അപകട മേഖലയായി മാമൂട്
text_fieldsനെടുങ്കണ്ടം: തൂക്കുപാലം, പുളിയന്മല റോഡിൽ സന്യാസിയോടക്ക് സമീപം മാമൂട് കേന്ദ്രീകരിച്ച് വാഹനാപകടങ്ങൾ പതിവാകുന്നു. കഴിഞ്ഞദിവസം പൊലീസ് ഉദ്യോഗസ്ഥന്റെ കാർ മറിഞ്ഞതാണ് ഏറ്റവും ഒടുവിലെ അപകടം. കാർ ഓടിച്ചിരുന്ന പൊലീസുകാരന് നിസ്സാര പരിക്കേറ്റു. അപകടം തുടർക്കഥയാവുകയും പരാതിയേറുകയും ചെയ്തപ്പോൾ പൊതുമരാമത്ത് വകുപ്പ് സ്ഥലത്ത് റിബൺ വലിച്ചുകെട്ടി തടിയൂരി. എന്നാൽ, അപകട കാരണം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഏതാനും ദിവസം മുമ്പ് രാമക്കൽമേട് വിനോദസഞ്ചാര കേന്ദ്രത്തിലെത്തിയ സഞ്ചാരികളുടെ വാഹനം കലുങ്കിനു മുകളിൽ തലകീഴായി മറിഞ്ഞു.
റോഡ് നവീകരിച്ചശേഷം ഈ പ്രദേശത്ത് അപകടങ്ങൾ വർധിച്ചിട്ടുള്ളതായി പ്രദേശവാസികൾ പറയുന്നു. പല വാഹനങ്ങളും നിയന്ത്രണംവിട്ട് കലുങ്കിന് മുകളിൽ കയറുകയാണ്. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടയിൽ ചെറുതും വലുതുമായി ഡസനോളം അപകടങ്ങളുണ്ടായി. ഡ്രൈവർമാർക്ക് പരിചയമില്ലാത്ത വഴിയും ദിശ ബോർഡുകളുടെ അഭാവുമാണ് അപകടത്തിന് കാരണമെന്ന് പറയപ്പെടുന്നു. അപകട മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കണമെന്ന് നിരവധിതവണ അധികൃതരെ ധരിപ്പിച്ചിട്ടും നടപടി ഉണ്ടായില്ല. ഈ ഭാഗത്ത് ക്രാഷ് ബാരിയറുകളും ഇല്ല.
വളവ് തിരിഞ്ഞെത്തുന്ന വാഹനങ്ങൾ ഈ ഭാഗത്ത് എത്തുമ്പോൾ നിയന്ത്രണംവിട്ട് മറിയുകയാണ്. റോഡ് നിർമാണത്തിലെ അപാകതയാണ് പലരും ചൂണ്ടിക്കാട്ടുന്നത്. ദിനേന നുറുകണക്കിന് വാഹനങ്ങളാണ് പുളിയന്മല തൂക്കുപാലം റോഡിലൂടെ രാമക്കൽമേട് വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് മാത്രം എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.