മണപ്പാടി ചപ്പാത്ത് അപകടാവസ്ഥയിൽ; റിബൺ കെട്ടി ‘സുരക്ഷ’ ‘കരുതലുമായി’ അധികൃതർ
text_fieldsമൂലമറ്റം: അപകടാവസ്ഥയിലായ മണപ്പാടി ചപ്പാത്ത് പുനർനിർമിക്കാൻ നടപടി വേണമെന്ന് നാട്ടുകാർ.
മണപ്പാടി, പുത്തേട്, കണ്ണിക്കൽ, മൂന്നുങ്കവയൽ പ്രദേശത്തുള്ളവർ മണപ്പാടി ചപ്പാത്ത് കടന്നാണ് മറുകര എത്തുന്നത്. ചപ്പാത്ത് അപകടത്തിലായിട്ട് കാലങ്ങളായെങ്കിലും ഇത് ബലപ്പെടുത്താൻ പൊതുമരാമത്ത് നടപടി എടുത്തിരുന്നില്ല. വീണ്ടും മഴക്കാലം തുടങ്ങിയതോടെ കൂടുതൽ ബലക്ഷയത്തിലായി. കഴിഞ്ഞ ദിവസങ്ങളിലെ മലവെള്ളപ്പാച്ചിലിൽ ചപ്പാത്തിന്റെ തൂണുകൾക്ക് വീണ്ടും ബലക്ഷയമുണ്ടായി. ഏതു സമയവും നിലംപൊത്താമെന്ന അവസ്ഥയിലാണ്. ഒരു മഴക്കാലം കൂടി ചപ്പാത്ത് അതിജീവിക്കില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഇതിനിടെ പാലത്തിൽ ഗർത്തം രൂപപ്പെട്ടതോടെ പൊതുമരാമത്ത് ഉദ്യോഗസ്ഥരെത്തി സുരക്ഷാ ബോർഡ് സ്ഥാപിച്ച് റിബൺ കെട്ടി മടങ്ങി. ചെറുവാഹനങ്ങൾ കഷ്ടപ്പെട്ടാണ് ഇപ്പോൾ ചപ്പാത്തിലൂടെ കടന്നുപോകുന്നത്.
മണപ്പാടി ചപ്പാത്തിന് മേൽഭാഗത്ത് ഉണ്ടായിരുന്ന ചെക്ക്ഡാം കഴിഞ്ഞ പെരുമഴയിൽ അപകടാവസ്ഥയിലായതിനെ തുടർന്ന് പൊളിച്ചു നീക്കിയിരുന്നു. ഇതോടെ മലവെള്ളപ്പാച്ചിലിന് ശക്തി കൂടി. കണ്ണിക്കൽ, കൂവപ്പള്ളി വാർഡുകളിലെ ആളുകൾ മൂലമറ്റത്ത് എത്തുന്ന റോഡിലാണ് ചപ്പാത്ത്. ചപ്പാത്ത് തകർന്നാൽ പ്രദേശത്തുള്ളവർ 15 കിലോമീറ്റർ ചുറ്റി വേണം മൂലമറ്റത്ത് എത്താൻ. എത്രയും വേഗം ചാപ്പാത്ത് പൊളിച്ചുനീക്കി പകരം സംവിധാനം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.