകർന്നടിഞ്ഞു.
പുലർച്ചെയായിരുന്നതിനാൽ വെളിച്ചക്കുറവ് മൂലം നാട്ടുകാർ ടോർച്ചും മറ്റുമായി ആദ്യഘട്ട രക്ഷാപ്രവർത്തനം നടത്തി. ഉരുൾപൊട്ടിയതോടെ പ്രദേശത്തെ വൈദ്യുതി ബന്ധം തകർന്നത് രക്ഷാപ്രവർത്തനത്തിന് തടസ്സമായി.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കാഞ്ഞാർ പൊലീസും മൂലമറ്റത്ത് നിന്നുള്ള അഗ്നിരക്ഷ സേനയും സ്ഥലത്തെത്തി തിരച്ചിൽ പങ്കെടുത്തു. ആദ്യ ഘട്ട തിരച്ചിലിൽ തന്നെ തങ്കമ്മയുടെ മൃതദേഹം ലഭിച്ചു. മണ്ണും കല്ലും മറ്റും കുത്തിയൊലിച്ച് പ്രദേശമാകെ തകർന്നടിഞ്ഞിരുന്നു. അഞ്ച് മണിക്കൂർ നേരത്തെ തിരച്ചിലിനൊടുവിലാണ് എല്ലാവരുടെയും മൃതദേഹം കണ്ടെടുത്തത്. പ്രദേശവാസികൾ ഇപ്പോഴും ആ ദുരന്തത്തിന്റെ ഓർമകളിൽ നിന്നും മോചിതരായിട്ടില്ല.
പാറയിൽ തട്ടി രണ്ടിടങ്ങളിൽ ഉരുൾ വഴിമാറിയതിനാലാണ് വൻ ദുരന്തം ഒഴിവായത്. 50ലേറെ കുടുംബങ്ങളാണ് കോളനിയിൽ താമസിക്കുന്നത്.
അന്ന് വീട് നഷ്ടപ്പെട്ട ഷാജിത ഇപ്പോഴും താമസിക്കുന്നത് ബ്ലോക്ക് പഞ്ചായത്തിന്റെ ഒറ്റമുറി കെട്ടിടത്തിലാണ്. പലതവണ ജനപ്രതിനിധികളെയും മറ്റും കണ്ട് ഇവർക്ക് ഒരുവീട് നിർമിച്ചുനൽകണമെന്ന് ആവശ്യപ്പെട്ടെങ്കിലും നടപടി ഉണ്ടായിട്ടില്ല. കോളനിയുടെ മുകളിൽ അപകടാവസ്ഥയിൽ നിൽക്കുന്ന പാറക്കൂട്ടങ്ങൾ പൊട്ടിച്ചുനീക്കിയതിനാൽ അപകടസാധ്യത കുറഞ്ഞു. മൂന്ന് വിദ്യാർഥികളടക്കം ആറ് പേരാണ് ഇപ്പോൾ ഒറ്റമുറി കെട്ടിടത്തിൽ താമസിക്കുന്നത്.
ഇവർ താമസിച്ചിരുന്ന വീടിരുന്ന സ്ഥലം വാസയോഗ്യമല്ലെന്ന് കണ്ടെത്തിയെങ്കിലും പകരം ഭൂമിയോ സ്ഥലമോ നൽകാൻ സർക്കാർ ഏജൻസികൾ തയാറായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.